ആലപ്പി രംഗനാഥിന്റെ തിരക്കഥയില്‍ യേശുദാസിന്റെ സംവിധാനം

','

' ); } ?>

അന്തരിച്ച ഗാന രചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ ജീവിത കഥയുമായി ബന്ധപ്പെട്ട് സംഭവം അനുസ്മരിക്കുകയാണ് എഴുത്തുകാരനും ഗാനനിരൂപകനുമായ രവി മേനോന്‍. ആലപ്പി രംഗനാഥിന്റെ കഥയില്‍ യേശുദാസ് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് (അതിശയരാഗത്തില്‍ നിന്ന്) എന്ന പുസ്തകത്തില്‍ ഉള്ളത്. ഈ ഭാഗം ഫേസ്ബുക്കിലൂടെയാണ് രവി മേനോന്‍ പങ്കുവെച്ചിട്ടുള്ളത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

ആലപ്പി രംഗനാഥിന്റെ തിരക്കഥയില്‍ യേശുദാസിന്റെ സംവിധാനം

പാട്ടുകാരനായ യേശുദാസ്, സംഗീതസംവിധായകനായ യേശുദാസ്, അഭിനേതാവായ യേശുദാസ്, ഓഡിയോ കാസറ്റ് വ്യവസായിയായ യേശുദാസ്, കോളമെഴുത്തുകാരനായ യേശുദാസ്, പ്രാസംഗികനും സാംസ്‌കാരികപ്രവര്‍ത്തകനുമായ യേശുദാസ് ഈ മുഖങ്ങളെല്ലാം പതിറ്റാണ്ടുകളായി മലയാളിക്ക് സുപരിചിതം. വിധി ഇടപെട്ടത് കൊണ്ട് മാത്രം ഈ പട്ടികയില്‍ ഇടം നേടാതെ പോയ മറ്റൊരു യേശുദാസുണ്ട്. സിനിമാ സംവിധായകനായ യേശുദാസ്. ശീതീകരിച്ച റെക്കോര്‍ഡിംഗ് മുറിയുടെ ഏകാന്തനിശബ്ദതയില്‍ മൈക്രോഫോണിനു മുന്നില്‍ നിന്ന് രാവും പകലുമെന്നില്ലാതെ പാടി ശീലിച്ച ഗായകന്‍, ഒരു സുപ്രഭാതത്തില്‍ ക്യാമറക്ക് പിന്നില്‍ നിന്ന് ആക്ഷനും കട്ടും പറയുന്ന സംവിധായകനായി മാറുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കുക. നെടുമുടി വേണുവിനെയും ജഗതി ശ്രീകുമാറിനെയും പോലുള്ള പ്രതിഭാധനരായ നടന്മാര്‍ക്ക് ചുറുചുറുക്കോടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍.

ഇനി യേശുദാസ് സംവിധാനം ചെയ്യാനിരുന്ന പടങ്ങളുടെ പേര് കൂടി കേള്‍ക്കുകട പ്രിയസഖിക്കൊരു ലേഖനം, ശ്രുതിലയം. ആദ്യത്തെ പടത്തിന്റെ കഥയും തിരക്കഥയും ആലപ്പി രംഗനാഥിന്റേത്. രണ്ടാമത്തേതിന്റെ ആശയം യേശുദാസിന്റേതു തന്നെ. ആദ്യത്തേത് സംഗീതസാന്ദ്രമായ പ്രണയകഥയായിരുന്നെങ്കില്‍ രണ്ടാമത്തെത് സാക്ഷാല്‍ ഷഡ്കാല ഗോവിന്ദമാരാരെ കേന്ദ്രകഥാപാത്രമാക്കി ചരിത്രത്തിനും ഭാവനയ്ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സംഗീതചിത്രം. കാസ്റ്റിങ്ങും പുതുമുഖ നായികാനായകരുടെ ക്യാമറാ ടെസ്റ്റും ഗാനങ്ങളുടെ റെക്കോര്‍ഡിംഗും കഴിഞ്ഞ ശേഷമാണ് പ്രിയസഖിക്കൊരു ലേഖനം ഉപേക്ഷിക്കപ്പെട്ടത്. ശ്രുതിലയം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും. എഴുപതുകളുടെ അവസാനം കാഞ്ഞിരപ്പുഴയില്‍ നിന്ന് തുടങ്ങുന്നു ആദ്യത്തെ പടത്തിന്റെ കഥ. ഗാന രചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ ജീവിത കഥയിലെ നിര്‍ണായകമായ ഒരു അദ്ധ്യായം കൂടിയാണ് നടക്കാതെ പോയ ആ ചിത്രം. കാഞ്ഞിരപ്പുഴ എ കെ ജെ എം സ്‌കൂളില്‍ സംഗീത അധ്യാപകനാണ് അന്ന് രംഗനാഥ്. സംഗീതക്കച്ചേരികളും നൃത്ത പരിപാടികളും (നല്ലൊരു നര്‍ത്തകനും നൃത്താധ്യാപകാനും കൂടിയാണ് രംഗനാഥ്) നാടകമെഴുത്തും പാട്ടെഴുത്തും ഒക്കെയായി കലാരംഗത്ത് സജീവം. ആ നാളുകളിലെന്നോ, കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ച കലാരസികനായ ഗോപാലനുമായി രംഗനാഥ് പരിചയപ്പെടുന്നു. സംഗീതത്തിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ താല്പര്യമുള്ള ഗോപാലന് കലാമൂല്യമുള്ള ഒരു പടമെടുക്കാന്‍ മോഹം. നിര്‍മാണപങ്കാളിയായി ചിറയന്‍കീഴുകാരന്‍ സുഹൃത്ത് ഷാജഹാനും ഉണ്ട്. രംഗനാഥ് ഒരു കഥ പറഞ്ഞു. രാധാകൃഷ്ണ സങ്കല്‍പ്പത്തിന്റെ പശ്ചാത്തലത്തിലുള്ള, ആത്മീയതയും ഭൗതികതയും ഇഴചേര്‍ന്ന ഒരു ആധുനിക പ്രണയകഥ.

