
അനശ്വര രാജന്‍ തന്റെ പഴയ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പഴയ പിറന്നാള്‍ ദിനത്തിലെടുത്ത ഫോട്ടോയാണിതെന്നും ഈ സമയത്ത് ഇതെല്ലാം വല്ലാതെ മിസ് ചെയ്യുന്നുവെന്നും പറഞ്ഞാണ് അനശ്വര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഉദാഹരണം സുജാത (2018) എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. വാങ്ക് എന്ന സിനിമയാണ് ഇനി അനശ്വരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ഇറങ്ങിയിരുന്നു. അനശ്വര രാജനെ കൂടാതെ വിനീത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണിയുടെ കഥക്ക് ഷബ്‌ന മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയത്. 7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കില്‍ അണിനിരക്കുന്നുണ്ട്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്. വി.കെ. പ്രകാശ് ആണ് വാങ്കിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.