സംഗീതം…സിത്താരം…ജീവിതം

','

' ); } ?>

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ എന്നുണ്ടോടീ എന്ന ഗാനത്തിനും, വിമാനത്തിലെ വാനമകലുന്നുവോ എന്ന ഗാനത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സിത്താര കൃഷ്ണകുമാര്‍ എന്ന പിന്നണി ഗായിക സംഗീതലോകത്തെ തന്റെ വേറിട്ട യാത്രയിലാണ്. നൃത്ത മത്സരങ്ങളിലുള്‍പ്പെടെ പങ്കെടുത്ത് യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ നിരവധി തവണ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട സിത്താര പിന്നീട് പാട്ടിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. സിനിമാ സംഗീതത്തിനൊപ്പം തന്നെ ഗസലിന്റെ ഈണവും, കോടതി സമക്ഷം ബാലന്‍ വക്കീലിലെ ബാബ്വേട്ടാ പോലുള്ള അടിപൊളി ഗാനവും, കുമ്പളങ്ങിയിലെ ചെരാതുകള്‍ പോലുള്ള പാട്ടുകളുമെല്ലാം വഴങ്ങുന്ന ഗായിക പുതിയ സംഗീത ബാന്റുമായി സംഗീത ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. വിഷു വിശേഷങ്ങളും സംഗീതാനുഭവങ്ങളും സിത്താര സെല്ലുലോയ്ഡിനോട് പങ്കുവെയ്ക്കുന്നു

സിത്താരയുടെ പുതിയ വിശേഷങ്ങള്‍

മ്യൂസിക്കുമായി ബന്ധപ്പെട്ട് പ്രൊജക്ട് മലബാറിക്കസ് എന്ന പേരില്‍ ഒരു ബാന്‍ഡ് തുടങ്ങി. അതിന്റെ ടൂറിങ്ങും കാര്യങ്ങളും നടക്കാനുള്ള ഒരു പ്രിപ്പറേഷനിലാണ്. സ്വന്തം പാട്ടുകളുമായുള്ള സംഗീത യാത്രയാണ് ലക്ഷ്യം. പിന്നെ ഓണ്‍ലൈന്‍ സീരീസുപോലെ തൊടിയെന്ന് പറയുന്ന കുഞ്ഞു കുഞ്ഞു പാട്ടുകള്‍ ഡോക്യുമെന്റ് ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ സ്‌പെയ്‌സ്. ഇന്റിപ്പെന്റന്റ് മ്യൂസിക്കിന്റെ ഒരു സ്‌പേയ്‌സ് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സിനിമയുമായി ബന്ധപ്പെട്ടിട്ടാണെങ്കില്‍ പുതിയ പാട്ടുകള്‍ ഉണ്ട്. ഈ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സിലെ പാട്ടുണ്ടായിരുന്നു. മിഖായേലിലെ പാട്ടുണ്ടായിരുന്നു. ഇനിയിപ്പോ വരാനിരിക്കുന്ന കുറേ നല്ല സിനിമകളില്‍. മധുരരാജ, തൊട്ടപ്പന്‍, ഇങ്ങനെ ഒരു പത്തിരുപതോളം പാട്ടുകളുണ്ട് ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്നത്. പിന്നെ ടോപ്പ് സിംഗര്‍ എന്ന് പറയുന്ന ഒരു പ്രോഗ്രമില്‍ കുട്ടികളുടെ കൂടെ കുറേ സമയം സ്‌പെന്റ് ചെയ്യുന്നു.