ഗോപാലന്‍ സാറിന് കഥ ഇഷ്ടമായി. പടത്തിന്റെ സംവിധാനം ആരെ ഏല്‍പ്പിക്കണം എന്നതായി അടുത്ത ചോദ്യം. രംഗനാഥ് ഒരു നിര്‍ദേശം മുന്നോട്ടുവക്കുന്നു. സംഗീത പ്രധാനമായ ചിത്രമല്ലേ? നമുക്ക് ഇത് യേശുദാസിനെ കൊണ്ട് സംവിധാനം ചെയ്യിക്കാം. കേട്ടിരുന്നവരില്‍ ചിലര്‍ക്കെങ്കിലും അത് ഒരു ഭ്രാന്തന്‍ ആശയമായി തോന്നിയിരിക്കണം. വിവിധ ഭാഷകളിലെ റെക്കോര്‍ഡിംഗുകളും ഗാനമേളകളും കച്ചേരികളും വിദേശയാത്രകളുമായി യേശുദാസിന് ശ്വാസം വിടാന്‍ പോലും സമയമില്ലാത്ത കാലം. സിനിമ കാണുന്ന ശീലം പോലുമില്ല അദ്ദേഹത്തിന്. ഇതിനിടക്ക് എവിടെ സംവിധാനം ചെയ്യാനുള്ള സാവകാശം. പക്ഷെ രംഗനാഥ് സീരിയസ് ആയിരുന്നു, അങ്ങേയറ്റം. ദാസേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെ ആയിരിക്കും നമ്മുടെ പടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം, അദ്ദേഹം പറഞ്ഞു. യേശുദാസുമായുള്ള രംഗനാഥിന്റെ പരിചയത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. യേശുദാസ് സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന കാലത്താണ് മികച്ച രണ്ടാമത്തെ നാടക സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രംഗനാഥിനെ തേടി വരുന്നത്. നാടകം ‘കവിത’. (ഒന്നാം സ്ഥാനം അര്‍ജുനന്‍ മാസ്റ്റര്‍ക്കായിരുന്നു). അവാര്‍ഡ് സ്വീകരണ വേളയില്‍ തുടങ്ങിയ അടുപ്പം വര്‍ഷങ്ങളിലൂടെ വളര്‍ന്നു. ആ നാടകത്തിലെ രണ്ടു മൂന്നു പാട്ടുകള്‍ ദാസേട്ടനെ കൊണ്ട് പാടിച്ച് എച്ച് എം വി റെക്കോര്‍ഡ് ആയി പുറത്താക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. പതീക്ഷിക്കാതെ വന്നുപെട്ട ചില തിരക്കുകള്‍ മൂലം അദ്ദേഹത്തിന് അവ പാടാന്‍ പറ്റിയില്ല. പകരം സി എല്‍ ജോസിന്റെ കാനല്‍ജലം ഉള്‍പ്പെടെയുള്ള മറ്റു ചില നാടകങ്ങളിലെ ഗാനങ്ങളാണ് റെക്കോര്‍ഡ് ചെയ്തത്. ജയചന്ദ്രന്റെയും പി ലീലയുടെയും ശബ്ദത്തില്‍. ജയചന്ദ്രന്‍ പാടിയ ആത്മസഖീ ആത്മസഖീ, കാമിനിമാരെ സൂക്ഷിച്ചോളൂ തുടങ്ങിയ ഗാനങ്ങള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പാട്ടുകള്‍ എഴുതിയതും ചിട്ടപ്പെടുത്തിയതും ഞാന്‍ തന്നെയെന്ന് ംഗനാഥ് പറഞ്ഞു. ആദ്യഗാനങ്ങള്‍ പാടിയ ജയചന്ദ്രന്‍ തന്നെ സിനിമയിലെ തന്റെ ആദ്യ ഗാനവും (ജീസസ് എന്ന ചിത്രത്തിലെ ഓശാന) പാടണമെന്നതും രംഗനാഥിന്റെ ആഗ്രഹസാക്ഷാല്‍ക്കാരമായിരുന്നു.

