ധീരദേശാഭിമാനിയായ കുഞ്ഞാലി മരക്കാറെ മോശമായി ചിത്രീകരിച്ചെന്ന് പരാതിയുമായി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന പ്രിയദർശൻ ചിത്രത്തിനെതിരെ യതാർത്ഥ മരക്കാർ പരമ്പരയിലെ കുടുംബാഗങ്ങൾ രംഗത്ത്. സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഹൈകോടതിയിൽ ഹർജി നൽകി. മരക്കാർ വംശപരമ്പയിൽപെട്ട കൊയിലാണ്ടി നടുവത്തൂർ ഫലസ്തീൻഹൗസിൽ മുഫീദ അറഫാത്ത് മരക്കാർ ആണ് ഹർജി നൽകിയത്.
കുഞ്ഞാലിമരക്കാരായി നടൻ മോഹൻലാൽ വേഷമിടുന്ന ചിത്രത്തിൽ മരക്കാരുടെ തലപ്പാവിന് താഴെ നെറ്റിയിൽ ഗണപതിയുടെ ചിഹ്നം പതിച്ചത് ചരിത്ര യാഥാർഥ്യങ്ങളെ വളച്ചൊടിച്ചതാണെന്നും, തികഞ്ഞ സൂഫിവര്യനും ഇസ്ലാമിക വിശ്വാസിയുമായ മരക്കാർ ഒരിക്കലും ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ആഭരണങ്ങൾ ധരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സിനിമയുടെ പരസ്യങ്ങളും മറ്റും ഇതിനകം കണ്ടതിലൂടെ കെട്ടിച്ചമച്ച കഥയാണ് സിനിമയാക്കിയതെന്ന സംശയവുമുണ്ട്. വിവാഹം പോലും കഴിക്കാത്ത മരക്കാറിനെ പ്രണയ നായകനാക്കി ചരിത്രത്തെ വികലമാക്കുകയാണ് ചിത്രത്തിൽ ചെയ്യുന്നത്. ചരിത്ര യാഥാർഥ്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ സിനിമ പുറത്തിറങ്ങുന്നത് തെറ്റിദ്ധാരണയും മരക്കാർ വംശത്തിൽപ്പെട്ട ആയിരത്തിലധികം കുടുംബങ്ങൾക്ക് മനോവേദനയും ഉണ്ടാക്കുന്നതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, സെൻസർ ബോർഡിന് ഇവർ നൽകിയ പരാതി തള്ളിയിരുന്നു.
അതേ സമയം 1952ലെ സിനിമാറ്റോഗ്രാഫിക് ആക്ട് പ്രകാരം സെൻസർബോർഡിൽ ലഭിക്കുന്ന ഏത് പരാതിയും സെന്റ്ര്ൽ ഗവൺമെന്റിനെ ബോധിപ്പിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് നടത്തിയ നിയമ നടപടികളേക്കുറിച്ച് കോടതിയെ അറിയക്കണമെന്ന് കേന്ദ്രസർക്കാർ സ്റ്റാൻഡിംഗ് കൗൺസിലിന് കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പരാതിക്കാരനായ മൂഫീദ അറാവത്തിന്റെ അഭിഭാഷകൻ പറയുന്നു.
ഹൈക്കോടതി മാർച്ച് നാലിന് ഹർജി വീണ്ടും പരിഗണിക്കും. ചൈനീസ് ഉൾപ്പടെ നാല് ഭാഷകളിൽ നിർമിക്കുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.