. ബാന്‍ഡ്

കുറേ നാളുകള്‍ മുതലേ ഇന്‍ഡിപ്പെന്റന്റ് മ്യൂസിക്കില്‍ സിനിമയുടെ പുറത്ത് നിന്നുള്ള ഒരു സ്‌പെയ്‌സിനെക്കുറിച്ച് ആലോചനകളുണ്ടായിരുന്നു. അതിനൊരു വലിയ സാധ്യത തുറന്ന് വന്നത് ഇപ്പോഴാണ്. അപ്പോള്‍ മുമ്പ് ചെയ്ത് വച്ചിരുന്ന പാട്ടുകളൊക്കെ തന്നെ നമ്മള്‍ കുറച്ച് മ്യൂസീഷ്യന്‍സിരുന്നവതരിപ്പിക്കുക. അത് ഭാഷകളുടെ പരിധികളിലൊക്കെ നില്‍ക്കാതെ തന്നെ. അതായാത് നമ്മള്‍ സിനിമയിലൊക്കെ പാടുക എന്ന് പറയുമ്പോള്‍ അതില്‍ ഒരു ഭാഷയുടെ കണ്‍സ്‌ട്രെയ്‌നൊക്കെയുണ്ട്. ഓരോരോ ഇടങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ പാടുന്നത്. അതിനപ്പുറം നമ്മുടെ ഇവിടെയുണ്ടാകുന്ന പാട്ടുകളില്‍ തന്നെ പല മ്യൂസിക്ക് ഫെസ്റ്റിവല്‍സും അറ്റന്‍ഡ് ചെയ്യാറുണ്ട് ഞാന്‍. അവരുടെ പാട്ടുകളൊക്കെ നമ്മളോട് വളരെ എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് കാണുമ്പോള്‍ നമുക്കൊരു കൊതിയും കൗതുകവും ഒക്കെ തോന്നാറുണ്ട്. അഞ്ച് പേരുള്ള ഒരു ബാന്‍ഡാണ് നമ്മുടേത്. കീസ് റാല്‍ഫിന്‍ ചേട്ടനാണ്, റാല്‍ഫിന്‍ സ്റ്റീഫന്‍, അല്ലാത്തപ്പോള്‍ ശ്രീനാഥ് നായര്‍, പിന്നെ ഗിറ്റാര്‍ ചെയ്യുന്നത് അഭിജിത്ത് ശ്രീനിവാസന്‍, ബെയ്‌സ് ഗിറ്റാര്‍ ലിബോയ്, ഡ്രംസ് മിഥുന്‍, പെര്‍ക്കുഷന്‍ സുനില്‍ കുമാര്‍. വോക്കല്‍സില്‍ ഞാനുണ്ട്. പിന്നെ മറ്റു ആര്‍ട്ടിസ്റ്റുകളെയൊക്കെ ഫീച്ചര്‍ ചെയ്യാറുണ്ട്.

.ഗസലില്‍ നിന്നും ബാന്‍ഡിലേക്ക്

ഇതെല്ലാം എനിക്ക് പല പല വഴികളാണ്. ഓരോ തരത്തില്‍ എക്‌സ്പീരിയന്‍സ് ചെയ്തിട്ടുള്ള, പ്രാക്ടീസ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ അവതരിപ്പാക്കാനുള്ള വേദികളാണ് ഇവയെല്ലാം. ഇപ്പോഴും ഞാന്‍ സിനിമാപാട്ടുകള്‍ അവതരിപ്പിക്കാറുള്ള വേദികളില്‍ പാടാറുണ്ട്. അവിടെ നമ്മള്‍ പാടിയ പാട്ടുകള്‍, അല്ലെങ്കില്‍ ആളുകളുടെ പ്രിയപ്പെട്ട പാട്ടുകളാണ് പാടാറുള്ളത്. ഗസല്‍ കുട്ടിക്കാലം മുതലുള്ള എന്റെ ശീലങ്ങളിലൊന്നാണ്. സുഹൃത്തുക്കളുടെ ഒരു സ്വാധീനം അതിലുണ്ട്. പക്ഷെ ഞാനെന്റെ ട്രെയിനിങ്ങും മാസ്റ്റേഴ്‌സുമൊക്കെ എടുത്തിട്ടുള്ളത് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്കിലാണ്. ഉസ്താദ് ഫയാസ് ഖാനാണ് എന്റെ ഗുരുനാഥന്‍. അതിന്റെ ഒരു കൈവഴിയാണ് ഗസല്‍. നാട്ടിലുള്ള സമയത്തും അത് കേള്‍ക്കാനുള്ള അവസരങ്ങളുണ്ടായി. ഗസലുകളോട് ഇഷ്ടമാണ് കൂടുതല്‍. ആ ഇഷ്ടം കൊണ്ട് അത് അവതരിപ്പിക്കുന്നു. വേണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ അത് പാടാറുണ്ട്. അതിപ്പോഴും ഞാന്‍ തുടരുന്നുണ്ട്.

