നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതില്‍ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.
കേസില്‍ മറ്റൊരു സുപ്രധാന ഇടപെടലും ഹൈക്കോടതി നടത്തി. കേസില്‍ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ സമീപകാലത്ത് രാജി സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിര്‍ദ്ദേശം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. വീട് ചാടി കടന്ന് ഉള്‍പ്പെടെയാണ് ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വസതിയിലെത്തിയത്. കേസില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വി.ഐ.പി യെ സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.