നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്ററുകള്‍ തരംഗമാകുന്നു. 1980 കളുടെ സാമൂഹിക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ ജോജുവും നൈല ഉഷയും ചെമ്പന്‍ വിനോദുമെല്ലാം അമ്പരപ്പിക്കുന്ന ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തില്‍ ഒരു വന്‍ താര നിര തന്നെയാണ് എത്തുന്നത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷന്‍സാണ് തീയറ്ററുകളില്‍ എത്തിക്കുന്നത്. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോള്‍ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു. ഒപ്പം വ്യത്യസ്ഥ കഥാപാത്രങ്ങളുമായി സുധി കോപ്പ, കലാഭവന്‍ നിയാസ്, ജയരാജ് വാര്യര്‍, രാഹുല്‍ മാധവ്, അനില്‍ നെടുമങ്ങാട്, സലീം കുമാര്‍, സിനോജ്, നന്തു, ടിജി രവി, വിജയ രാഘവന്‍, സ്വാസിക, സാധിക വേണുഗോപാല്‍, പാര്‍വ്വതി ടി, എന്നിവരുമെത്തുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രം കൂടിയാണ് പൊറിഞ്ചു മറിയം ജോസ്. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫറാണ് നൈല ഉഷ അവസാനമായി അഭിനയിച്ച ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെതായി ഇനി റിലീസ് ചെയ്യാന്‍ ഉള്ള പ്രധാന ചിത്രം.