.തൊടി

തൊടി ഒരു യൂട്യൂബ് സീരീസാണ്. നമ്മളെപ്പോഴെങ്കിലുമൊക്കെ കുറിച്ചിടുന്ന പാട്ടുകളുണ്ടായിരിക്കും. ഒരു വലിയ പാട്ടിന്റെ പല്ലവി, അനു പല്ലവി, ചരണം, ഒരു വലിപ്പമോ ഒന്നും ഉണ്ടാവില്ല. പക്ഷെ അത്തരം പാട്ടുകള്‍ ഡോക്യുമെന്റ് ചെയ്യാതെ പോകാറുണ്ട് ചിലപ്പോള്‍. നമ്മുടെ പുസ്തകത്തിനത്ത് അതുണ്ടായിരിക്കും. അല്ലെങ്കില്‍ നമ്മുടെ ഫ്രണ്ട്‌സൊക്കെ എഴുതിത്തന്ന കുറിപ്പുകളായിരിക്കും. നമ്മള്‍ മൂളി നടന്നിട്ടൊക്കെയുണ്ടാവും പക്ഷെ ഇതൊക്കെ കേള്‍ക്കാനുള്ള അവസരവുമില്ല. ഞാനിങ്ങനെ ഫെയ്‌സ്ബുക്കിലൊക്കെ ഇടക്കിങ്ങനെ പാടി ഇടാറുണ്ടായിരുന്നു. അങ്ങനെയാണ് തൊടി എന്ന് പറയുന്ന ഒരു ഐഡിയ ഉണ്ടാവുന്നത്. അതിലെ ആദ്യത്തെ പാട്ട് കുറയുന്നില്ല നോവില്‍ എന്ന പറഞ്ഞിട്ട് നമ്മുടെ ഒരു സുഹൃത്തായ കബീര്‍ ഇബ്രാഹിം എഴുതിയ ഒരു ‘ഗീത’മാണ്. ഒരു നാലുവരി, ആറുവരിയൊക്കെയുള്ള കൊച്ചുകൊച്ചു പാട്ടുകള്‍. സോംഗ്‌ലെറ്റ്‌സ് ഫ്രം ദ ഗാര്‍ഡന്‍ എന്നാണ് ഞങ്ങള്‍ അതിന് പേരിട്ടിരിക്കുന്നത്. നമ്മുടെ തൊടിയിലല്ലേ ഈ നാട്ടുപൂക്കള്‍ ഒക്കെ ഉണ്ടാവുക (പുഞ്ചിരിക്കുന്നു). ആ ഒരു ഐഡിയയാണ്. ആളുകള്‍ അത് ഇഷ്ടപ്പെടുന്നുണ്ട്. ഷോട്ടായതുകൊണ്ട് തന്നെ അത് കേള്‍ക്കാനുള്ള സമയവും എല്ലാവര്‍ക്കുമുണ്ട്.

