വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ (40) അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത്വെച്ച് അപകടത്തില്‍പ്പെട്ടത്. ഏകമകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി സംഭവ സ്ഥലത്ത് വെച്ച്തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഡ്രൈവര്‍ അര്‍ജുനും ചികിത്സയിലാണ്.
1978 ജൂലൈ പത്തിന് കെ.സി. ഉണ്ണിയുടെയും ബി. ശാന്തകുമാരിയുടെയും മകനായി തിരുവനന്തപുരത്താണ് ബാല ഭാസ്കറിന്റെ ജനനം. ഗായകന്, സംഗീത സംവിധായകന്, വയലിനിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ബാല ഭാസ്കര്‍ ഫ്യുഷന്, കര്‍ണാടക സംഗീതം തുടങ്ങിയവയില്‍ പ്രാഗത്ഭ്യം തെളിയിച്ചു. നിനക്കായ്, ആദ്യമായ് തുടങ്ങിയ നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയ ബാലു മൂന്നാം വയസ്സില്‍ അമ്മാവന് ബി. ശശികുമാറില്‍ നിന്നുമാണ് കര്‍ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയത്. .
മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ബാല ഭാസ്കര്‍ തന്റെ പന്ത്രണ്ടാം വയസ്സിലാണ് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയത്. പതിനേഴാം വയസില്‍ ‘മംഗല്യ പല്ലക്ക് ‘ എന്ന സിനിമയ്ക്ക് സംഗീതസംവിധാനം ചെയ്ത് മലയാള സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീത സംവിധായകനായി. പ്രശസ്ത സംഗീതജ്ഞന് എ.ആര് റഹ്മാന്, മേള വിദ്വാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ്താദ് സക്കീര്‍ ഹുസൈന്, ശിവമണി, വിക്കു വിനായക് റാം, ഹരിഹരന്, പാശ്ചാത്യ സംഗീതജ്ഞന് ലൂയി ബാങ്ക്, ഫസല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ജുഗല്‍ബന്ധിയിലൂടെ ഏറെ ശ്രദ്ധേയനായി. .സംഗീത ജീവിതത്തിലെ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ കെ.ജെ യേശുദാസ്, പി.ജയചന്ദ്രന്, കെ.എസ് ചിത്ര തുടങ്ങി പ്രമുഖ ഗായകര്‍ ബാലഭാസ്കറിന്റെ ഈണത്തിന് ശബ്ദം പകര്‍ന്നു. കോളജ് പഠന കാലത്ത് കണ്ഫ്യൂഷന് എന്ന പ്രൊഫഷണല്‍ ബാന്‍ഡ് രൂപീകരിച്ചു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ്, ബാലലീല എന്നീ ബാന്‍ഡുകളും സ്ഥാപിച്ചു. .
കേരളത്തിന് ആദ്യമായി ഇലക്ട്രിക് വയലിന്, ഇന്തോ വെസ്റ്റേണ്‍ സംഗീതം പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്.
സഹപാഠികളായിരുന്ന ബാലഭാസ്കറും ലക്ഷ്മിയും 2000ത്തിലാണ് വിവാഹിതരായത്. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയാണ് തേജസ്വിനി ബാല.
മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23നു തൃശൂരില്‍ പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങവേയാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം യൂണിവേഴ്സിറ്റി കോളേജിലും കലാഭവന്‍ തിയേറ്ററിലും ഇന്ന് പൊതുദര്ശനത്തിനുവെയ്്ക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുമലയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. .