മോഹന്‍ലാല്‍ വീണ്ടും മാസ് വേഷത്തിലെത്തുന്ന ‘ആറാട്ട്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ തന്റെ ആരാധകരെ ഈ വിവരം അറിയിച്ചത്.’ആറാട്ട്’ എന്ന തന്റെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്നാണ് താരം ഷൂട്ടിങ് ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
കോമഡിയും ആക്ഷനും സമം ചേര്‍ന്നുള്ള മാസ്സ് മസാല എന്റര്‍ടെയ്നര്‍ ഒരുക്കുന്നത് സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണനാണ്. 2255 നമ്പറുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും സിനിമയില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഹൈലൈറ്റ്.ബ്ലോക്ക്ബസ്റ്ററായിരുന്ന മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന സിനിമയുമാണ് ‘ആറാട്ട്’ എന്ന പ്രത്യേകതയുമുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. കൂടാതെ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, മാളവിക, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക കാര്യം നിര്‍വ്വഹിക്കാനായി പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.