.തൊടി എന്ന പേരിന് കാരണം

തൊടിയെന്ന് പറയുമ്പോള്‍ എന്റെ മനസ്സിലുള്ളത് എന്റെ അച്ഛമ്മയുടെ വീട്ടിലെ തൊടിയാണ്. ചെറിയ കുട്ടികളായിരിക്കുമ്പോള്‍ അതാണല്ലൊ നമ്മുടെ വേള്‍ഡ്. അവിടെ അനന്തമായ സാധ്യതകള്‍ നമ്മള്‍ കാണും. ഓരോ കോര്‍ണറിലും എന്തൊക്കെയോ ചെയ്യാന്‍ പറ്റുമെന്ന് തോന്നും. ഇപ്പോള്‍ പോയി കാണുമ്പോഴാണ് അത് ചെറിയൊരു സ്ഥലമായിട്ട് നമുക്ക് തോന്നുന്നത്. ചെടികള്‍ അമ്മക്കാണ് കൂടുതല്‍ ഇഷ്ടം. കാരണം മക്കളെ നോക്കുന്ന പോലെ നമ്മള്‍ അവയെ നോക്കണം. അപ്പോ അമ്മയോട് ഞാന്‍ പറഞ്ഞു..നല്ലൊരു സ്ഥലം സെറ്റ് ചെയ്ത് തന്നാല്‍ നമുക്ക് അവിടെ വെച്ചൊക്കെ ഷൂട്ട് ചെയ്യാമെന്ന്. അപ്പോള്‍ അമ്മയുടെ കൂടി ഹെല്‍പ്പിലാണ് ഞങ്ങള്‍ ഈ ചെടികളൊക്കെ മെയ്‌ന്റെയ്ന്‍ ചെയ്യുന്നത്.

. നൃത്ത വഴിയില്‍ നിന്നും പാട്ടിലേക്ക്

അത് സ്വാഭാവികമായിട്ട് സംഭവിച്ചതാണ്. പാഷനേറ്റായിട്ടുള്ള ഒരു കാര്യം നമ്മുടെ ജോലി കൂടെയായിട്ട് മാറുക എന്നുള്ളത്. നമ്മുടെ ഒരു ഭാഗ്യം മാത്രമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം എന്റെയൊക്കെ കൂടെ കുഞ്ഞുനാള്‍ മുതല്‍ പഠിച്ചിരുന്ന പ്രാക്ടീസ് ചെയ്തിരുന്ന ഒരുപാട് മിടുക്കരായിട്ടുള്ള ആര്‍ട്ടിസ്റ്റുകളുണ്ട്. ആ പഠിക്കുന്ന സമയത്ത് എന്നേക്കാളുമൊക്കെ വിഗര്‍ കാണിച്ചിരുന്ന ഒരു പാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് അതില്‍ പൂര്‍ണമായും സമയം ചെലവഴിക്കാന്‍ സാധിക്കാതെ പോയി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ അച്ഛനും അമ്മയും എന്നെ ഡാന്‍സും പാട്ടും പഠിപ്പിച്ചിരുന്നു. അവര്‍ ഒരു സമയത്തും ഒന്നിനും ഫോഴ്‌സ് ചെയ്തിട്ടില്ല. എല്ലാവരും അവരവരുടെ ജോലികളുമായി ബന്ധപ്പെട്ട് ചില തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന ഒരു കാലത്ത് ഇന്ന ജോലി ചെയ്യണമെന്നോ അല്ലെങ്കില്‍ ഒരു വരുമാനം വീട്ടിലേക്ക് ഞാനായിട്ട് കൊണ്ടു വരണമെന്നോ ഒരു നിര്‍ബന്ധം പാരന്റ്‌സ് ഭാഗ്യവശാല്‍ വെച്ചില്ല. അങ്ങനെയൊരു തോന്നല്‍ ഒരിക്കല്‍ പോലും അച്ഛനും അമ്മയും മനസ്സില്‍ ഉണ്ടാക്കി തന്നിട്ടില്ല. അതെനിക്ക് വലിയൊരു സൗകര്യമായിരുന്നു. എനിക്ക് വലിയൊരു എളുപ്പമുണ്ടാക്കി തന്നു. മ്യൂസിക്ക് അല്ലെങ്കില്‍ ഡാന്‍സ് അല്ലെങ്കില്‍ ഒരു ആര്‍ട്ടിസ്റ്റായി ജീവിക്കുക എന്നുള്ളത് തീരുമാനിക്കാന്‍ എനിക്ക് എളുപ്പമായിരുന്നു. പക്ഷെ ടീച്ചേഴ്‌സൊക്കെ അതിന്റെ ഇടയില്‍ ചോദിക്കുന്നുണ്ടായിരുന്നു എന്താണ് പ്ലാനുകള്‍ എന്നുള്ളത്. സിനിമ എന്നുള്ളത് എന്റെ ഡിസ്റ്റന്റ് ഡ്രീംസില്‍ പോലുമുണ്ടായിരുന്നില്ല. ആകെ കോമ്പറ്റീഷനുകളിലും ടെലിവിഷനില്‍ വരുന്ന മത്സരങ്ങളിലുമൊക്കെ പങ്കെടുക്കുകയേ ചെയ്തിട്ടുള്ളു. അങ്ങനെയങ്ങനെ ഘട്ടം ഘട്ടമായിട്ടാണ് എനിക്ക് അവസരങ്ങള്‍ വരുന്നത്. ആദ്യം ഒരവസരം കിട്ടി. പിന്നീട് കുറേ ഗ്യാപ്പ് വന്നു. ആ ഒരു പാട്ട് പിന്നീട് ഒരു പാട്ടിന് അവസരമായി. പിന്നെ ഡാന്‍സ് എന്തുകൊണ്ടോ, പാട്ടില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയപ്പോള്‍ ഡാന്‍സിന്റെ പ്രാക്ടീസൊക്കെയങ്ങ് കുറഞ്ഞു. കുറഞ്ഞപ്പോള്‍ പിന്നെയത് ചെയ്യാന്‍ പറ്റാതെയായി. അതെന്റെ പ്രശ്‌നമായിരാക്കാം. എനിക്കതില്‍ പിന്നീട് സമയം കണ്ടെത്താന്‍ സാധിച്ചില്ല. ക്ലാസിക്കല്‍ ഡാന്‍സിന് പറ്റിയ വേദികള്‍ കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോള്‍ ഒരു പത്തുവര്‍ഷത്തോളം ഗ്യാപ്പെടുത്തു വീണ്ടും ഡാന്‍സിലേക്ക് വരാന്‍.