ആറു വര്‍ഷം നീണ്ട ചെന്നൈ വാസത്തിനു ശേഷം രംഗനാഥ് നാട്ടില്‍ മടങ്ങിയെത്തുന്നു. പിതാവിന്റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്ന് കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നതാണ് തിരിച്ചുവരവിനു കാരണം. താമസിയാതെ കാഞ്ഞിരപ്പുഴ സ്‌കൂളില്‍ അധ്യാപകനായി ജോലിയും കിട്ടി. ഔദ്യോഗിക വൃത്തിയോടൊപ്പം നൃത്തത്തിലും കച്ചേരികളിലെ മൃദംഗവായനയിലും നാടകരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ച് തിരക്കില്‍ മുഴുകിക്കഴിഞ്ഞ ആ നാളുകളിലാണ് ഗോപാലന്‍ സാറിനെ പരിചയപ്പെടുന്നത്. രംഗനാഥിന്റെ ജീവിതത്തില്‍ വഴിത്തിരിവായ കൂടിക്കാഴ്ച. ിര്‍മാതാക്കളായ ഗോപാലനേയും ഷാജഹാനെയും കൂട്ടി രംഗനാഥ് യേശുദാസിനെ കാണാന്‍ തരംഗിണി സ്റ്റുഡിയോയില്‍ എത്തുന്നു. സംവിധായകനാകാനുള്ള ക്ഷണം കേട്ട് യേശുദാസ് ആദ്യം ഒന്നമ്പരന്നത് സ്വാഭാവികം. അമ്പരപ്പ് പെട്ടെന്ന് കൗതുകത്തിന് വഴിമാറി. അര്‍ത്ഥഗര്‍ഭമായ പുഞ്ചിരിയോടെ യേശുദാസ് അന്ന് ചോദിച്ച ചോദ്യം മറന്നിട്ടില്ല രംഗനാഥ്, പാരയാണല്ലേ?. വലിയ കുഴപ്പമില്ലാതെ പാട്ടും പാടി ജീവിച്ചു പോകുന്ന തന്നെ സംവിധാനത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ എന്ന ധ്വനി ഉണ്ടായിരുന്നു ആ ചോദ്യത്തില്‍. പക്ഷെ, സിനിമയുടെ കഥ കേട്ടപ്പോള്‍ യേശുദാസിന്റെ ഭാവം മാറി. സംവിധാനം ചെയ്യാം. പക്ഷെ ഒരു ഉപാധിയുണ്ട്, അദ്ദേഹം പറഞ്ഞു. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങള്‍ ആയിരിക്കണം. നിര്‍മാതാക്കള്‍ക്കും സംവിധായകനും പൂര്‍ണ്ണ സമ്മതം. തൊട്ടടുത്ത ദിവസം തന്നെ പടത്തിലെ രണ്ടു ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് തരംഗിണിയില്‍ നടന്നു. ആലപ്പി രംഗനാഥ് എഴുതി ചിട്ടപ്പെടുത്തി യേശുദാസ് പാടിയ ശീര്‍ഷകഗാനമാണ് ആദ്യം ആലേഖനം ചെയ്തത്. പ്രിയസഖിയ്‌ക്കൊരു ലേഖനം, എന്റെ പ്രിയതമക്കൊരു ലേഖനം, നിനക്കോര്‍ക്കാന്‍ എന്നെയോര്‍ക്കാന്‍ എഴുതും പ്രിയ ലേഖനം. അത് കഴിഞ്ഞ് ‘ഉദയസംഗീത ധാര’ എന്ന അര്‍ദ്ധ ശാസ്ത്രീയ ഗാനം.

