‘പത്രോസിന്റെ പടപ്പുകള്‍’ തിയേറ്ററുകളിലെത്തിയിരിക്കുന്നു. മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകള്‍ ‘. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതിയ ചിത്രം എന്ന പ്രത്യേകതയുണ്ടായിരുന്നു പത്രോസിന്റെ പടപ്പുകള്‍ക്ക്. അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം കോമഡിയുടെ അകമ്പടിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ശ്രമമാണ് നടത്തിയത്. പത്രോസിന്റെ കുടുംബമാണ് ചിത്രത്തിന്റെ പ്രമേയം. യാതൊരു വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമില്ലാത്ത മക്കളുണ്ടാക്കുന്ന ഗുലുമാലുകള്‍ മാത്രമാണ് ചിത്രത്തിന്റെ തിരക്കഥയ്ക്കാധാരം. ഈ കഥാപശ്ചാതലത്തിലേക്ക് കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു പ്രണയം കൂടെ ചേരുന്നതോടെ പത്രോസിന്റെ പടപ്പുകള്‍ പൂര്‍ണ്ണമായി.
കോമഡിയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയെടുക്കുന്ന സന്ദര്‍ഭങ്ങള്‍ ചേര്‍ത്ത് വെച്ചാല്‍ സിനിമയാകില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ മാത്രം ചേര്‍ത്ത് വെച്ച് സ്‌കിറ്റില്‍ നിന്ന് സ്‌കിറ്റിലേക്കെന്ന പോലെ പ്രേക്ഷകനെ കൊണ്ടുപോവുകയായിരുന്നു ചിത്രം. ചിത്രത്തിലെ തന്നെ ഒരു ഡയലോഗ് കടമെടുത്താല്‍ എപ്പോള്‍ എത്തുന്നുവെന്നതിലല്ല നമ്മള്‍ എവിടെയാണ് എത്തുന്നത് എന്നതിലാണ് കാര്യം. അങ്ങിനെ നോക്കുമ്പോള്‍ ചിത്രം തുടങ്ങിയ പശ്ചാതലത്തില്‍ നിന്ന് കുറേ ബഹളങ്ങളൊഴിച്ച് നിര്‍ത്തിയാല്‍ തിയേറ്ററില്‍ നിന്നിറങ്ങി വരുമ്പോള്‍ പ്രേക്ഷകന് നിരാശയാണ് ഫലം. പലപ്പോഴും കോമഡി കൗണ്ടറുകളുടെ തമ്മില്‍ തല്ല് പല നല്ല തമാശകളേയും നശിപ്പിച്ചു. തിയേറ്ററില്‍ ചിരി വീഴാതെ പോയ കൗണ്ടറുകളുടെ മാലപടക്കം തന്നെയുണ്ട്. ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, സുരേഷ് കൃഷ്ണ, തുടങ്ങീ മികച്ച ഒരു താരനിരയുണ്ടായിട്ടും കഥയില്ലാത്തവരുടെ കഥ പറച്ചിലായി പോയി സിനിമ. അതേ സമയം തമാശയ്ക്ക് വക നല്‍കുന്ന കഥാപാത്ര സൃഷ്ടിയും തമാശകളുമെല്ലാം സിനിമയിലുണ്ട് അത്തരം രംഗങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്.
വിഷയദാരിദ്ര്യത്തെ മറികടക്കാന്‍ ആവര്‍ത്തന വിരസതയെയും കോമഡിയെയും ആശ്രയിച്ചിടത്താണ് തിരക്കഥയ്ക്ക് പാളിയത്. ഷൈനി, പിന്നെ മുത്തശ്ശിയായെത്തിയ താരം, രഞ്ജിത മേനോന്‍ തുടങ്ങി താരങ്ങളുടെ പ്രകടനമെല്ലാം നന്നായിരുന്നു. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയെ താരങ്ങളുടെ പ്രകടനത്താലാണ് സംവിധായകന്‍ പലപ്പോഴും മറികടന്നത്. ജയേഷ് മോഹന്റെ ഛായാഗ്രഹണം നന്നായപ്പോള്‍ ജേക്‌സ് ബിജോയിയുടെ സംഗീതം അത്ര മികച്ചതായി തോന്നിയില്ല. ഒരു ആവറേജ് സിനിമാ അനുഭവം എന്ന പ്രതീക്ഷയുമായി പോയാല്‍ കണ്ടിരിക്കാം പത്രോസിന്റെ പടപ്പുകള്‍.