.യാത്രകള്‍

യാത്രകള്‍ ഇഷ്ടമാണ്. യാത്രകള്‍ പിന്നെ വന്ന ഒരു ഇഷ്ടമാണ്. സത്യത്തില്‍ ഞാനൊരു ഇനേര്‍ഷ്യ ഉള്ള കൂട്ടത്തിലായിരുന്നു. ഒരു സ്ഥലത്ത് ഇരുന്ന് കഴിഞ്ഞാല്‍ അവിടെത്തന്നെ ഇരിക്കും. ഫ്രണ്ട്‌സ് വിളിച്ചാല്‍ വരെ ഞാനൊന്ന് രണ്ട് മിനിറ്റ് ആലോചിക്കും പുറത്തേക്കിറങ്ങണമോ എന്ന്. അത്രമാത്രം ചെറിയ സ്‌പെയ്‌സിലിരിക്കാനാഗ്രഹം ഉള്ള ആളായിരുന്നു. പക്ഷെ സിനിമ മ്യൂസിക്കില്‍ വന്നതിന് ശേഷം, കുറേ കണ്‍സേര്‍ട്ട്‌സും പ്രോഗ്രാംസുമൊക്കെയായി ട്രാവല്‍ ചെയ്യാന്‍ ഒരുപാട് അവസരങ്ങള്‍ കിട്ടി. അങ്ങനെ പല സ്ഥലത്തും പോയപ്പോഴാണ് യാത്രയോട് ഒരു കൊതി വരുന്നത്. പിന്നെ പിന്നെ അതിന് ഒരു അഡിക്ഷന്‍ വരാന്‍ തുടങ്ങും.

