ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്ന് രാജി വെച്ചു. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചത്. ദിലീപിന്റെ കൈവശമാണ് രാജി സമര്‍പ്പിച്ചത്.
മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരയ്ക്കാര്‍ തിയറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുകയെന്നതില്‍ അന്തിമ തീരുമാനം വന്നിട്ടില്ല റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകള്‍ നല്‍കണം എന്നതടക്കമുള്ള നിര്‍മ്മാതാക്കളുടെ ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ ഫിയോക്ക് അടിയന്തര യോഗം ചേര്‍ന്നിരുന്നു. മരക്കാറിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ട പ്രകാരം ഫിലിം ചേംബര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ചേംബര്‍ പ്രസിഡണ്ട് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തിയിരുന്നു. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ മരക്കാര്‍ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഫിയോക്ക് യോഗം. തിയറ്ററില്‍ നിന്നും നേരത്തെ വാങ്ങിയ മുന്‍കൂര്‍ തുക നിര്‍മ്മാതാവ് ഇതിനകം തിരിച്ച് നല്‍കിത്തുടങ്ങിയതോടെ തിയറ്റര്‍ റിലീസ് സാധ്യമാകുമോ എന്ന സംശയം ഫിയോക്ക് പ്രകടിപ്പിച്ചു. അല്ലെങ്കില്‍ ഒടിടിയിലും സമാന്തരമായി തിയറ്ററിലും റിലീസ് ചെയ്യണം. അതിന് പക്ഷെ ഫിയോക്ക് സമ്മതിക്കാന്‍ സാധ്യതയില്ല. തിയറ്റര്‍ റിലീസ് നിര്‍ബന്ധമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍ നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹവും ടൊവിനോ സിനിമ മിന്നല്‍ മുരളിയും ഇതിനകം ഒടിടി റീലീസ് പ്രഖ്യാപിച്ചു. ഒടിടി പോരില്‍ വിവിധി പ്‌ളാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചത് വമ്പന്‍ തുകയാണെന്നാണ് വിവരം. ഇത് മാത്രമല്ല അന്‍പത് ശതമാനം സീറ്റിലെ തിയേറ്റര്‍ റിലീസ് ഗുണം ചെയ്യുമോ എന്ന സംശയവും മരക്കാര്‍ നിര്‍മ്മാതാക്കള്‍ക്കുണ്ട്. ഫിയോക്ക് ആകട്ടെ മരക്കാര്‍ പോലുള്ള ബിഗ് ബജറ്റ് ചിത്രം വഴി തിയറ്ററിലുണ്ടാകാവുന്ന തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.