
‘ടേയ്ക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനത്തിലൊരുങ്ങുന്ന ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാലിക്. വൈറലായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് ശേഷം ഇപ്പോള്‍ ചിത്രത്തിലെ രണ്ടാം പോസ്റ്റര്‍ റിലീസിനും ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇതോടെ ഫഹദ് തന്റെ ഏറ്റവും വ്യത്യസ്ഥമായ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിനുള്ള കാത്തിരിപ്പ് ആരംഭിക്കുകയാണ്.
നിമിഷ സജയനും മറ്റൊരു കേന്ദ്രകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. തീരദേശ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
25 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് ഉള്ളത്. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, പഴയ സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരും വേഷമിടുന്നു. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഏറെക്കുറെ ടേയ്ക്ക് ഓഫിന്റെ അതേ ക്രൂ തന്നെയാണ് മാലിക്കിലും. ടേക്ക് ഓഫിലൂടെ തന്നെ ദേശീയ അവാര്‍ഡ് വാങ്ങിയ സന്തോഷ് രാമന്‍ കലാസംവിധാനവും, സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും ചിത്രത്തിന് വേണ്ടി നിര്‍വഹിക്കുന്നു. 2020 ഏപ്രില്‍ 12ന് ചിത്രം തിയറ്ററുകളില്‍ എത്തും.