. സോഷ്യല്‍ മീഡിയയിലെ ഗായകര്‍

അത്തരം സ്മ്യൂള്‍, ടിക് ടോക് ഒക്കെ വാച്ച് ചെയ്യാറുണ്ട്.. സ്മ്യൂള്‍ എന്ന് പറയുന്നത് പാട്ടു മാത്രമാണല്ലോ.. പക്ഷെ ടിക്ക് ടോക്കില്‍ വേറെയും കുറേ ടാലന്റ്‌സും ക്രിയേറ്റിവിറ്റിയൊക്കെ കാണാന്‍ സാധിക്കുമല്ലോ. അതെപ്പോഴും ഞാന്‍ കാണാറുണ്ട്. എല്ലാവര്‍ക്കും അവരവരുടെ ടാലന്റുകളെ ഷോകെയ്‌സ് ചെയ്യാന്‍ വേറൊരു മീഡിയേറ്ററൊ, മീഡിയമോ ഇല്ലാതെ തന്നെ നേരിട്ട് ആളുകളുടെ കയ്യിലേക്ക് തന്നെ എത്തുകയാണ്. അതിന്റെ ഇഷ്ടവും ഇഷ്ടക്കേടുകളും അപ്പോള്‍ തന്നെ കമന്റ്‌സായിട്ട് അറിയുക എന്നുള്ളത് കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഒരു സ്വപ്ന തുല്ല്യമായ കാര്യമായിരുന്നു.

. ഇഷ്ട സംഗീത സംവിധായകന്‍

എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് ഒരു കമ്പോസര്‍ തരുന്ന സൗഹൃദത്തിനേക്കാള്‍ അവര്‍ നമുക്ക് തരുന്ന ഇൗണങ്ങളാണ് നമ്മളെ കംഫര്‍ട്ടബിളാക്കുക. നമുക്ക് വളരെ പരിചയമുള്ളതും സുഹൃത്തുക്കളുമായുള്ള കമ്പോസേഴ്‌സ് ഉണ്ടായിരിക്കാം. പക്ഷെ അവര്‍ തരുന്ന ഈണം നമുക്ക് ചേരാത്തതാണെങ്കില്‍ ആ സെഷന്‍ വര്‍ക്കൗട്ടാവില്ല. ആദ്യമായി എന്നെ ഒരു കമ്പോസര്‍ വിളിക്കുമ്പോള്‍ എന്നെ അവര്‍ എങ്ങനെയാണ് എന്റെ ശബ്ദത്തെ മനസ്സിലാക്കിയിട്ടുള്ളത്, എങ്ങനെയായിരിക്കും അവര്‍ ഒരു പാട്ട് തരിക എന്നൊക്കെയുള്ള ഒരു ചെറിയ പേടി ഉണ്ടാകാറുണ്ട്. വര്‍ക്ക് ചെയ്ത് തുടങ്ങുമ്പോള്‍ അത് മാറും. കാരണം എനിക്ക് ചേരാത്ത പാട്ടാണെങ്കില്‍ ഞാന്‍ അപ്പോള്‍തന്നെ പറയാറുണ്ട്. എന്റെ ശബ്ദം ചേരും എന്ന് അവര്‍ എന്നെ കണ്‍വിന്‍സ് ചെയ്യുന്ന സമയങ്ങളില്‍ ഞാന്‍ ആത്മാര്‍ത്ഥമായിട്ട് ശ്രമിക്കാറുമുണ്ട്. പക്ഷെ ഒരു തവണ വിളിച്ച ആള്‍ എന്നെ രണ്ടാമതും മൂന്നാമതും വിളിക്കുമ്പോള്‍ എനിക്ക് ഒരു ധൈര്യമാണ് പോകാന്‍. കാരണം അവര്‍ക്ക് എന്റെ സ്‌ട്രെങ്ങ്ത്തുകളും പോരായ്മകളും കൃത്യമായിട്ട് അറിയാന്‍ സാധിക്കും. അപ്പോള്‍ നമുക്ക് ഒരു ധൈര്യമാണ് പോകാന്‍. നമ്മളെക്കൊണ്ട് സാധിക്കുമ്പോഴല്ലെ അവര്‍ വിളിക്കുകയുള്ളു.

.വിഷു ഓര്‍മ്മകള്‍

വിഷുവിന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ കുട്ടിക്കാലത്ത് തന്നെയാണ്. ചെറുതായിരിക്കുമ്പോള്‍ അച്ഛമ്മയുടെ വീട്ടിലായിരുന്നു ഞങ്ങളുടെ എല്ലാ ആഘോഷങ്ങളും. എനിക്ക് മൂന്നു കസിന്‍സായിരുന്നു ആണ്‍കുട്ടികളായിട്ട്, അതുല്‍, അഖില്‍, വൈശാഖ്. അവരെന്നെ കാത്തിരിക്കും ഞാന്‍ ചെല്ലുന്നതും നോക്കി. പിന്നെ അച്ഛമ്മയുടെ കൂടെയായിരുന്നു ഞാന്‍ കിടക്കാറ്. അന്ന് വിഷുക്കണി എന്നൊക്കെ പറയുന്നത് പ്രോപ്പര്‍ വിഷുക്കണിയാണ്. ഇപ്പോള്‍ നമ്മള്‍ ടെലിവിഷനില്‍ കാണുന്നത്‌പോലെ വളരെ ഗംഭീരമായ ഒരു വിഷുക്കണി ഒരുക്കുമായിരുന്നു അച്ഛമ്മ. അച്ഛമ്മയുടെ അടുത്ത് നിന്നാണ് ഞാനിതൊക്കെ പഠിച്ചിട്ടുള്ളത്. ഓണത്തിന് തൃക്കാക്കര അപ്പൂപ്പനെ മണ്ണ് കൊണ്ട് ഉണ്ടാക്കുന്നതും വിഷുവിന് കണിവെക്കുന്നതും ഒക്കെ പഠിച്ചിട്ടുള്ളത്. പിന്നെ അച്ഛനുള്ള സമയത്ത് ബാങ്കില്‍ നിന്നൊക്കെയുള്ള പുതിയ നോട്ടുകളൊക്കെ കൊണ്ടുതരുന്നത് ഞങ്ങള്‍ കളക്ട് ചെയ്ത് വെക്കുമായിരുന്നു. പിന്നെ ടെലിവിഷന്റെ ഒക്കെ ഒരു കാലത്ത് തന്നെയായിരുന്നു എന്റെയൊക്കെ കുട്ടിക്കാലം. അന്നത്തെ സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ സിനിമ എന്നിവയൊക്കെയുണ്ടാകും. അടുക്കളയിലൊക്കെ വലിയ തിരക്കായിരിക്കും സദ്യയൊക്കെ ഉണ്ട് കഴിഞ്ഞ് വൈകുന്നേരമൊക്കെയാവുമ്പോഴേക്കും ഒരു ചെറിയ സങ്കടം വരും. കാരണം ഒരു വെക്കേഷനൊക്കെ കഴിഞ്ഞ് നമ്മള്‍ കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്നതാണല്ലോ ഈ ദിവസം. അതങ്ങ് പെട്ടന്ന് തീര്‍ന്ന് പോകുന്ന പോലെ തോന്നാറുണ്ട്. പിന്നെ ആ പരിസരത്തുള്ള ആള്‍ക്കാരൊക്കെ പലഹാരങ്ങള്‍ കൊണ്ടുകൊടുക്കലും. ആ സമയത്തൊന്നും ഈ ജാതി മതം എന്ന് പറയുന്ന ഒരു ഡിഫ്രന്‍സിയേഷന്‍ ഒട്ടും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു സംസാരങ്ങള്‍ പോലും ഇപ്പോഴാണ് ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്നത്. അന്നൊന്നും അങ്ങനെ ഒരു ആലോചന പോലും മനസ്സിലുണ്ടായിരുന്നില്ല.

