സ്‌കൂള്‍ വന്നു വിളിച്ചപ്പോള്‍…പണ്ടത്തെ സ്‌കൂള്‍ യാത്ര

','

' ); } ?>

തിരക്കഥാകൃത്ത് കൃഷ്ണപൂജപ്പുരയാണ് പണ്ടത്തെ സ്‌കൂള്‍യാത്രയെ കുറിച്ചുള്ള ഗൃഹാതുരത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഈ ഓണ്‍ലൈന്‍ ക്ലാസിന്റെ കാലത്ത് ഇനി ഗുരുശിഷ്യബന്ധം ഓണ്‍ലൈനിലൂടെയായിരിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പ് വായിക്കാം…

സ്കൂൾ വന്നു വിളിച്ചപ്പോൾ
***************************
അങ്ങനെ ഈ ജന്മത്തിൽ മറ്റൊരു നിർണായക മാറ്റവും കണ്ടു. ഓൺലൈൻ ക്ലാസ്സ്‌..പുതിയ മാറ്റം ഗംഭീരമായി സ്വീകരിക്കപ്പെട്ടു എന്നാണ് ആദ്യ റിപോർട്ടുകൾ

പണ്ടത്തെ സ്കൂൾ യാത്ര
*************************
സ്കൂളിനും വീടിനും ഇടയ്ക്കുള്ള ആ പാതയും യാത്രയും ഒക്കെയാണ് അന്ന് പലരുടെയും പ്രധാന പാഠശാല. പല ബാച്ചുകൾ ആയാണ് യാത്ര.സുരേഷും റഹീമും ജോണിക്കുട്ടിയും ആബിദയും ഉഷയും മോളിയുമൊക്കെ കൊച്ചുവർത്തമാനം പറഞ്ഞും കാഴ്ചകൾ കണ്ടും നടക്കുകയാണ്.. ചെയ്ത ഹോംവർക്ക് മാഷിനെ കാണിച്ചു ക്ലാസ്സിലെ ഒന്നാമൻ പട്ടം നിലനിർത്തുന്നതിന്റെ ആകാംക്ഷയിൽ ചിലർ.. ഹോംവർക്ക് ചെയ്യാത്തതിന് കാരണങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുന്നതിന്റെ അവസാനവട്ട റിഹേഴ്സലിൽ മറ്റുചിലർ. വിദ്യാലയത്തിലെ പാഠമല്ല, ജീവിതപാഠം ആണ് ഏറ്റവും വലിയ പാഠം എന്നാണ് ചിലരുടെ ചിന്ത.. അതാ ഒരു കുയിലിന്റെ കൂകൽ കേൾക്കുന്നു.. ഫോർ എവരി ആക്ഷൻ ദെയറീസ് ആൻ equel ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ എന്നാണല്ലോ.. നമ്മുടെ ശശിധരനും തിരിച്ചൊന്നു കൂകുന്നു.. ചേതമില്ലാത്ത ഒരുപകാരം.. കുയിലിനും ആകെ രസം കയറുന്നു.. നമ്മുടെ പിള്ളേര് ജോർ ആണല്ലോ.. ഇന്നാ പിടിച്ചോ.. അത് വീണ്ടും നീട്ടി കൂവുന്നു. ഇത്തരം സർഗാത്മക സാഹിത്യത്തിൽ താല്പര്യം ഇല്ലാത്ത ഒരുവൻ സംഘത്തിൽ കാണും. അവൻ കല്ലെടുത്ത് കിളിയെ ഒന്നെറിയും.. കിളിയുമായി അവന് മുൻകാല വൈരാഗ്യം ഒന്നുമില്ല . ചുമ്മാ ഒരു രസം.. കുയിലും കാക്കയും പറന്നുപോകുന്നു

സ്വതന്ത്രൻ
***********
സ്കൂളിന്റെ നാലുചുമരുകൾക്കുള്ളിൽ തളയ്ക്കാൻ വിധിക്കപ്പെട്ടവനല്ല താൻ എന്ന ചിന്താഗതിയുള്ള ചിലർ ഉണ്ടാകും.. വീട്ടിൽ നിന്നിറങ്ങും, എന്നാൽ സ്കൂളിൽ ഒട്ടു എത്തുകയുമില്ല..കുളത്തിലും കളിക്കളത്തിലുമൊക്കെയാണ് അവരുടെ പഠനം.. ക്ലാസിൽ, ‘ അലോഷ്യസ് എവിടെ? ‘ എന്ന് മാഷ് ചോദിക്കും.. ‘സാർ അവനു പനിയാണ് ‘എന്ന് പറഞ്ഞു കൂട്ടുകാർ ഫ്രണ്ട്ഷിപ്പിന്റെ ജീവിക്കുന്ന മാതൃകകളാവും.. പച്ചക്കള്ളം ആയിരിക്കും പറഞ്ഞത്.. പക്ഷേ ദൈവം തമ്പുരാൻ പോലും ഈ കള്ളം ചിലപ്പോൾ കേട്ടില്ലെന്ന് വച്ച് കളയും..” സാർ അലോഷ്യസ് കളിക്കാൻ പോയി.. സാറ് തല്ലുമെന്നു പറഞ്ഞപ്പോൾ സാറിനോട് പോയി പണി നോക്കാൻ പറഞ്ഞു” എന്ന് അലോഷ്യസിന്റെ യഥാർത്ഥ മറുപടിയിൽ തന്റേതായ ചില കൂട്ടിച്ചേർക്കലുകൾ നടത്തി ചിലർ ഒറ്റു കൊടുക്കും

