
ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാത’യും ആമസോണ്‍ പ്രൈമില്‍ ജൂലൈ 2 ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം വന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റര്‍ പ്രദര്‍ശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത്. ഒടിടിയില്‍ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കുമെന്നും ജയസൂര്യയുടെയും നിര്‍മാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങള്‍ ഇനിമുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറി കടന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. വിദ്യബാലന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശകുന്തളദേവിയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ജൂലൈ 31 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച് കാല്‍ക്കുലേറ്ററിനെയും കമ്പ്യൂട്ടറിനെയും തോല്‍പ്പിച്ച ശകുന്തളദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകന്‍. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. ഒടിടി റിലീസ് തീരുമാനം തിയേറ്റര്‍ ഉടമകളുമായുള്ള തര്‍ക്കം ഏത് രീതിയിലേക്ക് വളരുമെന്നാണ് ഈ രംഗത്തുള്ളവര്‍ ഉറ്റുനോക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്.