പ്രശസ്ത സംവിധായകന് ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രം ‘പൊറിഞ്ചു മറിയം ജോസി’ന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മോഹന്‍ലാലാണ് ട്രെയിലര്‍ ആരാധകര്‍ക്കായി പുറത്ത് വിട്ടത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവരാണ് പൊറിഞ്ചു മറിയം ജോസിലെ പ്രധാന താരങ്ങള്‍. പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും പരിചയപ്പെടുത്തുന്ന വിധത്തിലാണ് ട്രെയിലര്‍. കാട്ടാളന് പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു. സിനിമ സ്വാതന്ത്ര്യ ദിനത്തിലാണ് തീയേറ്ററുകളിലെത്തുന്നത്.
മമ്മൂട്ടി, വിജയ് സേതുപതി, ദിലീപ്, ജയറാം, പൃഥ്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ബിജു മേനോന്, വിനായകന്, സൗബിന്, ജയസൂര്യ, വിനീത് ശ്രീനിവാസന്, അനൂപ് മേനോന്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്, ഇന്ദ്രജിത്ത്,ആന്റണി വര്‍ഗീസ്, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷ സജയന്, രജിഷ വിജയന്, അപര്‍ണ ബാലമുരളി, അനു സിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയും ഒരേ സമയത്ത് ട്രെയിലര്‍ റിലീസ് ചെയ്തു. മുന്‍പ് ഇതിന് സമാനമായി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ചുകളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും താരങ്ങള്‍ ഒരുമിച്ച് ഒരു ട്രെയിലര്‍ പുറത്ത് വിട്ടത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്.