മഴ
***
ജൂൺ ഒന്നിന് സ്കൂളിൽ പോകാൻ പിള്ളേർ തയ്യാറാവുകയാണെങ്കിൽ അന്ന് രാവിലെ ഒരു നാല് നാലര മണിയോടെ മഴയും റെഡിയാണ്. മഴ പെയ്യുന്നത് നോക്കി സ്കൂൾ തുറക്കുകയാണോ സ്കൂൾ തുറക്കുന്നത് നോക്കി മഴ പെയ്യുകയാണോ എന്ന് സംശയം തോന്നുന്ന തരത്തിൽ രണ്ടും ഇഴചേർന്ന് കിടക്കുകയാണ്.. വളരെ പണ്ട് രണ്ടുതരം കുടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാദാ കുടയും കളർ കുടയും. തന്റെ കുടയിൽ മറ്റാരെയും കയറ്റാത്ത ഒറ്റയാൻ പഠിപ്പിസ്റ്റുകളും എന്നാൽ താൻ ഒഴികെ ഒരു സംഘത്തിനെ മുഴുവൻ കുടയിൽ കയറ്റി നനഞ്ഞു നനയാതെ നടക്കുന്ന ചങ്കൻ മാരും അന്നത്തെ കാഴ്ചകളാണ്.. കുട മറക്കൽ വിദ്യാലയ ടൈംടേബിളിലെ ഒരു പ്രധാന ഐറ്റം ആണ്. വാഴയില, ചേമ്പില തുടങ്ങിയ പ്രകൃതിദത്ത കുടകളും അന്ന് പ്രചാരത്തിലുണ്ടായിരുന്നു..

വ്യാപാരം
**********
സ്കൂൾ യാത്രയ്ക്കിടയിൽ ചില വ്യാപാര ഇടപാടുകളും ഒക്കെ ഉണ്ടാകും. ഒരു മയിൽപീലി അങ്ങോട്ട് കൊടുത്ത് രണ്ടു മഷിത്തണ്ട് ഇങ്ങോട്ട് വാങ്ങുക, തലേന്ന് ക്ലാസിൽനിന്ന് അടിച്ചുമാറ്റിയ കളർ ചോക്ക് കഷണം കൊടുത്തു പകരം ഗോലി വാങ്ങുക തുടങ്ങി ബാർട്ടർ ഇടപാടുകളാണ്. രണ്ടു തുള്ളി മഷി കടംകൊടുത്തു, ഒരു തുള്ളി പലിശയും ചേർത്ത്, മൂന്നു തുള്ളി ആയി തിരിച്ചു വാങ്ങുന്ന ഷൈലോക്ക് മാരും ഉണ്ടായിരുന്നു. ..തമ്മിൽ പിണങ്ങുമ്പോൾ കൊടുത്തത് തിരിച്ചു ചോദിക്കുന്ന കഠിന ഹൃദയരും ഉണ്ട്..

