2019 സെറാ-വനിതാ ഫിലിം അവാര്‍ഡ്സില്‍ നാല് പുരസ്കാരങ്ങളുമായി ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട് ലൂസിഫര്‍. മികച്ച നടന്, നടി, സംവിധായകന്, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലായിരുന്നു ചിത്രത്തിന് പുരസ്കാരം. പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ സംവിധായകന് പൃഥ്വിരാജിന്റെ രസകരമായ മറുപടിയും ചടങ്ങില്‍ ശ്രദ്ധേയമായി.
‘ മലയാള സിനിമയില്‍ മികച്ച റിയലിസ്റ്റിക് ചിത്രങ്ങളുണ്ടാകുന്ന അവസരത്തിലാണ് താന്‍ ലൂസിഫര്‍ പോലൊരു മെയ്ന്‍ സ്ട്രീം മാസ്സ് സിനിമയുമായി വരുന്നത്. ആ ഒരു സാഹചര്യത്തില്‍ തന്നെ വിശ്വസിച്ച് ഈ സിനിമയെടുക്കാന്‍ തയ്യാറായ നിര്‍മ്മാതാവിനാണ് ഈ ജനപ്രിയ പുരസ്കാരം സമ്മാനിക്കേണ്ടത്’ – പൃഥ്വി ചടങ്ങില്‍ വെച്ച് പറഞ്ഞു. അതേ സമയം എമ്പുരാന് ലൂസിഫറിനേക്കാള്‍ ചിലവുണ്ടാകുമെന്നും അതാണ് താന്‍ നിര്‍മ്മാതാവിനെ ഇത്ര പൊക്കിപ്പറയാന്‍ കാരണമെന്നും രസികനായ സംവിധായകന് കൂട്ടിച്ചേര്‍ത്തു.
2021 അവസാനത്തോടെയേ എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു. എമ്പുരാന് മുമ്പായി പൃഥ്വിയെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന സിനിമയ്ക്കുള്ള രചനയിലാണ് മുരളി ഗോപി. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍. 200 കോടി ക്ലബില്‍ കയറിയ ചിത്രം നിലവില്‍ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.