‘ആര്‍ ആര്‍ ആര്‍’ ഫസ്റ്റ്ലുക്ക്

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍. ആറിലെ രാം ചരണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിനെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാമരാജുവിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. സീത എന്നാണ് ആലിയയുടെ കഥാപാത്രത്തിന്റെ പേര്.ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം എം.എം. കീരവാണി.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.