രജിഷയുടെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം

ധനുഷിന്റെ നായികയായി തമിഴില്‍ അഭിനയിക്കാനൊരുങ്ങി മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍. ‘കര്‍ണന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രജിഷയ്ക്ക് പുറമെ ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പരിയേറും പെരുമാളും എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യോഗി ബാബുവും നടരാജന്‍ സുബ്രഹ്മണ്യനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രജിഷയുടെ തമിഴിലെ ആദ്യ ചിത്രമാണ് കര്‍ണന്‍. ചിത്രം നിര്‍മ്മിക്കുന്നത് കലൈപുളി എസ് തനുവിന്റെ വി. ക്രിയേഷന്‍സ് ആണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് കര്‍ണനിലും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്.