എസ്എസ്എല്‍സി പരീക്ഷയുടെ രണ്ടാം ഘട്ടം നടക്കുന്ന സമയത്ത്, മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവുംതെര്‍മല്‍ സ്കാനിങ്ങും ഒന്നുമില്ലാത്ത ആ പഴയ പരീക്ഷ ദിനങ്ങള്‍ ഓര്‍ക്കുകയാണ് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര.
എങ്കിലും എന്റെ വിക്രമന് സാറേ
( കോവിഡ് കാരണം മാറ്റിവെച്ച എസ്എസ്എല്‍സി പരീക്ഷയുടെ രണ്ടാം ഘട്ടം നടക്കുന്ന സമയത്ത്, മാസ്കും സാനിറ്റൈസറും സാമൂഹ്യ അകലവുംതെര്‍മല്‍ സ്കാനിങ്ങും ഒന്നുമില്ലാത്ത ആ പഴയ പരീക്ഷ ദിനങ്ങള്‍ ഓര്‍ത്തുപോവുകയാണ്)
ആ നിമിഷങ്ങള്‍
എന്നുവച്ചാല്‍ പരീക്ഷയ്ക്കുള്ള ബെല്‍ അടിച്ചു ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടുന്നതുവരെ ഉള്ള നിമിഷങ്ങള്‍.. യുദ്ധ മേഖലയില്‍ ബോംബിംഗ് മുന്നറിയിപ്പു കൊടുത്തുകൊണ്ട് മുഴങ്ങുന്ന സൈറണെയാണ് ആ മണിയടി ഓര്‍മിപ്പിക്കുന്നത്.. പരീക്ഷാകേന്ദ്രം മുഴുവന്‍ അപാരമായ ഒരു നിശബ്ദത ആ മണിയോടെ വ്യാപിക്കുകയാണ്. അപ്പോഴതാ കോറിഡോര്‍ ലൂടെ ചോദ്യപേപ്പറിന്റെ പാക്കറ്റുമായി മജീദ് സാര്‍.. നമ്മള് ഒന്ന് സന്തോഷിക്കും.. മജീദ് സാര്‍ ആളൊരു പാവമാണ് പക്ഷേ വിധി എത്ര ക്രൂരനാണ്.. മജീദ് സാര്‍ അപ്പുറത്തെ ക്ലാസ്സിലേക്കാണ് കയറുന്നത്.നമ്മുടെ ക്ലാസ്സില്‍ വരുന്നത് ധിക്രത ശക്ത പരാക്രമിയായ വിക്രമന് സാര്‍. ‘വല്ല തുണ്ടോ കിണ്ടോ ഒക്കെ ഉണ്ടെങ്കില്‍…’ എന്ന് അര്ധോക്തിയില് നിര്‍ത്തും. തുണ്ടു കരുതിയിട്ടുള്ളവരുടെ പാതിജീവന് അപ്പോള്‍ തന്നെ പോകും..
ദൈവമേ കൈതൊഴാം
ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടിയാല്‍ ചിലര്‍ ആദ്യം ഭക്തിയോടെ കണ്ണിലൊന്നു വയ്ക്കും.. ചോദ്യം എളുപ്പമാക്കി തരേണ്ടതിന്റെ ഉത്തരവാദിത്തം ദൈവത്തിനും കൂടി വിഭജിച്ചു നല്‍കുകയാണ്..ഇത് കാണുമ്പോള്‍ ദൈവത്തിനു കലിയാകും വരുന്നത് ..അല്ലെങ്കില്‍ തന്നെ ഭൂമിയിലെ നൂറുകൂട്ടം കാര്യങ്ങളില്‍ ഇടപെട്ട് നട്ട പ്രാന്ത് പിടിച്ചിരിക്കുകയാണ്.. ഒരാള്‍ക്ക് പുതിയ കാര്‍ സമ്പാദിച്ചു കൊടുക്കണം വേറൊരാള്‍ക്ക് 5000 സ്ക്വയര്‍ ഫീറ്റ് വീട് വച്ച് കൊടുക്കണം മറ്റൊരാള്‍ക്ക് മകളുടെ കല്യാണം നടത്തി കൊടുക്കണം ഇനി ഒരാളുടെ അയല്‍ക്കാരനെ കുത്തുപാള എടുപ്പിക്കണം.. അങ്ങിനെ വാഹനറിയല് എസ്റ്റേറ്റ് വൈവാഹിക കൊട്ടേഷന്‍ കാര്യങ്ങളുമായി തെക്കുവടക്ക് ഓട്ടമാണ്.. അതിന്റെ ഇടയിലാണ് ഇനി ഇവരുടെ വ2ീെ4 ഉം അശോകചക്രവര്‍ത്തിയുടെ ഭരണ പരിഷ്കാരങ്ങളുമൊക്കെ നോക്കാന്‍.
