ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയം വരച്ചു കാണിക്കുകയാണ്. മലബാര്‍ പ്രദേശത്ത് നിന്നും ഡല്‍ഹി സര്‍വ്വകലാശാലയില്‍ പഠിക്കാനെത്തുന്ന ഫൈസ സൂഫിയയിലൂടെയാണ് ആര്യാടന്‍ ഷൗക്കത്ത് കഥ പറഞ്ഞിരിക്കുന്നത്. നമ്മുടെ ക്യാംപസുകളില്‍ നിന്ന് വിഭിന്നമായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യം സിനിമയ്്ക്കാകെ പ്രത്യേക വൈവിധ്യം നല്‍കുന്നുണ്ട്. വര്‍ത്തമാന കാലത്ത് ഉണ്ടായ രാഷ്ട്രീയ വിഷയങ്ങള്‍ ഡോക്യുമെന്റി സ്വഭാവത്തിലവതരിപ്പിക്കുമ്പോഴും കഥാപാത്രങ്ങള്‍ക്കെല്ലാം തന്നെ അസ്തിത്വം നല്‍കാന്‍ സംവിധായകനും തിരക്കഥാകൃത്തിനുമായിട്ടുണ്ട്.
ഫാസിസം പിടിമുറുക്കി മതേതര ഇടങ്ങള്‍ ഇല്ലാതാകുന്ന കാലത്ത് അത്തരം ഇടങ്ങള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ചിത്രം പറയുന്നത്. ചിലര്‍ക്കെങ്കിലും രാഷ്ട്രീയ വിയോജിപ്പുകളുണ്ടാകാമെങ്കിലും സിനിമ മുന്നോട്ട് വെയ്ക്കുന്ന മതേതര രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ കാണാതിരിക്കാനാവില്ല. കൃത്യമായ ഇടവേളകളില്‍ വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാക്കി ചിത്രം വെറും മുദ്രാവാക്യങ്ങളായി പോകാതെ സൂക്ഷിക്കാനും സിനിമയ്ക്കായിട്ടുണ്ട്. അഴകപ്പന്റെ ക്യാമറ, ഷമീര്‍ മുഹമ്മദിന്റെ ചിത്രസംയോജനം, ബിജിബാലിന്റെ സംഗീതം എന്നിവയെല്ലാം മികച്ചതായി അനുഭവപ്പെട്ടു. പാര്‍വതി തെരുവോത്ത് കഥാപാത്രമായി വിസ്മയിച്ചപ്പോള്‍ റോഷന്‍ മാത്യുവും കഥാപാത്രത്തോട് നീതിപുലര്‍ത്തി. സിദ്ദിഖ് ഡെയ്ന്‍ ഡേവിഡ്, നിര്‍മല്‍ പാലാഴി,സഞ്ജു ശിവറാം എന്നിവരെല്ലാം തന്നെ നന്നായി അഭിനയിച്ചു.