. സ്വാധീനിച്ച ഗായകര്‍

ഒരുപാട് പേരുണ്ട്. ഞാന്‍ നല്ലോണം പാട്ടുകള്‍ കേള്‍ക്കും. അതാണെനിക്കേറ്റവും ഇഷ്ടം. ഒരു പെര്‍ഫോമറേക്കള്‍ ഒരു ബെറ്റര്‍ ലിസണറാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ആബിദയാണ്. ആബിദ പര്‍വീണ്‍. ആബിദാജിയുടെ പാട്ടുകളാണ് ഏറ്റവുമിഷ്ടം. അത് പതിയെ പതിയെ തിരിച്ചറിഞ്ഞതാണ്. ഒരു കളക്ഷന്‍ ഓഫ് പാട്ടുകള്‍ ഇട്ട് കഴിഞ്ഞാല്‍ ആബിദാജീയുടെ പാട്ട് ഏത് മൂഡിലായാലും ഞാന്‍ പെട്ടെന്ന് തിരിച്ചറിയും. ചില തരം പാട്ടുകള്‍ ചില സമയത്ത് കേള്‍ക്കാനാണല്ലോ നമുക്ക് ഏറ്റവുമിഷ്ടം. പക്ഷെ ഇന്‍ഫഌവന്‍സ് ചെയ്ത കുറേ പേരുണ്ട്. നമ്മുടെ സ്വന്തം പാട്ടുകാര്‍ ദാസ് സാറും മഹേന്ദ്രമാഷ്, ചിത്രച്ചേച്ചി, സുജിച്ചേച്ചി, ജാനകിയമ്മ, സുശീലമ്മ, വാണിയമ്മ.. പിന്നെ ആശാജിയുടെ ഒരു ഭയങ്കര ഫാനാണ്.അതുപോലെ ലതാജി അങ്ങനെ ഒരുപാട് ഗായകരുണ്ടല്ലോ നമുക്ക്…

. റിയാലിറ്റി ഷോയുടെ ഗുണവും ദോഷവും

ഞാനൊരുപാട് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒരാളാണ്. അന്നൊന്നും ഒരു ചാനലിലെ പ്രോഗ്രാമില്‍ മാത്രമേ പങ്കെടുക്കാവൂ എന്ന് റിസ്ട്രിക്ഷന്‍സൊന്നുമില്ല. ഞാനൊരു വര്‍ഷം തന്നെ നാല് ചാനലില്‍ തന്നെ പങ്കെടുത്തിട്ടുണ്ട്. എനിക്ക് തോന്നിയിട്ടുള്ളത് എല്ലാത്തിലും ഉള്ളതുപോലെ നല്ലതും ചീത്തതുമായ കുറച്ച് വശങ്ങള്‍. തീര്‍ച്ചയായും ഇവിടെയുള്ളത് നല്ല നല്ല ഗായകരുടെ പാട്ടുകളാണ്. അവരുടെ പാട്ടുകള്‍ പഠിക്കുന്ന സമയത്ത് നമുക്ക് ചെറുതായിട്ട് അവരെ ഇമിറ്റേറ്റ് ചെയ്യാനുള്ള ഒരു ടെന്‍ഡന്‍സിയുണ്ടാവും. കേള്‍ക്കുന്നവര്‍ക്കും അതുപോലെ കേള്‍ക്കാനാണ് താല്‍പ്പര്യമുണ്ടായിരിക്കുക. ഒറിജിനല്‍ പോലെ. അതില്‍ നിന്നും കുട്ടികള്‍ പുറത്ത് വരണം എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടുള്ള കാര്യം. കാരണം നമ്മുടെ ശബ്ദത്തിനെ ഐഡന്റിഫൈ ചെയ്യുക, നമ്മുടെ രീതികളെ ഐഡന്റിഫൈ ചെയ്യുക എന്നുള്ളതാണ്. എന്റെയൊക്കെ ഗുരുക്കന്മാരില്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്. എനിക്കൊക്കെ തുടക്കത്തില്‍ അത്തരമൊരും സംശയം ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഒാരോ സമയത്തായി എന്റെയടുത്ത് വന്ന ടീച്ചേഴ്‌സും, സുