ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം പേരന്പ് ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 49ാം ഐഎഫ്എഫ്ഐയില്‍ പേരന്‍പിനെ കൂടാതെ ടോയ്ലറ്റ്, ഭാരം, പരിയോരും പെരുമാള്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ റാം ഒരുക്കിയ പേരന്പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്നത്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി,അഞ്ജലി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. പേരന്‍പിലൂടെ സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേക്ക് അരങ്ങേറുന്നു എന്നൊരു പ്രത്യേകതകൂടി ഉണ്ട്.പി.എല്‍ തേനപ്പനാണ് പേരന്പ് നിര്‍മ്മിക്കുന്നത്.
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ ചിത്രത്തിന് ഷാങ്ഹായ് ഫെസ്റ്റിവലിലും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. അമുദന് എന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. പുറത്തു വന്നിട്ടുള്ള ടീസറുകള്‍ക്കും പാട്ടിനുമെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.ലോക ചലച്ചിത്രോത്സവങ്ങളില്‍ ഇടം കണ്ടെത്തിയിട്ടുള്ള ചിത്രത്തിന് ഒട്ടേറെ പ്രശംസകള്‍ നേടിയിരുന്നു.പേരന്പ് ചൈനയില്‍ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചൈനയിലെ നിര്‍മ്മാണ കമ്പനി രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാവും ‘പേരന്പ്’.