രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് ജയസൂര്യയുടെ സാന്ത്വനം. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.
അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപില്‍ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോള്‍ തിരികെയെത്തിച്ചതാവട്ടെ ലിനുവിന്റെ ചേതനയറ്റ ശരീരം.
ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിനാണ് യുവാക്കള്‍ രണ്ടു സംഘമായി 2 തോണികളില്‍ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളില്‍ അന്വേഷിച്ചു. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാംപിലുണ്ട്. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് നടന്‍ മമ്മൂട്ടിയും ഈ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നിരുന്നു.