പ്രിയസഖിക്കൊരു ലേഖനത്തിന്റെ ഷൂട്ടിംഗ് നീണ്ടു നീണ്ടു പോയി. ഒടുവില്‍ അത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ടം നടക്കാതെ പോയതിന്റെ പ്രധാന കാരണം എന്റെ തിരക്ക് തന്നെ, യേശുദാസ് പറയുന്നു. നിരാശയോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു രംഗനാഥ്. അപ്പോഴാണ് യേശുദാസിന്റെ നിര്‍ദേശം വരുന്നത്. പോകാന്‍ വരട്ടെ. നിന്നെ ഇവിടെ വേണം. തരംഗിണി സ്റ്റുഡിയോയില്‍ സ്‌ക്രിപ്റ്റ് സ്‌ക്രൂട്ടിനൈസിംഗ് ഓഫിസര്‍ ആയി രംഗനാഥ് ചുമതലയേല്‍ക്കുന്നത് അങ്ങനെയാണ്. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. തരംഗിണി ചലച്ചിത്രേതര ആല്‍ബങ്ങള്‍ പുറത്തിറങ്ങി തുടങ്ങിയിരുന്നു അപ്പോഴേക്കും. പാട്ടിന്റെ വരികള്‍ വായിച്ചു നോക്കി അനുമതി നല്‍കുകയായിരുന്നു രംഗനാഥിന്റെ പ്രധാന ദൗത്യം. ഒപ്പം മികച്ച അഭിപ്രായവും വില്പനയും നേടിയെടുത്ത ചില ആല്‍ബങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനും അദേഹത്തിന് കഴിഞ്ഞു. തരംഗിണി ആദ്യമായി പുറത്തിറക്കിയ ഓണക്കാസറ്റിന്റെ (ഓണം മെലഡീസ് വാല്യം ഒന്ന് – 1981 ) സംഗീതശില്പി രംഗനാഥ് ആയിരുന്നു. ഒ എന്‍ വി രചിച്ച ആ പാട്ടുകള്‍ ഓരോന്നും മലയാളികള്‍ക്ക് വ്യത്യസ്ത അനുഭവമായി. നാലുമണിപ്പൂേ , പറയൂ നിന്‍ ഗാനത്തില്‍, പദേ പദേ ശ്രീ പദ്മദളങ്ങള്‍, എന്റെ ഹൃദയം നിന്റെ മുന്നില്‍..

ജീസസ്സിലൂടെ അരങ്ങേറി ഒരു ദശാബ്ദം കഴിഞ്ഞു ‘ആരാന്റെ മുല്ല കൊച്ചുമുല്ല’യിലാണ് (1984 ) സിനിമാ സംഗീതസംവിധായകന്‍ എന്ന നിലയില്‍ രംഗനാഥിന്റെ രണ്ടാം വരവ്. തരംഗിണിയുടെ ചില്‍ഡ്രന്‍സ് സോംഗ്‌സ് ആല്‍ബത്തില്‍ രംഗനാഥ് ചിട്ടപ്പെടുത്തിയ പാട്ടുകള്‍ കേട്ട് ആകൃഷ്ടനായി അദ്ദേഹത്തെ സ്വന്തം സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍. മധു ആലപ്പുഴ എഴുതിയ ‘ആരാന്റെ മുല്ല’യിലെ ഗാനങ്ങളില്‍ ശാലീന സൗന്ദര്യമേ (യേശുദാസ്), കാട്ടില്‍ കൊടും കാട്ടില്‍ (യേശുദാസ്, ചിത്ര) എന്നിവ ശ്രദ്ധിക്കപ്പെട്ടു. തൊട്ടു പിന്നാലെ വിരലിലെണ്ണാവുന്ന കുറച്ചു ചിത്രങ്ങള്‍ കൂടി. അതിനിടെ പുതുമുഖങ്ങളെ വെച്ച് ഒരു പടം സംവിധാനം ചെയ്യുക കൂടി ചെയ്തു രംഗനാഥ്: അമ്പാടി തന്നിലൊരുണ്ണി. സാഹസികമായ ഒരു പരീക്ഷണമായിരുന്നു. പക്ഷെ പടം ബോക്‌സ് ഓഫിസില്‍ രക്ഷപ്പെട്ടില്ല, രംഗനാഥ് ചിരിക്കുന്നു.
രവിമേനോന്‍ (അതിശയരാഗത്തില്‍ നിന്ന്)