
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അനശ്വരന്‍ നടന് സത്യന് മാഷിന്റെ ജീവിത കഥ സിനിമയാകുന്നു. സത്യന് മാഷിന്റെ വേഷത്തില്‍ നടന് ജയസൂര്യയാണ് സ്ക്രീനിലെത്തുന്നത്. നവാഗതനതായ ‘രതീഷ് രഘു നന്ദന്’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നലെ തിരുവനന്തപുരം വി ജെ ടി ഹാളില്‍ വെച്ച് നടന്ന സത്യന് അനുസ്മരണ ചടങ്ങില്‍ നിര്‍മ്മാതാവ് വിജയ് ബാബുവാണ് ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നടന് ജയസൂര്യയും ഈ വിവരം തന്റെ പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം സത്യന് മാഷിന്റെ വേഷത്തിലുള്ള ജയസൂര്യയുടെ ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററും താരം പങ്കുവെച്ചു. ബി.ടി അനില്‍ കുമാര്‍, കെ .ജി സന്തോഷ് തുടങ്ങിയവര്‍ രചന നിര്‍വഹിക്കുന്ന ചിത്രം വിജയ് ബാബു-വിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്.

സത്യന്റെ 48-ാം ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 15 ന്. ചിത്രം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജയസൂര്യ, വിജയ് ബാബു, നടി ആന്‍ അഗസ്റ്റിന് എന്നിവര്‍ എല്‍.എം.എസ് പള്ളിവളപ്പിലെ സത്യന്റെ സ്മൃതികുടീരത്തില്‍ പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ ആന്‍ അഗസ്റ്റിനും അവതരിപ്പിക്കുന്നുണ്ട്. ജയസൂര്യ നായകനായെത്തുന്ന തൃശ്ശൂര്‍ പൂരം എന്ന ചിത്രവും വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്.