സമൂഹം
പരീക്ഷ ഹോള്‍ പലപ്പോഴും സമൂഹത്തിന്റെ പരിച്ഛേദം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.നമ്മുടെ ചങ്ക് ബ്രോ എന്ന് കരുതിയിരുന്ന സുരേഷ് അതാ നമ്മുടെ കണ്ണു വീഴാതെ അവന്റെ ഉത്തരപേപ്പര്‍ കൈ കൊണ്ട് മറയ്ക്കുന്നു.പക്ഷേ നമ്മളോട് അത്ര സുഖകരമല്ലാതെ പെരുമാറിയിരുന്ന ജോണ്‍കുട്ടി നമുക്ക് കാണത്തക്ക രീതിയില്‍ ഉത്തരപ്പേപ്പര്‍ അഡ്ജസ്റ്റ് ചെയ്തു വച്ചു തരുന്നു.. അവനവന് നന്നാവുന്നതോടൊപ്പം ലോകവും നന്നാവണമെന്ന അവന്റെ മഹത്തായ കാഴ്ചപ്പാടില്‍ നമ്മുടെ കണ്ണ് നിറഞ്ഞു പോകുന്നു.. ഇവന് ചോദിച്ചപ്പോഴാണല്ലോ കഴിഞ്ഞയാഴ്ച നാരങ്ങമുട്ടായി രണ്ടെണ്ണം പോക്കറ്റില്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞു എന്ന് കള്ളം പറഞ്ഞതെന്നോര്‍ത്തു നമ്മുടെ മാനസം പശ്ചാത്താപ വിവശമാവുന്നു..
ചിലരുണ്ട്, അവന് കാണിച്ചുതരില്ലെന്നതോ പോട്ടെ ‘ സാര്‍ ദാസപ്പന് അന്‍വറിന്റെ പേപ്പര്‍ നോക്കി എഴുതുന്നു’എന്ന് പരസ്യമായി ഒറ്റുകയും ചെയ്യും.
ആംഗ്യഭാഷ
കഥകളി കഴിഞ്ഞാല്‍ പിന്നെ ആംഗ്യത്തിനും മുദ്രകള്‍ക്കും പ്രാധാന്യമുള്ളത് പരീക്ഷാ ഹോളില്‍ ആണ്. ‘രണ്ടാമത്തെ ഉത്തരം എന്താണ് ‘ ‘സാര്‍ അങ്ങോട്ട് നീങ്ങട്ടെ’ ‘കാണിച്ചു തരാമോ പ്ലീസ്’ ‘ ആന്‍സര്‍ ഷീറ്റ് ഒന്ന് താ’ എന്നൊക്കെയുള്ള അഭ്യര്‍ത്ഥനകളും അറിയിപ്പുകളും, ഒരുവാക്കും ഉരിയാടാതെ, ആംഗ്യത്തിലൂടെ നമ്മള് കമ്മ്യൂണിക്കേറ്റു ചെയ്യും..കണ്ണുകള്‍ കൊണ്ട് ഒരു എസ്സേ പറഞ്ഞു തീര്‍ക്കും നമ്മള് അംഗവിക്ഷേപം നടത്തുമ്പോഴാണ് സാര്‍ പെട്ടെന്ന് ഇങ്ങോട്ട് നോക്കുന്നത്.. ഒരു നിമിഷത്തിന്റെ നൂറിലൊരംശം സമയംകൊണ്ട് മിന്നായം പോലെ നമ്മള് പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.. അപാരമായ ഏകാഗ്രതയില്‍ തപസ്സു ചെയ്യുന്ന യോഗിവര്യന്റെ പ്രശാന്തതയോടെ എഴുത്തു തുടരുന്നു..
