ബാലഭാസ്‌കറിന്റെ മരണം: നാലുപേര്‍ ഈ മാസം 16ന് ഹാജരാകണം

','

' ); } ?>

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാലുപേരും ഈ മാസം 16ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നു കാണിച്ച് കോടതി സമന്‍സ് അയച്ചു. കോടതിയില്‍ ഹാജരാകുന്ന ഇവരോട് സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയരാകാന്‍ സമ്മതമാണോ എന്ന് കോടതി ചോദിക്കും. ഇതിനുശേഷം ഇവരില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാകും നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന നടപടികളുമായി സി.ബി.ഐ. മുന്നോട്ട് പോകുക. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജുന്‍, സോബി എന്നിവര്‍ക്ക് സമന്‍സ് അയച്ചത്. 2018 സെപ്റ്റംബര്‍ 25 നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിന് സമീപം അപകടത്തില്‍പ്പെടുന്നത്.

കേസില്‍ ബാലഭാസ്‌കറിന്റെ അച്ഛന്റെയും ഭാര്യയുടെയും മൊഴി സി.ബി.ഐ. നേരത്തേ എടുത്തിരുന്നു. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകുന്നത്. വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ സംഭവസമയം താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് നല്‍കിയ മൊഴിയും സംശയം ജനിപ്പിക്കുന്നതായിരുന്നു. അപകടത്തിന് മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്ന കലാഭവന്‍ സോബിയുടെ മൊഴിയും ഏറെ നിര്‍ണായകമായിരുന്നു. ഈ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാനാണ് സി.ബി.ഐ. ഇവരെ നാലു പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്.