മീടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ അഭിപ്രായത്തില്‍ പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. ‘ മീ ടൂ പോലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ നടന്‍ മോഹന്‍ലാല്‍ കുറച്ചുകൂടി കരുതല്‍ എടുക്കേണ്ടതായിരുന്നു. അദ്ദേഹം മനപ്പൂര്‍വ്വം പറഞ്ഞതാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞുപോയതാവാം. വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാല്‍. പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെപോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്’ എന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു.
മോഹന്‍ലാലിന്റെ നിരീക്ഷണം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. മാത്രമല്ല മീടൂ അതിശക്തമായ പ്രസ്ഥാനമാണെന്നും പ്രകാശ്‌രാജ് ചൂണ്ടിക്കാട്ടി. ‘സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണിത്. ഞാനും നിങ്ങളുമൊക്കെ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഇരപിടിയന്മാരാവുന്നുണ്ട്. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ നിശ്ശബ്ദത പാലിച്ചാല്‍ നമ്മളും കുറ്റവാളികള്‍ക്കൊപ്പമാവുകയാണ്. സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാര്‍ത്ഥമാണ്.അത് കാണാതെ പോവരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കുക തന്നെ വേണം.’
താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങിനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ നടിമാരായ രേവതിയും പത്മപ്രിയയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.