മരണാനന്തര ബഹുമതി ആയി എം.ജെ രാധാകൃഷ്ണന് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കണം-ഡോ. ബിജു

','

' ); } ?>

കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയി ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു. മലയാള സിനിമ മുന്‍പ് തന്നെ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കേണ്ട വ്യക്തിത്വമായിരുന്നു എംജെ രാധാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. എം.ജെ .രാധാകൃഷ്ണന്‍ ഏത് നിലയില്‍ നോക്കിയാലും ഈ പുരസ്‌കാരത്തിന് അര്‍ഹനാണ്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് അത് നല്‍കാന്‍ സാധിച്ചിട്ടില്ല. മരണാനന്തര ബഹുമതി ആയെങ്കിലും എംജെ രാധാകൃഷ്ണന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കേണ്ടതാണ്. മലയാള സിനിമയില്‍ ആ പുരസ്‌കാരം അര്‍ഹിക്കുന്ന ആളുകളില്‍ ഏറ്റവും മുന്‍ നിരയിലുള്ള ഒരു പേര് അദ്ദേഹത്തിന്റേത് തന്നെയാണ്. വരും വര്‍ഷമെങ്കിലും അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അര്‍ഹതയ്ക്ക് വൈകി ആയാലും അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

എപ്പോഴും കൂടെ നടന്നിരുന്ന ഒരാള്‍..ഒന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും കൂടെയില്ല ….ഒരു നിമിഷം കൊണ്ട് ഒപ്പം നിന്ന ഫ്രെയിമില്‍ നിന്നും അപ്രത്യക്ഷനായി…ഒന്‍പത് സിനിമകള്‍ ആണ് ഒന്നിച്ചു ചെയ്തത്..ഇനി ചെയ്യാനുള്ള സിനിമകള്‍ ഒന്നിച്ചാണ് സ്വപ്‌നം കണ്ടിരുന്നത്. പൂര്‍ത്തിയാക്കിയ രണ്ടു തിരക്കഥകള്‍, എഴുതി കൊണ്ടിരിക്കുന്ന ഒരെണ്ണം.എഴുതാന്‍ ആലോചിച്ചു വെച്ചിരിക്കുന്ന രണ്ടു കഥകള്‍..എല്ലാം അറിയാവുന്ന ഒരാള്‍ ആ സിനിമകള്‍ ഒക്കെ ബാക്കി വെച്ച് പെട്ടന്ന് ഒപ്പമുള്ള ഈ നടത്തവും ചിരിയും നിര്‍ത്തി പിന്‍വാങ്ങിയത് ഉള്‍ക്കൊള്ളാനായിട്ടില്ല ഇപ്പോഴും.

എം.ജെ ചേട്ടന്‍ എനിക്ക് എനിക്ക് ഒരു ക്യാമറാമാന്‍ മാത്രമല്ല. ഏറ്റവും അടുത്ത സുഹൃത്തും ജ്യേഷ്ഠ സഹോദരനും കൂടിയാണ്. വ്യക്തിപരമായ ഓര്‍മ്മകള്‍ ഒട്ടേറെ ഉണ്ട് അതൊന്നും എഴുതാനുള്ള മാനസികാവസ്ഥയില്‍ അല്ല ഇപ്പോള്‍. അത് പിന്നീട് വിശദമായി എഴുതാം. എം.ജെ. ചേട്ടന്‍ 75 സിനിമകള്‍ ആണ് ചെയ്തത് എന്നാണ് മിക്ക വാര്‍ത്തകളിലും കണ്ടത്. അത് തെറ്റാണ്. ഞങ്ങള്‍ ഒരുമിച്ചു 2012 ല്‍ ചെയ്ത ആകാശത്തിന്റെ നിറം എം.ജെ. ചേട്ടന്‍ ചെയ്ത എഴുപത്തി അഞ്ചാമത്തെ ചിത്രം ആയിരുന്നു. 2017 ല്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് എം.ജെ. ചേട്ടന്റെ നൂറാമത്തെ ചിത്രം ആയിരുന്നു.

