നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മലയാള സിനിമ നടന്‍ പിസി ജോര്‍ജ് അന്തരിച്ചു.74 വയസായിരുന്നു.വൃക്കരോഗബാധിതനായി ചികില്‍സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. സംസ്‌കാരം ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്ലഹേം പള്ളിയില്‍ നടക്കും.
.

നിരവധി സിനിമകളുടെ ഭാഗമായ ഇദ്ദേഹം പ്രശസ്തനാവുന്നത് വില്ലന്‍ വേഷങ്ങളിലൂടെയാണ്. കുറച്ച് കാലമായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കലാരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്.പൊലീസിലിരിക്കെ ‘അംബ, അംബിക, അംബാലിക’ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച്.ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി അഥര്‍വം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രേദ്ധേയമായ വേഷം ചെയ്തു. ഇതുള്‍പ്പടെ 68ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കെജി ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന സംവിധായര്‍ക്കൊപ്പം പി സി ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൊലീസുകാരനായി പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. പൊലീസ് ആയിരുന്നെങ്കിലും ചെറുപ്പം മുതലെ നാടകങ്ങളിലും അനുകരണ കലയിലും താത്പര്യമുണ്ടായിരുന്ന അദ്ദേഹം കലാപരമായ കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

പൊലീസ് പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാവാത്ത കാരണങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തിന് കുറേ കാലം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു. 1995ല്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് എന്ന സിനിമയാണ് ഇടവേളയ്ക്ക് മുമ്പ് അദ്ദേഹം ചെയ്തത്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2006ല്‍ ജോസ് തോമസിന്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളിലൂടെയാണ് പി സി ജോര്‍ജ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.