രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ നെറ്റ്ഫ്‌ളിക്‌സിലും സീ 5ലും…

','

' ); } ?>

ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ‘ആര്‍ആര്‍ആറി’ന്റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്‌സ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.സീ5, നെറ്റ്ഫ്‌ളിക്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തീയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്‌ളിക്‌സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

ചിത്രത്തില്‍ അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിനെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാമരാജുവിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. സീത എന്നാണ് ആലിയയുടെ കഥാപാത്രത്തിന്റെ പേര്.ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം എം.എം. കീരവാണി.