ഏറെ സാഹസികമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മഞ്ജു വാര്യരും സംഘവും ഹിമാലയത്തില്‍ നിന്നും ചിത്രീകരണം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ സനല്‍ കുമാര്‍ ശശിധരന് ചിത്രം കയറ്റത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ചിന്താമഗ്നയായി നോക്കുന്ന മഞ്ജുവിന്റെ മുഖമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ഒരു മലയുടെ മുകളിലൂടെയെന്ന രീതിയില്‍ മഞ്ജുവിന്റെ മുഖത്തിന് മുകളിലൂടെ നടന്നു നീങ്ങുന്ന ഒരു സംഘത്തേയും ചിത്രത്തില്‍ കാണാം. ഹിമാലയത്തിലെ സാഹസിതയും പരീക്ഷണങ്ങളും നിറഞ്ഞ ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചനകള്‍. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന് തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
ഹിമാലയത്തിലെ മണാലി തുടങ്ങി പലഭാഗങ്ങളിലായിയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഈ ചിത്രീകരണ വേളയിലായിരുന്നു സനല്‍ കുമാറും മഞ്ജു വാര്യരും സംഘവും ഹിമാലയത്തില്‍ കുടുങ്ങിപ്പോയത്. ചിത്രീകരണത്തിനായി ഹിമാചലിലെ ചത്രുവിലെത്തിയ സംഘം കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാതെ കുടുങ്ങിപ്പോവുകയായിരുന്നു. ഒടുവില്‍ ലാഹുല്‍ പ്രദേശത്തെ ദുരന്തനിവാരണ അതോറിറ്റിയാണ് ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
സനല്‍കുമാര്‍ ശശിധരന് തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് രതീഷ് ഈറ്റില്ലമാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ് നിര്‍വഹിക്കുന്നു.
നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം സനല്‍കുമാര്‍ ശശിധരനെ തേടിയെത്തിയിരുന്നു. ‘ചോല’യിലെ ശബ്ദം ഡിസൈന്‍ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും സനല്‍കുമാര്‍ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്.