
നടി പാര്‍വതി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കമെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് താരം. പാര്‍വതി വരുമോ? എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലായിരുന്നു സിപിഎമ്മിനകത്ത് പാര്‍വതി തിരുവോത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത വന്നത്. സി.പി.എം. ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകര്‍തന്നെയാണ് ഇതിനായി ചരടുവലിക്കുന്നതെന്നും വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നു. മാതൃഭൂമി നല്‍കിയ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നും പാര്‍വതി തിരുവോത്ത് ട്വിറ്ററില്‍ കുറിച്ചു.
ഒരു പാര്‍ട്ടിയും ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിട്ടില്ലെന്നും, മാതൃഭൂമി വാര്‍ത്ത തിരുത്താന്‍ തയ്യാറാകണമെന്നും പാര്‍വതി കുറിച്ചു.