ഇന്‍ഡോര്‍ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്ന സാഹചര്യതത്തില്‍ മലയാള സിനിമ തെലങ്കാനയിലേക്ക്. മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തെലങ്കാന, തമിഴ്നാട്ട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിവിധ മലയാള സിനിമകളുടെ ഷൂട്ടിംഗ് മാറ്റിയിരിക്കുന്നത്. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് നാളെ ഹൈദരാബാദില്‍ ആരംഭിക്കും.
കേരളത്തില്‍ തന്നെ ഷൂട്ടിംഗ് നടത്താന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ഒരു വഴിയുമില്ലാതെയാണ് അവസാനം ഹൈദരാബാദിലേക്ക് ഷൂട്ടിംഗ് മാറ്റേണ്ടി വന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ബ്രോ ഡാഡി കൂടാതെ ജിത്തൂ ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗും കേരളത്തില്‍ പ്ലാന്‍ ചെയ്തിരുന്നു. ഇതിനായി ഇടുക്കിയില്‍ വലിയൊരു സെറ്റും ഇട്ടു. നിലവിലെ സാഹചര്യത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗും കേരളത്തിന് പുറത്തേക്ക് മാറ്റേണ്ട അവസ്ഥയാണ്.
18 മാസം മുന്‍പ് സെന്‍സര്‍ പൂര്‍ത്തിയായ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ സിനിമ എന്ന് തീയേറ്ററിലെത്തിക്കാനാവും എന്നറിയില്ല. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ അനുമതി കാത്ത് ഒരുപാട് കാത്തിരുന്നു. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സിനിമ മന്ത്രി സജി ചെറിയാനേയും എല്ലാം ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെട്ടു. ചിത്രം ഇന്‍ഡോറായി ഷൂട്ട് ചെയ്യാന്‍ സാധിക്കുമെന്നും അന്‍പത് പേരെ വച്ചെങ്കിലും ഷൂട്ട് തുടങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നിട്ടും ഒരു തീരുമാനം വരാത്ത സാഹചര്യത്തില്‍ വലിയ വേദനയോടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നത്.
കേരളത്തില്‍ നിന്നും പുറത്തേക്ക് ഷൂട്ടിംഗ് മാറ്റുന്നതോടെ ചിത്രത്തിന്റെ ബജറ്റിലും വലിയ വര്‍ധനയുണ്ടാവും. സാഹചര്യം ഇത്രയും മോശമായ സ്ഥിതിക്ക് ഇനി വേറെ വഴിയില്ല. ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല. എങ്കിലും ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതി കേരളത്തില്‍ കൊടുക്കാമായിരുന്നു എന്ന അഭിപ്രായം എനിക്കുണ്ട് – ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
നേരത്തെ ടെലിവിഷന്‍ പരിപാടികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഷൂട്ടിം?ഗ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ രീതിയില്‍ സിനിമാ ഷൂട്ടിംഗും അനുവദിക്കണം എന്നാണ് ഫെഫ്ക അടക്കമുള്ള സംഘടനകളുടേയും ചലച്ചിത്രസംഘടനകളുടേയും അണിയറ പ്രവര്‍ത്തകരുടേയും ആവശ്യം. ഭൂരിപക്ഷം ചലച്ചിത്ര പ്രവര്‍ത്തകരും ഇതിനോടകം ഫസ്റ്റ് ഡോസ് വാക്സീന് സ്വീകരിച്ച കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.