വാലന്റൈന്‍സ് ഡേ ദിനത്തില്‍ പല സിനിമാജോഡികളും വെള്ളിത്തിരിയിലൊന്നിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാല്‍ നീണ്ട എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനിലൊന്നിക്കുന്ന കരീനയുടെയും അമീര്‍ ഖാന്റെയും ജോഡിയാണ് ഇപ്പോള്‍ ബോളിവുഡ് സിനിമയുടെ ശ്രദ്ധാ കേന്ദ്രം. ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിന് ശേഷം അമീര്‍ നായകനായെത്തുന്ന ലാല്‍ സിങ്ങ് ചദ്ധയുടെ പോസ്റ്ററിലാണ് കരീനയുടെയും അമീറിന്റെയും ജോഡി പ്രത്യക്ഷമായിരിക്കുന്നത്. പൊട്ടും തൊട്ട് കണ്ണെഴുതി വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് കരീന പോസ്റ്ററില്‍ പ്രത്യക്ഷമായിരിക്കുന്നത്. ചിത്രത്തിലെ അമീറിന്റെ കഥാപാത്രമായ ലാല്‍ സിങ്ങ് ഛദ്ധയെ പുറം തിരിഞ്ഞ് കെട്ടിപ്പിടിച്ച് നില്ക്കുന്ന കരീനയുടെ കഥാപാത്രത്തെയാണ് കാണുന്നത്.
ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഇന്ത്യന്‍ റീമെയ്ക്കായ ചിത്രമാണ് ‘ലാല്‍ സിങ്ങ് ഛദ്ധ’. നിരവധി ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ച ഹോളിലുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചനകള്‍. അതുല്‍ കുല്‍ക്കര്‍ണിയുടെ അവലംബിത തിരക്കഥ സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദനാണ്.