ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ ചോലയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു. മനുഷ്യ മനസ്സിന്റെ അതി സങ്കീര്‍ണ്ണതകള്‍ അന്വേഷിച്ചുള്ള സനല്‍കുമാര്‍ ശശിധരന്റെ മുന്‍ സിനിമകളോട് ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു വ്യത്യസ്തമായ യാത്രയാണ് ചോല എന്ന ചിത്രവും. അതി ഗൗരവമേറിയ കഥാപരിസരം, റിയലിസ്റ്റിക്കായ ആഖ്യാനം, വിദേശ ഭാഷാ ചിത്രങ്ങളോട് കിടപ്പിടിക്കുന്ന മെയ്ക്കിംഗ് എന്നിവയാണ് ചോലയുടെ പ്രത്യേകത. കണ്ടു ശീലിച്ച നടപ്പുവഴികളില്‍ നിന്നും വ്യത്യസ്തമായ നിഗൂഢതകളിലൂടെയും, വന്യതയിലൂടെയുമുള്ള യാത്ര സാധാരണ പ്രേക്ഷകര്‍ക്ക് അത്ര പരിചിതമുള്ള വഴിയാവില്ല. പക്ഷേ ഓരോ ചിത്രങ്ങളും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ സനല്‍ സാധാരണ പ്രേക്ഷകരെ കൂടെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ചോലയ്ക്ക് ലഭിച്ച സ്വീകാര്യത.
അക്കാദമിക്ക് ഗൗരവത്തോടെ സിനിമയെ സമീപിക്കുന്നവര്‍ നിര്‍ബന്ധമായും കാണേണ്ട ചിത്രമാണ് ചോല. ചോലയെന്ന പേര് കേള്‍ക്കുമ്പോള്‍ സ്വച്ഛമായ ഒഴുക്കും ശാന്തിയും കുളിരുമൊക്കെയാണ് മനസ്സിലേയ്ക്കെത്തുകയെങ്കിലും അത് ചോരയിലേക്ക് വഴിമാറാന്‍ നിമിഷങ്ങള്‍ മതിയെന്ന് ചിത്രം കാണിച്ചു തരുന്നുണ്ട്. ഒരോ വ്യക്തിയും ഇഴപിരിച്ചെടുക്കാനാവാത്ത വിധം ഏതെല്ലാമോ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ എന്തെല്ലാമായി തീരുമെന്ന് പറയാനാവാത്ത ‘അനിശ്ചിതത്വ’ മാണ് ആത്യന്തികമായി നിലനില്‍ക്കുന്നതെന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ചോല. കൗതുകം, പ്രണയം, വന്യമായ കാമം, കീഴടക്കല്‍, കീഴടങ്ങല്‍, പ്രതികാരം, കണ്ണീര് ഇവയെല്ലാം ചേര്‍ത്ത് ചോരയിലാണ് ‘ചോല’ ചാലിച്ചെടുത്തത്.
സ്ത്രീ സുരക്ഷയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് ‘ഞാന്‍ ആരുടെ വിഹിതമാണെന്ന’ ഓരോ സ്ത്രീയും ചോദിയ്ക്കുന്ന ചോദ്യം അവശേഷിപ്പിച്ചാണ് ചോല പ്രേക്ഷക മനസ്സിലേക്ക് പടരുന്നത്. കാമുകന്റെ കൗശലവും, കൗതുകവും, നിസ്സഹായതയും, തേങ്ങലും, പ്രതികാരവും എല്ലാം പ്രകടിപ്പിച്ച അഖില്‍ വിശ്വനാഥന്, പക്വതയെത്താത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നിഷ്കളങ്കതയും, നിസ്സഹായതയും അവതരിപ്പിച്ച അതേ താരം തന്നെയാണോ ചിത്രം മുന്നോട്ട് പോകുമ്പോള്‍ എന്ന് തോന്നിപ്പിച്ച പ്രകടനം കാഴ്ച്ചവെച്ച നിമിഷ, പിന്നെ ജോജു ജോര്‍ജ്ജ് തുടങ്ങീ മൂന്ന് താരങ്ങളും ഒരുപോലെ മത്സരിച്ചഭിനയിച്ച ചിത്രമാണ് ചോല. പൊറിഞ്ചുവില്‍ നിന്നും, ജോസഫില്‍ നിന്നും വ്യത്യസ്തമായി അത്രമേല്‍ ദയയില്ലാത്ത വെറുപ്പ് തോന്നുന്ന കഥാപാത്രമായ് ജോജു വിസ്്മയിപ്പിക്കുകയായിരുന്നു.
മനുഷ്യ മനസ്സിന്റെ സങ്കീര്ണതകളേയും, വന്യമായ ചിന്തകളേയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അജിത് ആചാര്യയുടെ ഛായാഗ്രഹണം തെല്ലൊന്നുമല്ല സഹായിച്ചത്. തത്സമയ ശബ്ദ ലേഖനവും, റിയലിസ്റ്റിക്ക് കാഴ്ച്ചകളും എല്ലാം വയലന്സ്സുള്പ്പെടെയുള്ള രംഗങ്ങള്‍ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്കെത്താന്‍ സഹായിച്ചു. സാധാരണ ഒരു ചിത്രം കണ്ടിറങ്ങി വരുന്ന അതേ അനുഭവത്തോടെ നിങ്ങള്‍ക്ക് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങി കഴിഞ്ഞാലും ചോലയെ വിട്ട് കളയാനാവില്ല. അത്രമേല്‍ അതിലെ ചുഴികളിലെ ഓരോ അടരുകളിലും നിങ്ങള്‍ അറിയാതെ തന്നെ പരതുന്നുണ്ടാവും…ആ ചുഴിയിലെ ഏതെങ്കിലും നിഗൂഢതയില്‍ എവിടെയൊക്കെയോ നിങ്ങളുടെ നിഴലുകളും, പ്രതിബിംബങ്ങളും കാണുന്നുണ്ടെങ്കില്‍ അത് തന്നെയാണ് ചോല. സിനിമ സങ്കല്‍പ്പത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടെ വഴിയൊരുക്കിയാണ് ചോല ഒഴുകുന്നത്.