ബാഗും വാട്ടർ ബോട്ടിലും
*************************
പണ്ട് സ്കൂൾ ബാഗ് എല്ലാർക്കും ഒന്നുമില്ല. അഞ്ചു പൈസ കൊടുത്താൽ കട്ടിയുള്ള കറുത്ത റബർബാൻഡ് കിട്ടും. അതു പുസ്തക കെട്ടിൽ കോണോടു കോൺ വലിച്ചിട്ടാൽ ബാഗ് ആയി. കുറെ ഉപയോഗിച്ചു കഴിയുമ്പോൾ ബാഗ് പൊട്ടും. അപ്പോൾ തമ്മിൽ കൂട്ടിക്കെട്ടി ഉപയോഗിക്കും. ഇന്റർവെൽ സമയങ്ങളിൽ റബ്ബർ, വിരലുകളിൽ വലിച്ച് സതീർഥ്യരുടെ ദേഹത്ത് കൊള്ളിച്ചു വിനോദിക്കുന്ന ചില സാഡിസ്റ്റുകളും ഉണ്ട്.. . വാട്ടർ ബോട്ടിൽ സ്കൂളിന്റെ മുറ്റത്ത് തന്നെ കാണും. കിണർ.. ഒരു വിശാലഹൃദയൻ വെള്ളം കോരൽ കർമ്മം ഏറ്റെടുക്കും. സഹജീവികളുടെ കുമ്പിൾ കോട്ടിയ കൈകളിലേക്ക് വെള്ളം പകർന്ന് അവസാനം വിളമ്പുകാരനും കുടിച്ച് ക്ലാസിലേക്ക് ഒരു ഓട്ടം ഉണ്ട്. വെള്ളം കുടിക്കുന്നതിനിടയിൽ ഷർട്ട് ഒക്കെ ഒന്ന് നനയുന്നത് വെള്ളം കുടിയുടെ ആസ്വാദ്യത വർധിപ്പിച്ചിരുന്നു.

വിശ്വാസങ്ങൾ
**************
വിദ്യാഭ്യാസപരമായ ചില വിശ്വാസങ്ങൾ അന്ന് പിള്ളേർക്കിടയിൽ ഉണ്ടായിരുന്നു.. ചാണകം ചവിട്ടിയാൽ സാറിന്റെ തല്ലു കൊള്ളും എന്നതാണ് അതിൽ പ്രധാനം.. പക്ഷേ അതിന് മറുമരുന്നും ഉണ്ട്..അലിനെയോ അരശിനെയോ നോക്കിയാൽ മതി.
മയിൽപീലി പ്രസവിക്കും ശബരിമലയ്ക്ക് മാലയിട്ടാൽ സാർ തല്ലില്ല.. തലയിലെ എണ്ണ കയ്യിൽ തേച്ച് പിടിപ്പിച്ചാൽ സാർ തല്ലുമ്പോൾ കമ്പു വഴുക്കി പോകും… തുടങ്ങി ഭാവനയും സത്യവും മിക്സ് ചെയ്ത് കിടക്കുന്ന ഒരുപാട് വിശ്വാസങ്ങൾ.

മാറ്റങ്ങൾ
*********
അങ്ങനെയിരിക്കെ അതാ മാറ്റങ്ങൾ വരുന്നു. ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളുകൾ സജീവമായി. അതിനോടൊപ്പം ഷൂസായി സോക്‌സായി ടൈ ആയി . കൂടെ വാട്ടർ ബോട്ടിൽ വന്നു. സ്കൂൾ ബസ് വന്നു. കഴുത്തിൽ ടാഗ് തൂക്കൽ വന്നു . കൂടകളിൽ ഒരുപാട് പരീക്ഷണങ്ങൾ വന്നു.. അച്ഛനും അമ്മയ്ക്കും ഇന്റർവ്യൂ വന്നു. ഡൊണേഷൻവന്നു. റെക്കമെന്റഷൻ വന്നു. ബിൽഡിംഗ്‌ ഫണ്ട്‌ വന്നു.. മക്കൾക്ക് അര മാർക്ക് കുറഞ്ഞാൽ അച്ഛനമ്മമാർക്ക് ടെൻഷൻ വന്നു. മഷിപ്പേന മാറി dot പേന വന്നു. വീട്ടിൽ വന്നാൽ ഹോംവർക്ക് വന്നു.

ചരിത്ര മാറ്റം
************
ഇപ്പോഴിതാ ചരിത്രപ്രസിദ്ധമായ മാറ്റം. മാറ്റമില്ലാത്തതായി മാറ്റം മാത്രമേ ഉള്ളൂ എന്നു പറയുന്നത് എത്ര ശരി. എന്നും വാഴയിലയും കറുത്ത റബ്ബറും ആയി നടന്നാൽ പറ്റില്ലല്ലോ.. പഴയ മാറ്റങ്ങൾ വർഷങ്ങൾ എടുത്താണ് സംഭവിച്ചതെങ്കിൽ ഇതിപ്പോൾ കൺമുമ്പിൽ…ഓൺലൈൻ പഠനം താൽക്കാലികമാണെങ്കിലും ചിലപ്പോൾ സ്ഥിരപ്പെടുത്തി കൂടെന്നുമില്ല. ഭാവിയിൽ ക്ലാസ് റൂം അടിസ്ഥാനമാക്കി വരുന്ന സിനിമകൾ വേറെ രീതിയിൽ ആയിരിക്കും. ഓൺലൈനിലൂടെ ഉള്ള ഗുരുശിഷ്യബന്ധം ആയിരിക്കും..