‘ലാല്‍ ജോസ്’ മാജിക്കുമായി നാല്‍പ്പത്തിയൊന്ന്…!

','

' ); } ?>

തട്ടുംപുറത്ത് അച്യുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് എന്ന സംവിധായകന്‍ തന്റെ 25ാം ചിത്രവുമായി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ബിജു മേനോന്‍, നിമിഷ സജയന്‍, നവാഗതനായ ശരണ്‍ ജിത്ത് എന്നിവരെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് സമിശ്ര പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. 41ന്റെ വിശേഷങ്ങളിലേയ്ക്ക്…

കണ്ണൂര്‍ ജില്ലയിലെ ഒരു പാര്‍ട്ടി ഗ്രാമം.. ഗ്രാമത്തില്‍ നടക്കുന്ന ഒരു യുക്തിവാദി സമ്മേളനത്തില്‍ നിന്നാണ് ചിത്രമാരംഭിക്കുന്നത്. അധ്യാപകനും കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയും സര്‍വ്വോപരി യുക്തിവാദിയുമായ ഉല്ലാസ് മാഷ് തന്റെ വിദ്യാര്‍ത്ഥികള്‍ക്കുമുമ്പില്‍ ആള്‍ദൈവങ്ങളുടെ തരികിടകള്‍ ഓരോന്നോരാന്നായി പൊളിക്കുകയാണ്. എന്നാല്‍ തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ തരികിട ചോദ്യത്തിന് മുന്നില്‍ ഉല്ലാസ് മാഷിന്റെ യുക്തികളെല്ലാം പൊളിയുകയാണ്.

ഉല്ലാസ് മാഷിന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലെല്ലാം അദ്ദേഹത്തിന്റെ യുക്തി തനിക്കെതിരായി നിലകൊള്ളുകയാണ്. ഒടുവില്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഒരു അണിക്കുവേണ്ടി ശബരിമലയ്ക്ക് പോകാന്‍ നിര്‍ബന്ധിതനാകുന്ന മാഷിന്റെ ജീവിതത്തില്‍ ആ സംഭവം ഒരു വലിയ വഴിത്തിരിവാകുകയാണ്.

കണ്ണൂര്‍ ഭാഷാ ശൈലിയില്‍ സംസാരിച്ചും നടപ്പിലും നിപ്പിലും കമ്യൂണിസ്റ്റ് കാരനായും ബിജു മേനോന്‍ ഉല്ലാസ് മാഷിന്റെ കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. ഒപ്പം സഹതാരങ്ങളായെത്തിയ നിമിഷയും ഇന്ദ്രന്‍സ് ചേട്ടനും യുവതാരങ്ങളായ ശരണ്‍ ജിത്ത്, ധന്യ അനന്യ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. ശരണ്‍ന്റെ പല ഭാവങ്ങളും മണിച്ചേട്ടനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ടെക്‌നിക്കല്‍ വശങ്ങളെല്ലാം തന്നെ നന്നായി അവതരിപ്പിക്കാന്‍ നാല്‍പ്പത്തിയൊന്നിന് കഴിഞ്ഞിട്ടുണ്ട്. എസ് കുമാറിന്റെ ഫ്രെയ്മുകള്‍, ബിജിബാലിന്റെ സംഗീതം, രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങ് എന്നിവയെല്ലാം ചിത്രത്തോട് ചേര്‍ന്നുനിന്നു.

വിശ്വാസവും അവിശ്വാസവുമെല്ലാം മനുഷ്യജീവിതത്തിന്റെ ഭാവങ്ങളാണ്. ചില നേരങ്ങളില്‍ ഭക്തി നമ്മെ മുന്നോട്ട് നയിക്കുമ്പോള്‍ ചില നേരങ്ങളില്‍ യുക്തി നമ്മെ മുന്നോട്ട് കൊണ്ടു പോകുന്നു, എപ്പോഴും ആവശ്യമായത് തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഈ ആശയം മനോഹരമായി കാണിക്കാന്‍ സാധിച്ചതിന് ലാല്‍ ജോസിനും നാല്‍പ്പത്തിയൊന്നിനും ആശംസകള്‍.