68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനായി സൂര്യയും നടിയായി അപര്‍ണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടന്‍. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്‌കാരം നേടി.
2020ല്‍ പുറത്തിറങ്ങിയ 295 ഫീച്ചര്‍ സിനിമകളും 105 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നിര്‍മാതാവും സംവിധായകനുമായ വിപുല്‍ ഷാ ആയിരുന്നു ജൂറി ചെയര്‍മാന്‍. അനൂപ് രാമകൃഷ്ണന്‍ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖില്‍ എസ് പ്രവീണ്‍ മികച്ച നോണ്‍ ഫീച്ചര്‍ സിനിമ ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി. ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റിനുള്ള പുരസ്‌കാരം മധ്യപ്രദേശ് നേടി. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഈ വിഭാഗത്തില്‍ പ്രത്യേര പരാമര്‍ശം നേടി. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് ഈ പുരസ്‌കാരങ്ങള്‍ തിരഞ്ഞെടുത്തത്.