രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. സംഘടന പഴയതുപോലെ രജനി രസികര്‍ മന്‍ട്രമായി പ്രവര്‍ത്തിക്കും. ‘ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനും രാഷ്ട്രീയത്തില്‍ സജീവമാകാനും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ സമയം അത്തരമൊന്നിന് സാധ്യമല്ലാത്ത തരത്തിലായിരുന്നു. ഭാവിയില്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ എനിക്ക് ആഗ്രഹമില്ല, അതിനാല്‍ ജനങ്ങളുടെ പ്രയോജനത്തിനായി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറമായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു’ രജനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് വര്‍ഷത്തിലേറെയായി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഊഹപോഹങ്ങള്‍ തുടങ്ങിയിട്ട്. 2017ലെ പുതുവത്സരഘോഷ വേളയിലാണ് രാഷ്ട്രീയത്തിലേക്കുള്ള വരവ് സംബന്ധിച്ച് രജനി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്ന് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്. രജനി മക്കള്‍ മന്‍ട്രത്തിലെ സെക്രട്ടറിമാര്‍, അസോസിയേറ്റുകള്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തല്‍ക്കാലം തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ചയുണ്ടെന്നും രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു. രജനികാന്തിന് 2000ലെ പത്മഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021ല്‍ അമ്പൊത്തതൊന്നാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനര്‍ഹനായി. കര്‍ണ്ണാടകതമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബം ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു.