മീ ടു മൂവ്‌മെന്റിന്റെ ഭാഗമായി സിനിമാ ലോകത്തെ ഞെട്ടിച്ച ഗായികയാണ് ചിന്മയി. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖര്‍ക്കെതിരേയും ചിന്‍മയി രംഗത്ത് വന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് ചിന്‍മയി ഇപ്പോള്‍. ചിന്‍മയിയുടെ ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ പേരിലാണ് ചിന്‍മയിക്കെതിരേ ആക്രമണം. നാഗാര്‍ജുനയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ടീസര്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതെത്തിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റിന് താഴെയാണ് വിമര്‍ശനങ്ങളുടെ പെരുമഴ. 2013 ല്‍ ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് ആക്രമണം.
‘ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്‌വഴക്കമായി മാറിയിട്ടുണ്ട്. ഇനിയും ഇത് അവസാനിച്ചിട്ടില്ല’ എന്ന് മുന്‍പ് ചിന്മയി വിമര്‍ശിച്ചിരുന്നു. ഇതും കുത്തിപൊക്കിയാണ് ഇപ്പോള്‍ വിമര്‍ശകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഭര്‍ത്താവ് രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഇതു തന്നെയല്ലേ സംഭവിച്ചതെന്ന് ചിലര്‍ ചിന്‍മയിയോട് ചോദിക്കുന്നു. ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നും ചിലര്‍ കുറിച്ചു. നാഗാര്‍ജുനയുടെ മകനേക്കാള്‍ പ്രായം കുറവുള്ള നടിയാണ് രാകുല്‍ പ്രീതെന്നും ഇതിന് മറുപടി നല്‍കണമെന്നും ചിന്‍മയിയോട് ആവശ്യപ്പെടുന്നു. എന്നാല്‍ ചിന്മയി ഇതിനോട് പ്രതികരിച്ചിട്ടില്ല.