
പതിനേഴോളം ഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് പ്രദർശനത്തിനെത്തിയിട്ടും സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് വിരുദ്ധ പ്രചരണം ശക്തമാണ്. രാജമൗലി സംവിധാനം ചെയ്യുന്ന എസ്.എസ്.എം.ബി 29ല്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കണമെന്ന തരത്തിൽ പോലും ആവശ്യങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ ഒരു വിഭാഗം ദിലീപ് വിഷയവും എടുത്തിടുന്നുണ്ട്. പ്രമുഖ സംഘപരിവാർ അനുകൂല പേജുകള്‍ അടക്കം ദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ് ആണ് എന്ന തരത്തിലുള്ള പ്രചരണമാണ് അഴിച്ചുവിടുന്നത് . ‘ദിലീപ് ഓണ്‍ലൈന്‍’ എന്ന ദിലീപ് ആരാധകകൂട്ടായ്മയുടെ ഫേസബുക്ക് പേജിന് കീഴെ വരുന്ന കമന്റുകളിലും ഇത്തരം ചർച്ചകള്‍ നടക്കുന്നുണ്ട്. പൃഥ്വിരാജിന് ദിലീപിന്റെ ശാപമാണ് എന്നാണ് ദിലീപ് ആരാധകരുടെ വാദം.
പൃഥ്വിരാജ് മലയാള സിനിമയില്‍ ഉയർന്ന് വരുന്ന സമയത്ത് അദ്ദേഹത്തെ ഒതുക്കാന്‍ ദിലീപ് നോക്കിയെന്ന പ്രചരണം തുടക്കം മുതല്‍ തന്നെ സിനിമാ ലോകത്തുണ്ട്. ‘പൃഥ്വിരാജ് നായകൻ ആയി ഉണ്ടെങ്കിൽ വേറെ ആരും അഭിനയിക്കരുത് എന്ന് വിലക്കിയിട്ടുണ്ട് അമ്മ. അതിന്റെ പുറകിൽ ദിലീപ് ആണോ എന്നറിയില്ല. പക്രു നായകൻ എന്ന് പറഞ്ഞാണ് വിനയൻ എല്ലാവരെയും അത്ഭുത ദ്വീപിലേക്ക് കൊണ്ടു വന്ന് ആ വിലക്ക് പൊട്ടിച്ചത്’ എന്നാണ് ഒരു സിനിമ പ്രേക്ഷകന് അഭിപ്രായപ്പെടുന്നത്.
‘തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമക്ക് അഡ്വാന്‍സ് വാങ്ങിയ ദിലീപ് പിന്നെ ഡേറ്റ് പ്രശ്നം വന്ന് ഷൂട്ട് നീണ്ടു പോകുകയും പിന്നീട് പടം ഡ്രോപ്പുമായി. അപ്പൊ വിനയന്റെ നേതൃത്വത്തിൽ ഉള്ള മാക്ട ഫെഡറേഷന് അഡ്വാന്‍സ് വാങ്ങുന്ന നടൻമാർ എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകണം എന്ന് പറഞ്ഞു. അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാൾ പ്രിഥ്വിരാജ് ആണ്. അതിന് ശേഷം ആണ് പ്രിഥ്വിക്ക് അപ്രഖ്യാപിത വിലക്ക് വരുന്നതും. പിന്നീട് വിനയന്റെ സത്യം അത്ഭുതദ്വീപ് ഒക്കെ ചെയ്താണ് പ്രിഥ്വി തിരിച്ചു വന്നത്’ എന്ന് മറ്റൊരാളും ചൂണ്ടിക്കാട്ടുന്നു.
ആദ്യം കുഞ്ചാക്കോ ബോബന് പിന്നെ പൃഥ്വി, ഇവർ രണ്ടുപേരും മാത്രമാണ് ദിലീപിന് വളർച്ചയിൽ ഒരു വെല്ലുവിളി ഉയർത്തിയത്. രണ്ട് പേർക്കും പുള്ളി ചില്ലറ പണികളും വെച്ച് കൊടുത്തിട്ടുണ്ട്, അവസരം വന്നപ്പോൾ അവർ തിരിച്ചും ചെക്ക് വെച്ചു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിലീപിൻ്റെ എതിർ വശത്ത് നിൽക്കുന്നു എന്ന് പറയപ്പെടുന്ന നടീ നടന്മാർ എല്ലാം സ്ഥിരം ഒരുമിച്ച് ഫോട്ടോ ഒന്നും ഇടാറില്ലെങ്കിലും ഇടക്കിടെ ഒത്തു കൂടുകയും നല്ല ബന്ധം പരസ്പരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് – മറ്റൊരു പ്രേക്ഷകന് കുറിക്കുന്നു.
ദിലീപിന് കേസ് ആയതോട് കൂടിയാണ് പൃഥ്വിയുടെ കരിയർ ഗ്രാഫ് ഉയർന്നത്. ഒരു പക്ഷെ ദിലീപ് പഴയ ഫോമിൽ ആയിരുന്നേൽ പൃഥ്വി ഇന്ന് സിനിമയിൽ കാണില്ലായിരുന്നു എന്നുപോലും തോന്നാറുണ്ട്. അവസരം കിട്ടിയപ്പോൾ എല്ലാം പൃഥ്വി ദിലീപ്ന് എതിർ ആയിരുന്നു. കിട്ടിയ അവസരം പൃഥ്വി മുതലാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും രണ്ടുപേരും ഇന്നും തികച്ചും അന്യരെ പോലെ സിനിമയിൽ നിലകൊള്ളുന്നുവെന്ന രീതിയിലുള്ള അഭിപ്രായവും ശക്തമായിരിക്കുമ്പോഴാണ് വീണ്ടും ദിലീപിന്റെ വിഷയം ആരാധകർ എടുത്തിടുന്നത്.