‘തൃശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല’, പൂര വിവാദത്തില്‍ മറുപടിയുമായി റസൂല്‍ പൂക്കുട്ടി

','

' ); } ?>

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരണവുമായി റസൂല്‍ പൂക്കുട്ടി രംഗത്ത്. വില്‍ക്കാന്‍ തൃശൂര്‍ പൂരം തന്റെ തറവാട് സ്വത്തല്ലെന്നും പൂരത്തിന്റെ വീഡിയോയുടെ കോപ്പിറൈറ്റ് അവകാശത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. താന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും ഒന്നിലും ഭാഗമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരത്തിന്റെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയെന്നും അതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം.

റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍

‘വില്‍ക്കാന്‍ തൃശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല. പൂരം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പി റൈറ്റ് അവകാശം എടുക്കാനാകില്ല. ഇനി അഥവാ അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്, ഞാന്‍ അനുകൂലിക്കുന്നില്ല. പെപ്‌സി കമ്പനി കര്‍ഷകര്‍ക്ക് എതിരെ കേസ് എടുത്തതുപോലെ കാണേണ്ട ഒന്ന്. ഇതില്‍ മറ്റെന്തോ പ്രശ്‌നമുണ്ടെന്നാണ് കരുതുന്നത്.

തൃശൂര്‍ പൂരത്തിന്റെ ശബ്ദം ഞാന്‍ റെക്കോര്‍ഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്‌റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍ അതിലെനിക്ക് പങ്കില്ല, അത് പ്രശാന്ത് പ്രഭാകറും പാംസ്‌റ്റോണ്‍ മീഡിയയുമാണ് നിര്‍മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവര്‍ക്ക് ലഭിച്ചതായി കരുതുന്നില്ല. അതില്‍ എനിക്ക് പങ്കില്ല.’ എന്ന് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.