പുതിയ സിനിമകളുടെ പ്രദര്‍ശനം ഓണ്‍ലൈനാകുന്നു എന്ന വാര്‍ത്ത പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ജയസൂര്യ ചിത്രം സൂഫിയും സുജാതയും, അമിതാബ് ബച്ചന് ചിത്രം ഗുലാബോ സിതാബോ എന്നിവയടക്കം ഏഴോളം ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസിന് തയ്യാറെടുത്ത് കാത്തിരിക്കുന്നത്. ‘കപ്പേള’ എന്ന ചിത്രം വലിയ തുകയ്ക്ക് നെറ്റ്ഫഌക്സ് എടുത്തതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ലോക് ഡൗണ്‍ കാരണമാണ് സിനമാ അണിയറ പ്രവര്‍ത്തകര്‍ ആദ്യ പ്രദര്‍ശനം എന്ന ഓണ്‍ലൈന്‍ സാധ്യതകള്‍ തേടുന്നത്. പണം മുടക്കി സിനിമകള്‍ നിര്‍മ്മിച്ചവര്‍ക്ക് അത് പെട്ടിയില്‍ വെച്ചിരിക്കുന്നതിന് പരിധിയുണ്ട്. അങ്ങനെ പലവിധ കാരണങ്ങളാല്‍ പെട്ടിയിലായ ചിത്രങ്ങള്‍ക്കൊപ്പം സ്വപ്നങ്ങളും പെട്ടിയിലായി പോയ പലരുടേയും അനുഭവം അറിയാവുന്ന നിര്‍മ്മാതാക്കള്‍ പുതിയ സാധ്യതകള്‍ തേടുകയും തുറക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാതെ ഒരു മേഖലയ്ക്കും മുന്നോട്ട് പോകാനാകില്ല. ഓണ്‍ലൈന്‍ സിനിമാപ്രദര്‍ശന കമ്പനികളുടെ വരിക്കാര്‍ അനുദിനം കുതിച്ചുയര്‍ന്ന സമയം കൂടെയാണ് ലോക് ഡൗണ്‍ കാലമെന്നതും ഓര്‍ക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ വിനോദമാധ്യമ രംഗത്തെ നിര്‍മ്മാതാക്കള്‍ക്കോ സംവിധായകര്‍ക്കോ കഴിയില്ലെന്നത് സത്യമാണ്.
ഓണ്‍ലൈന്‍ പ്രദര്‍ശനത്തിനെത്തുന്ന നിര്‍മ്മാതാക്കളുടേയും താരങ്ങളുടേയും സിനിമകള്‍ ഇനി മേലാല്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള അറിയിച്ചിട്ടുള്ളത്. അതേസമയം ഓണ്‍ലൈന്‍ റിലീസ് കാര്യത്തില്‍ സംഘടനാപരമായ തീരുമാനമെടുത്തിട്ടില്ലന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. തിയേറ്ററിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനം ഇല്ലാതാക്കുന്ന പുതിയ തീരുമാനമണ് ഓണ്‍ലൈന്‍ പ്രദര്‍ശനമെന്നതാണ് ഇതിനെതിരായി ചൂണ്ടികാണിക്കുന്ന വാദം. പുതിയ കാലത്തെ അഭിമുഖീകരിക്കാതെ ഏതൊരു മേഖലയ്ക്കും പിടിച്ചുനില്‍ക്കാനാവില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ‘ടെലിവിഷന്‍ വാര്‍ത്ത’ പത്രങ്ങളെ കൊല്ലും, ‘ഹോം സിനിമ’, സീരിയലിനേയും സിനിമയേയും ബാധിക്കും, തുടങ്ങീ ചര്‍ച്ചകളെല്ലാം എവിടെയെത്തി നില്‍ക്കുന്നുവെന്നത് പോലെയുള്ള ചര്‍ച്ചകള്‍ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. വന്‍ മുതല്‍ മുടക്ക് നടത്തി നിര്‍മ്മിച്ച തിയേറ്ററുകളെ ഓണ്‍ലൈന്‍ പ്രദര്‍ശനം ബാധിക്കുവാന്‍ തുടങ്ങുമ്പോള്‍ തന്നെ അതിജീവനത്തിന് തിയേറ്ററുകളും പുതുവഴികള്‍ തേടുമെന്നതുറപ്പാണ്. സര്‍ക്കാരും, സിനിമാരംഗത്തെ മുഴവുന്‍ സംഘടനകളുമൊക്കെ ആലോചിച്ച് ആ കാര്യങ്ങളില്‍ ഉചിതമായ തീരുമാനങ്ങളും നടപടികളുമെടുക്കേണ്ടതിന് പകരം ഓണ്‍ലൈന്‍ പ്രദര്ശനങ്ങളോട് മുഖം തിരിഞ്ഞ് നില്ക്കുന്ന സമീപനം എത്രമാത്രം ഗുണം ചെയ്യുമെന്ന് ആലോചിക്കണം. സിനിമകളിലെ പലവിധ രാഷ്ട്രീയങ്ങളില്‍ പെട്ട് തിയേറ്ററുകളില്‍ വീണ് പോയ ഒട്ടേറെ നല്ല ചിത്രങ്ങളുണ്ടെന്ന് നമുക്കറിയാം. അത്തരം ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്രദര്‍ശനം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. എന്നാല്‍ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുകയെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. തിയേറ്റര്‍ സാധ്യതകളില്‍ കാണേണ്ട ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ആസ്വദിക്കുമ്പോഴുള്ള പരിമിതിയും കടുത്ത വെല്ലുവിളിയാകും. താരങ്ങളുടെ പ്രതിഫലനിരക്കിനേയും ഇത് ബാധിക്കും. ഇതിനകം തന്നെ വെബ് സീരിസുകളുള്പ്പെടെയായി കളം പിടിച്ചുകഴിഞ്ഞ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിന്റെ സാധ്യതകളെ ഉള്‍കൊണ്ട് നവീന തിയേറ്റര്‍ മാതൃകകള്‍ ഉണ്ടാക്കുകയേ നിവൃത്തിയുള്ളൂ.