ആ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. എം.ജെ. ചേട്ടന്റെ മകന്‍ യദു രാധാകൃഷ്ണന്‍ ആദ്യമായി ഛായാഗ്രഹണ സഹായി ആകുന്നതും, എന്റെ മകന്‍ ഗോവര്‍ദ്ധന്‍ നായകനായി അഭിനയിക്കുന്നതും ആ സിനിമയില്‍ ആയിരുന്നു.അതിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ കൂടി പിന്നിട്ടു, പെയിന്റ്‌റിംഗ് ലൈഫും വെയില്‍ മരങ്ങളും ഉള്‍പ്പെടെ പത്തിലധികം സിനിമകള്‍ കൂടി എംജെ ചേട്ടന്‍ ചെയ്തിട്ടുണ്ടാകണം. ഏതായാലും നൂറ്റിപ്പത്തോളം സിനിമകള്‍ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്. 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍. ഏറ്റവും കൂടുതല്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയതില്‍ മങ്കട രവിവര്‍മ്മയ്ക്ക് ഒപ്പം. മങ്കട രവിവര്‍മ്മയുടെ പുരസ്‌കാരങ്ങള്‍ ബഌക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ആണ്. ആ രീതിയില്‍ നോക്കിയാല്‍ മലയാള സിനിമ കളര്‍ ആയതിനു ശേഷം ഏറ്റവും കൂടുതല്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ കിട്ടിയത് എം.ജെ . രാധാകൃഷ്ണന് തന്നെയാണ് .

അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ എം.ജെ. രാധാകൃഷ്ണന് ആയിരിക്കണം. 6 അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍. 2008 ല്‍ ബയോസ്‌കോപ് എന്ന ചിത്രത്തിന് ന്യൂ യോര്‍ക്കിലെ സൗത്ത് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ മികച്ച ഛായാഗ്രാഹകന്‍, 2011 ല്‍ വീട്ടിലേക്കുള്ള വഴിക്ക് സാന്‍സിബാര്‍ ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം, 2013 ല്‍ പപ്പിലിയോ ബുദ്ധയ്ക്ക് മെക്‌സിക്കോയിലെ ഓക്‌സാകാ ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം, 2015 ല്‍ പേരറിയാത്തവര്‍ക്ക് റഷ്യയിലെ കസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ആസ്‌ട്രേലിയയിലെ ക്യൂന്‍സ് ഇന്ത്യന്‍ ഇന്റ്‌റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ 2016 ല്‍ വലിയ ചിറകുള്ള പക്ഷികള്‍ക്കും, 2017 ല്‍ സൗണ്ട് ഓഫ് സൈലന്‍സിനും മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം.

2019 ല്‍ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നഷ്ടപ്പെട്ടത് തല നാരിഴയ്ക്കാണ്. പുരസ്‌കാരം കിട്ടാന്‍ ഏറെ സാധ്യത ഉണ്ട് എന്ന് തോന്നിയതിനാല്‍ ഷാങ്ഹായ് ചലച്ചിത്ര മേള എം.ജെ.ചേട്ടനോട് മേള തുടങ്ങിയപ്പോള്‍ തന്നെ വിസ എടുത്തു വെക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ജൂറി തീരുമാനം ആയാലുടന്‍ പുരസ്‌കാരം ഉണ്ടെങ്കില്‍ അത് നേരിട്ട് സ്വീകരിക്കാന്‍ മേളയുടെ സമാപന ദിവസം എത്തുന്ന തരത്തില്‍ ഫ്‌ളൈറ്റ് വരെ മുന്‍കൂട്ടി താല്‍ക്കാലിക റിസര്‍വേഷന്‍ ചെയ്തിരുന്നു ഷാങ്ഹായ് മേളയുടെ ഗസ്റ്റ് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റ്. വെയില്‍മരങ്ങളിലൂടെ എം ജെ ചേട്ടനും സ്പ്രിങ് ടൈഡ് എന്ന ചൈനീസ് സിനിമയുടെ ഛായാഗ്രാഹകനും തമ്മിലുള്ള മത്സരത്തിനൊടുവില്‍ ചൈനീസ് ക്യാമറാമാന് പുരസ്‌കാരം ലഭിക്കുക ആയിരുന്നു. ജൂറി ചെയര്‍മാന്‍ നൂറി ബില്‍ഗേ സെയ്‌ലാന്‍ വെയില്‍മരങ്ങളുടെ ഛായാഗ്രഹണത്തെ പറ്റി ഏറെ പ്രശംസിച്ചു സംസാരിക്കുകയും ഉണ്ടായി .

എം.ജെ ചേട്ടന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സിനിമകള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ എല്ലാം തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ മറ്റൊരു ഛായാഗ്രാഹകനും ഈ നേട്ടം ലഭിച്ചിട്ടില്ല. കാന്‍സ്, ബെര്‍ലിന്‍, ഷാങ്ഹായ്, കാര്‍ലോ വിവാരി , ടോറോണ്ടോ, മോണ്ട്രിയല്‍ , കെയ്‌റോ , താലിന്‍ , ടോക്കിയോ , തുടങ്ങി ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ എം ജെ ചേട്ടന്‍ ഛായാഗ്രഹണം ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . കാന്‍സില്‍ മരണ സിംഹാസനത്തിനും , ബെര്‍ലിനില്‍ ഒറ്റാലിനും , ഷാങ്ഹായിയില്‍ വെയില്‍മരങ്ങള്‍ക്കും, എഡിന്‍ബര്‍ഗ് ചലച്ചിത്ര മേളയില്‍ സമ്മോഹനത്തിനും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . കാര്‍ലോ വിവാരി ചലച്ചിത്ര മേളയില്‍ ദേശാടനത്തിനു പ്രേത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്. എംജെ രാധാകൃഷ്ണന്‍ ഛായാഗ്രാഹകനായ ഒട്ടേറെ സിനിമകള്‍ക്ക് ദേശീയ പുരസ്‌കാരങ്ങളും ഇന്ത്യന്‍ പനോരമ സെലക്ഷനും ലഭിച്ചിട്ടുണ്ട്.

ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങളും ഇന്ത്യന്‍ പനോരമ സെലക്ഷനും ലഭിച്ചിട്ടുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ തന്നെ ആകണം. ദേശാടനം,കരുണം,ഏകാന്തം,തിരക്കഥ , വീട്ടിലേക്കുള്ള വഴി ,തനിച്ചല്ല ഞാന്‍ , പേരറിയാത്തവര്‍ ,വലിയ ചിറകുള്ള പക്ഷികള്‍ , ഒറ്റാല്‍ തുടങ്ങി ഛായാഗ്രഹണം നിര്‍വഹിച്ച, പതിനഞ്ചിലധികം ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍. ഛായാഗ്രഹണം നിര്‍വഹിച്ച ഇരുപത്തി അഞ്ചിലധികം ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ പനോരമ സെലക്ഷന്‍ (2016 ല്‍ ആണെന്ന് തോന്നുന്നു എം.ജെ. ചേട്ടന്‍ ക്യാമറ കൈകാര്യം ചെയ്ത 7 മലയാള സിനിമകള്‍ ആണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിവിധ വിഭാഗങ്ങളില്‍ ആയി പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത് . അതിനു മുന്‍പോ പിന്‍പോ ഒരു മലയാള ചലച്ചിത്ര പ്രവര്‍ത്തകനും അത്തരം ഒരു അംഗീകാരം ലഭിച്ചിട്ടില്ല ..

