നടി അനുപമ പരമേശ്വരന് എതിരെ സൈബര്‍ ആക്രമണം. തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ ആരാധകരാണ് അനുപമയ്ക്ക് എതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ വക്കീല്‍ സാബ് കണ്ട ശേഷം അനുപമ പങ്കുവച്ച ട്വീറ്റ് ആണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. ട്വീറ്റില്‍ നടന്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്ത അനുപമ പവന്‍ കല്യാണിനെ സര്‍ എന്നു വിളിച്ചില്ലെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഏപ്രില്‍ 9 നാണ് വക്കീല്‍ സാബ് പ്രദര്‍ശനത്തിനെത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പവന്‍ കല്യാണ്‍ ചിത്രം പുറത്ത് വരുന്നത്. തീയേറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഏപ്രില്‍ 30 ന് ചിത്രം ഓടിടി വഴിയും പ്രേക്ഷകരിലേക്കെത്തി. ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേയ്ക്ക് ആണ് വക്കീല്‍ സാബ്.
‘കഴിഞ്ഞ രാത്രി ആമസോണ്‍ പ്രൈം വീഡിയോയില്‍ വക്കീല്‍ സാബ് കണ്ടു. ശക്തമായ സന്ദേശവും മികച്ച പ്രകടനവുമുള്ള ചിത്രം. പവന്‍ കല്യാണ്‍ തടസ്സങ്ങള്‍ ഭേദിച്ചിരിക്കുന്നു, മൂന്നു സ്ത്രീകഥാപാത്രങ്ങള്‍ കഥയെ വേറിട്ടു നിര്‍ത്തുന്നു,പ്രകാശ് രാജ് സര്‍ താങ്കളില്ലാതെ ഈ ചിത്രം പൂര്‍ണമാവില്ല’ എന്നാണ് അനുപമ ട്വീറ്റ് ചെയ്തത്.
ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ അനുപമയ്‌ക്കെതിരേ പവന്‍ കല്യാണിന്റെ ആരാധകരും രംഗത്തെത്തി. പ്രകാശ് രാജ് മാത്രമാണോ താങ്കളുടെ ഒരേ ഒരു സര്‍ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ട്രോളുകള്‍ ശക്തമായതോടെ ആരാധകരോട് മാപ്പ് പറഞ്ഞത് അനുപമ വീണ്ടും ട്വീറ്റ് ചെയ്തു. ‘ക്ഷമ ചോദിക്കുന്നു, ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്.. എല്ലാ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പവന്‍കുമാര്‍ സര്‍..’ എന്നാണ് താരം ട്വീറ്റ് ചെയ്തത്.