ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് കവി തിരുവള്ളുവര്‍ ആയി എത്തുന്നു. വെബ് സിരീസിനു വേണ്ടിയാണ് ഹര്ഭജന് തിരുവള്ളുവരുടെ വേഷത്തിലെത്തുന്നത്. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ‘തിരുക്കുറല്‍ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്’ എന്ന വെബ് സിരീസിലാണ് ഹര്ഭജന് അഭിനയിക്കുന്നത്. പത്ത് ഭാഗങ്ങളുളള പരമ്പര 2020 ഫെബ്രുവരി രണ്ടു മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും. യൂട്യൂബിലൂടെ ശ്രദ്ധേയരായ ബ്ലാക്ക് ഷീപ്പാണ് ഈ വെബ് സിരീസ് നിര്‍മ്മിക്കുന്നത്.
ഹര്ഭജന് സിംഗിന്റെ തമിഴ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സന്താനം നായകനാവുന്ന ദിക്കിലൂന എന്ന ചിത്രത്തിലൂടെയാണ് ഹര്ഭജന് സിംഗ് തമിഴില്‍ എത്തുന്നത്. യോഗി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. ഹര്ഭജന് സിംഗിന് പുറമെ ക്രിക്കറ്റ് താരം ഇര്ഫാന് പത്താനും അടുത്തിടെ തമിഴില്‍ അരങ്ങേറിയിരുന്നു. ചിയാന്‍ വിക്രം നായകനാവുന്ന പുതിയ സിനിമയിലാണ് പത്താന് വില്ലന്‍ വേഷത്തിലെത്തുന്നത്.