ദേശീയ പുരസ്‌കാരം ഒട്ടേറെ തവണ കപ്പിനും ചുണ്ടിനുമിടയില്‍ ആണ് അദ്ദേഹത്തിന് ലഭ്യമാകാതെ പോയത്. ഏതാണ്ട് അഞ്ചിലേറെ തവണ ദേശീയ പുരസ്‌കാരത്തിന്റെ അവസാന രണ്ടിലുള്ള പരിഗണനയില്‍ എത്തുകയും പക്ഷെ ദൗര്‍ഭാഗ്യവശാല്‍ പുരസ്‌കാരം ലഭ്യമാകാതെ വരികയും ചെയ്തു. ഒരുപക്ഷെ അദ്ദേഹം ചെയ്തു വെച്ച സിനിമകള്‍ ഇനിയുമുണ്ട് അടുത്ത വര്‍ഷവും അദ്ദേഹത്തിന് അവസരം ഉണ്ടെന്നത് ഏറെ പ്രത്യാശ നല്‍കുന്നു.. മറ്റൊരു വലിയ പ്രത്യേകത പിന്നീട് പ്രശസ്തരായവരും അല്ലാത്തവരുമായ ഒട്ടേറെ സംവിധായകരുടെ ആദ്യ സിനിമയുടെ ഛായാഗ്രാഹകന്‍ എം.ജെ . രാധാകൃഷ്ണന്‍ ആയിരുന്നു. ഏതാണ്ട് മുപ്പതിലധികം സംവിധായകരുടെ ആദ്യ സിനിമയ്ക്ക് പിന്നില്‍ ക്യാമറ ചലിപ്പിച്ചത് എം. ജെ ആണ് . അതില്‍ പലതും ദേശീയവും അന്തര്‍ദേശീയവും ആയി ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ . എന്റെ ആദ്യ ചിത്രം സൈറ , മധു കൈതപ്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം കിട്ടിയ ഏകാന്തം , മുരളി നായര്‍ക്ക് കാന്‍സ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരം കിട്ടിയ മരണ സിംഹാസനം എന്നിവ ഒക്കെ ഇതില്‍ പെടും . മലയാളത്തിലെ മാസ്റ്റര്‍ സംവിധായകരോടൊപ്പം എല്ലാം തന്നെ പ്രവര്‍ത്തിച്ചിട്ടുള്ള ഒരേ ഒരു ക്യാമറാമാന്‍ എം ജെ രാധാകൃഷ്ണന്‍ ആയിരിക്കണം . അരവിന്ദനൊപ്പം സ്റ്റില്‍ ഫോട്ടോഗ്രാഫി , അടൂര്‍ ഗോപാലകൃഷ്ണനൊപ്പം മൂന്ന് ഫീച്ചര്‍ സിനിമകള്‍ (പിന്നെയും , നാല് പെണ്ണുങ്ങള്‍ , ഒരു പെണ്ണും രണ്ടാണും ) നിരവധി ഡോക്യുമെന്റ്‌ററികള്‍, ഷാജി എന്‍ കാരുണിനൊപ്പം ഓള്‍ എന്ന ഏറ്റവും പുതിയ സിനിമ , ടി .വി. ചന്ദ്രനൊപ്പം രണ്ടു സിനിമകള്‍ (വിലാപങ്ങള്‍ക്കപ്പുറം ,മോഹവലയം )

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഛായാഗ്രാഹകന്‍ ആണ് എം.ജെ.രാധാകൃഷ്ണന്‍. സിനിമയുടെ ബദല്‍ സംസ്‌കാരത്തിന് കലാപരവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങള്‍ക്ക്, പരീക്ഷണ സിനിമകള്‍ക്ക്, നവ സംവിധായകര്‍ക്ക് ഒക്കെ ഇത്രയേറെ ധൈര്യം നല്‍കിയിരുന്ന മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകന്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സിനിമ പണാധിപത്യത്തിലും താരത്തിളക്കത്തിലും മുങ്ങിപ്പോയ ഒരു കാലത്ത് എപ്പോഴും അര്‍ത്ഥ പൂര്‍ണ്ണമായ സിനിമകള്‍ക്കൊപ്പം മാത്രം നില നില്‍ക്കുകയും നിലപാടുകളിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചകള്‍ ചെയ്യാതിരിക്കുകയും ചെയ്ത ഒരു കലാകാരന്‍ ആയിരുന്നു എം.ജെ. പണം കൊണ്ടുണ്ടാക്കുന്ന കൃത്രിമ സാങ്കേതികതയുടെ ആര്‍ഭാടം അല്ല സിനിമ മറിച്ചു പ്രതിഭയുടെ ശ്രദ്ധാപൂര്‍ണ്ണമായ ഉപയോഗം ആണ് എന്ന് നിശബ്ദമായി സൗമ്യമായി ഒരു കാലഘട്ടത്തിനു മുന്നില്‍ തെളിയിച്ചു കൊടുത്ത ജീവിതമായിരുന്നു എം.ജെ. ഒരിക്കലും പണത്തിനു പിന്നാലെ സഞ്ചരിച്ചിട്ടേ ഇല്ലാത്ത കലാകാരന്‍. എല്ലാ വിധ സെല്‍ഫ് പ്രൊമോഷനുകളില്‍ നിന്നും വഴിമാറി നടന്നിരുന്ന ഒരാള്‍. സൗമ്യനായി ആര്‍ക്കും ഇപ്പോഴും സംസാരിക്കാവുന്ന ഒരാള്‍. ആ ജീവിതവും ഒരു തൂവല്‍ കൊഴിഞ്ഞു പോകുന്നത് പോലെ തീര്‍ത്തും ലളിതമായി അപ്രതീക്ഷിതമായി കാറ്റില്‍ പതിയെ പറന്നു പോയി..ബാക്കിയാവുന്നത് അദ്ദേഹം നമുക്ക് സമ്മാനിച്ച മാജിക്കല്‍ ഫ്രയിമുകള്‍ മാത്രം. അദ്ദേഹം പൂര്‍ത്തിയാക്കി വെച്ച ഏതാനും സിനിമകള്‍ കൂടി ഉണ്ട്. പെയിന്റ്‌റിങ് ലൈഫും വെയില്‍ മരങ്ങളും ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ആ ദൃശ്യങ്ങളുടെ പ്രതിഭാ സ്പര്‍ശം നമുക്ക് മുന്‍പില്‍ അദ്ദേഹത്തിന്റെ അഭാവത്തിലും മരിക്കുന്നില്ല ….

