രാത്രി ഒമ്പതുമണിക്കുശേഷമുള്ള പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രദര്‍ശന ശാലകളുടെ സംയുക്ത സംഘടന ഫിയോക്. രാത്രികാല പ്രദര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.പ്രദര്‍ശനം രാവിലെ ഒമ്പതിന് ആരംഭിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.
അതേസമയം, പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകുന്നതോടെ സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് തീയറ്റുറടമകള്‍. സെക്കന്‍ഡ് ഷോ ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ റംസാന്‍ റിലീസായി എത്താനിരുന്ന ഫഹദ് ഫാസിലിന്റെ മാലിക് അടക്കമുള്ള പുതിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കാനും സാധ്യതയുണ്ട്.
മുന്‍പ് സെക്കന്‍ഡ് ഷോ ഇല്ലാതെ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അതിനാല്‍ തീയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.