ഇന്‍സ്റ്റാഗ്രാമിലെ രാജ്ഞി എന്ന പദവി അമേരിക്കന്‍ ഗായികയും നടിയുമായ സെലിന ഗോമസിന് നഷ്ടമായി. ഇന്‍സ്റ്റാഗ്രാമില്‍ ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ പിന്തുടരുന്ന താരം എന്ന ബഹുമതിയാണ് രണ്ടുവര്‍ഷത്തിനുശേഷം ഇരുപത്താറുകാരിക്ക് നഷ്ടമായത്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇപ്പോള്‍ ഈ ബഹുമതിക്ക് അര്‍ഹന്‍. ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറെനാളായി സെലീന ഗോമസിന് പിന്നിലുള്ള ക്രിസ്റ്റ്യാനോ കഴിഞ്ഞദിവസമാണ് മുന്നിലെത്തിയത്.144,308,767 പേരാണ് സെലീനയെ പിന്തുടര്ന്നിരുന്നത്.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലായി റൊണാള്‍ഡോക്ക് 27 കോടിയോളം ആരാധകരുണ്ടെന്നാണ് കണക്ക്. ഇതുപരിഗണിച്ച് റൊണാള്‍ഡോക്ക് ‘ഭൂമിയിലെ ഏറ്റവും ആരാധകരുള്ള കായികതാരം’ എന്ന ബഹുമതി ഇഎസ്പിഎന്‍ പ്രഖ്യാപിച്ചിരുന്നു.
സെപ്തംബറിലാണ് സെലീന ഇന്‍സ്റ്റാഗ്രാമില്‍ അവസാന പോസ്റ്റിട്ടത്. സാമൂഹ്യമാധ്യമങ്ങള്‍ മടുത്തു തുടങ്ങിയതായി സെലീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചെറുപ്രായത്തിലേ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട താരം, വര്‍ഷങ്ങളായി കടുത്ത മാനസിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് സെലീന ഇന്‍സ്റ്റാഗ്രാമില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.