ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ദളപതി വിജയ് നായകനാകുന്ന ബിഗിലിലെ ആദ്യപാട്ട് പുറത്തിറങ്ങി. ‘സിങ്കപ്പെണ്ണെ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ തന്നെയാണ്. ഈ മാസം അവസാനത്തോടെ ഡല്‍ഹിയില്‍ ബിഗിലിന്റെ അവസാന ഷെഡ്യൂളിലേക്കായി അണിയറ പ്രവര്‍ത്തകര്‍ നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് അഭിനയിക്കുന്ന ആദ്യ സ്‌പോര്‍ട്‌സ് ഡ്രാമ എന്ന നിലയില്‍ ഇതിനകം ശ്രദ്ധേയമായ ചിത്രത്തില്‍ മൈക്കിള്‍ എന്ന ഫുട്‌ബോള്‍ കോച്ചിന്റെ വേഷത്തിലും അച്ഛന്‍ വേഷത്തിലും വിജയ് എത്തുന്നു. വനിതകളുടെ ഫുട്‌ബോള്‍ ടീമിനെയാണ് വിജയ് പരിശീലിപ്പിക്കുന്നത്.
പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ്, വിവേക്, മലയാളി താരം റീബ മോണിക്ക, ഐഎം വിജയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മ്മാണം. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ അണിയറയില്‍ ഏറെക്കുറെ മെര്‍സല്‍ ടീം തന്നെയാണ് അണിനിരക്കുന്നത്. ദീപാവലിക്ക് ബിഗില്‍ തിയേറ്ററുകളിലെത്തും.