അവസാനഘട്ടം
വോട്ടിംഗ് ദിവസം പോളിംഗ് സമയം കഴിയാറാകുമ്പോള്‍ വോട്ട് ചെയ്യാന്‍ വേണ്ടി ജനം ഓടി പാഞ്ഞ് വരാറുണ്ടല്ലോ.. അതുപോലെയാണ് പരീക്ഷയിലും.. സമയം തീരാറാകുമ്പോഴാണ് ചിലപ്പോള്‍ നമുക്ക് അങ്ങോട്ട് എഴുത്തു വരുന്നത്.. ലാസ്റ്റ് ബെല്‍ മുഴങ്ങുമ്പോള്‍ കലാശക്കൊട്ടിന്റെ ജഗപൊഗയാണ്.. ‘മതിമതി ഇങ്ങു താ’എന്ന് സാര്‍.. ‘ഒരു മിനിട്ട് സാര്‍ ‘എന്ന് എഴുത്തിനിടയില്‍ നമ്മുടെ അപേക്ഷ.. നമ്മളുമായി ചെറിയതോതില്‍ പിടിവലി.. അവസാനം കൂട്ടിക്കെട്ടി ഏല്‍പ്പിക്കുന്നു.. മിനിമം സമയമെങ്കിലും പരീക്ഷഹോളില്‍ ഇരിക്കണം എന്ന നിയമം ഉള്ളതുകൊണ്ട് മാത്രം മനോരാജ്യവും പ്രകൃതിഭംഗിയും ആസ്വദിച്ചു ക്ലാസ്സിലിരിക്കാന്‍ വിധിക്കപ്പെടുന്നവരുമുണ്ട്. ‘സാര്‍ ഈ പോര്‍ഷന്‍ പഠിപ്പിച്ചിട്ടില്ലായിരുന്നു ‘ ‘ഇത് സിലബസില്‍ ഇല്ലാത്ത പാഠത്തില്‍നിന്നാണ് ‘ എന്നൊക്കെ ചോദ്യപേപ്പറിലെ കുറവുകള്‍ സാറിനെ ഓര്‍മ്മിപ്പിക്കുന്ന പഠിപ്പിസ്റ്റുകള്‍ ഉണ്ട്.. അപ്പോഴേക്കും നമ്മള് പക്ഷെ അതിന്റെ ഉത്തരം മനോഹരമായി എഴുതി കഴിഞ്ഞിട്ടുണ്ടാകും പരീക്ഷാഹാളില്‍ നമ്മളെ ഏറ്റവും ആധി പിടിപ്പിക്കുന്നത് ഏതുത്തരം എന്തുത്തരം എന്ന് നമ്മള് തളര്‍ന്നിരിക്കുമ്പോള്‍ ചിലര്‍ എക്സ്പ്രസ് പോലെ പാഞ്ഞു പിടിച്ച് എഴുതുന്നത് കാണുന്നതാണ്.. നമ്മള് ചോദ്യപേപ്പര്‍ വായിച്ചു തീരുന്നതിനു മുമ്പ് തന്നെ അവന് അഡീഷണല്‍ ഷീറ്റിനു കൈനീട്ടി കഴിയും
എക്സിറ്റ് ഫലം
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പിന്നെ കൂട്ടം കൂടി നിന്ന് എക്സിറ്റ് ഫലങ്ങള്‍ നിശ്ചയിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്.. ‘അതിന്റെ ഉത്തരം ഇതായിരുന്നോ’ ‘ആണോ രക്ഷപ്പെട്ടു ഞാന്‍ ഒരു ഊഹം വെച്ച് എഴുതിയതാണ് ‘ ‘മൂന്നു മാര്‍ക്ക് പോയി’ എന്നിങ്ങനെ നഷ്ടങ്ങളും നേട്ടങ്ങളും പങ്കിടുകയാണ്.. വീട്ടില്‍ എത്തുമ്പോള്‍ ‘എങ്ങനെ ഉണ്ടായിരുന്നു’എന്ന ചോദ്യത്തിന് ‘കുഴപ്പമില്ല’ എന്ന പരമ്പരാഗത മറുപടി കൊടുക്കും…
അമീബ ഇര പിടിക്കുന്നത് എങ്ങിനെ എന്ന ചോദ്യത്തിന് ഒരു ചങ്ങാതി എഴുതിയ ഉത്തരം വൈറല്‍ ആണല്ലോ.. ഉത്തരം ഇങ്ങനെ…
‘സമയം രാത്രി 12 മണി.. കൂട്ടില്‍ കുഞ്ഞുങ്ങളുടെ വിശന്നു പൊരിഞ്ഞ കരച്ചില് കേട്ട് തള്ളഅമീബ പുറത്തിറങ്ങി.. കായല്‍ തീരത്ത് കൂടി നടന്നു.. അപ്പോഴതാ ഇര വരുന്നു.. അമീബ ഇരയെ കടിച്ചു കുടഞ്ഞു കൂട്ടില്‍ കൊണ്ട് കൊടുത്തു…’
അല്ല പിന്നെ..
(ഇത് നമ്മടെ സെല്‍ഫി എന്ന പുസ്തകത്തിലെ ഒരു ലേഖനഭാഗം)
ചിത്രങ്ങള്‍.. പഠിച്ച സ്കൂളുകളില്‍.. പത്രവാര്‍ത്ത.. വാമനപുരം മണിയുടെ കാര്‍ട്ടൂണ്‍..തുടങ്ങിയവ