ഓണ്‍ലൈന്‍ ആസ്വാദനം മികച്ചതാകുമെന്ന് കരുതി കാത്തിരിക്കുകയാണ് പലരും. തുടക്കത്തിലെ ഈ ഉദാര മനസ്കതയൊന്നും ഈ ഓണ്‍ലൈന്‍ കമ്പനികള്‍ കാണിക്കില്ലെന്ന് പ്രേക്ഷകരില്‍ ചിലരെങ്കിലും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആദ്യം സൗജന്യമായി നല്‍കും, പിന്നീട് ചെറിയ തുക, അതിന് ശേഷം കാഴ്ച്ചക്കാരെ തന്നെ ഗോള്‍ഡും പ്ലാറ്റിനവുമെല്ലാം നല്കി വിവിധ തട്ടുകളിലാക്കും. ഇപ്പോള്‍ നല്കുന്ന തുകയില്‍ നിന്നും ആസ്വാദന തുകയും താമസിയാതെ കുത്തനെയുയരും. ഓണ്‍ലൈന്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കാഴ്ച്ചക്കാരന് തുടക്കത്തില്‍ അനന്തസാധ്യതകളൊരുക്കുമെങ്കിലും സ്വാഭാവികമായും കച്ചവട കമ്പനികള്‍ താമസിയാതെ യഥാര്‍ത്ഥ മുഖം പുറത്തെടുക്കുമ്പോഴേക്കും കാഴ്ച്ചക്കാരന് സ്ഥിരം ഉപഭോക്താവായി കഴിഞ്ഞിരിക്കും. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശമുള്‍പ്പെടെയുള്ള തുകയ്ക്ക് പുറമെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ ഒരു ധനസഹായമായി ഓണ്‍ലൈന്‍ പ്രദര്‍ശനം മാറുന്നുണ്ട്. പക്ഷേ ഈ രംഗത്തും ഭാവിയില്‍ മത്സരം ശക്തമാകുകയും, ചേരികള്‍ രൂപപ്പെടാന്‍ ഇടയാക്കുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അങ്ങിനെ വരുമ്പോള്‍ ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് മുന്പില് പിടിച്ചുനില്ക്കാന് കെല്‍പ്പുള്ളവര്‍ മാത്രം അതിജീവിക്കുന്ന സാഹചര്യം വരും. ഇപ്പോഴത്തെ തിയേറ്റര്‍ സംസ്കാരത്തിന്റെ മറ്റൊരു പതിപ്പിന് തന്നെ ഓണ്‍ലൈനിലും കളമൊരുങ്ങും. മുന്‍പ് ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചപ്പോള്‍ ഒരു നയമോ, നികുതി ഘടനയോ ഇല്ലാതായപ്പോഴുള്ള ഒരു സങ്കീര്‍ണ്ണ പ്രശ്നം തന്നെയാണ് ഇപ്പോള്‍ മുന്നിലുള്ളത്. കൃത്യമായ ഒരു ഓണ്‍ലൈന്‍ പ്രദര്‍ശന നയവും, ഘടനയും രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ആദ്യം വേണ്ടത്. വഴിയറിയാതെ കാഴ്ച്ചകള്‍ തേടുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്താനായി നൂറ് ദിവസവും ഇരുന്നൂറ് ദിവസവും ഓടിയ ചിത്രങ്ങളുടെ ഗൃഹാതുരത പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്കും കാഴ്ച്ചക്കാരനും നഷ്ടമില്ലാത്ത പുതിയ ചര്‍ച്ചകളുടെ വാതായനങ്ങള്‍ തുറന്നിട്ട് നൂതന സാധ്യതകളിലേക്ക് കണ്ണ് തുറക്കാന്‍ സമയമായിട്ടുണ്ട്.