മലയാളത്തില്‍ ഇത്രയേറെ സംസ്ഥാന, ദേശീയ , അന്തര്‍ ദേശീയ പ്രസിദ്ധമായ സിനിമകളില്‍ ഭാഗമായ മറ്റൊരു സാങ്കേതിക പ്രവര്‍ത്തകനും ഇല്ല. ഏഴു സംസ്ഥാന പുരസ്‌കാരങ്ങള്‍ …ആറ് അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ .നൂറിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ , ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രങ്ങളില്‍ പലതും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ എല്ലാം പ്രദര്‍ശിപ്പിച്ചു. പ്രവര്‍ത്തിച്ച സിനിമകളില്‍ പത്തിലേറെ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ , ഇരുപത്തി അഞ്ചിലധികം ചിത്രങ്ങള്‍ക്ക് ഇന്ത്യന്‍ പനോരമ സെലക്ഷന്‍ , മലയാള സിനിമയില്‍ മുപ്പതില്‍പരം പുതുമുഖ സംവിധായകരെ സംഭാവന ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു . കലാമൂല്യവും സംസ്‌കാര പൂര്‍ണ്ണവുമായ മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും മൂന്ന് പതിറ്റാണ്ടിലേറെ ഉയര്‍ത്തിപ്പിടിച്ചതില്‍ എം.ജെ. രാധാകൃഷ്ണന്‍ എന്ന ഛായാഗ്രാഹകനുള്ള പങ്ക് വളരെ വലുതാണ്. അത് ചരിത്രത്തില്‍ എന്നെന്നും രേഖപ്പെടുത്തപ്പെട്ടതാണ്.

ആ സിനിമകള്‍ എന്നെന്നും ലോകമെമ്പാടും മലയാള സിനിമയെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കും മലയാള സിനിമ മുന്‍പ് തന്നെ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കേണ്ട വ്യക്തിത്വം ആയിരുന്നു എം.ജെ. രാധാകൃഷ്ണന്‍. ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന്റ്‌റെ 28 വര്‍ഷത്തെ ചരിത്രത്തില്‍ മങ്കട രവിവര്‍മയ്ക്ക് മാത്രമാണ് ഛായാഗ്രാഹകന്മാരുടെ കൂട്ടത്തില്‍ നിന്നും ഈ പുരസ്‌കാരം കിട്ടിയിട്ടുള്ളത്. എം.ജെ .രാധാകൃഷ്ണന്‍ ഏത് നിലയില്‍ നോക്കിയാലും ഈ പുരസ്‌കാരത്തിന് അര്‍ഹന്‍ ആണ്. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് അത് നല്‍കാന്‍ സാധിച്ചിട്ടില്ല. മരണാനന്തര ബഹുമതി ആയെങ്കിലും എം.ജെ രാധാകൃഷ്ണന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കേണ്ടതാണ്. മലയാള സിനിമയില്‍ ആ പുരസ്‌കാരം അര്‍ഹിക്കുന്ന ആളുകളില്‍ ഏറ്റവും മുന്‍ നിരയിലുള്ള ഒരു പേര് അദ്ദേഹത്തിന്റെത് തന്നെയാണ്. വരും വര്‍ഷം എങ്കിലും അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു..അര്‍ഹതയ്ക്ക് വൈകി ആയാലും അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ട്..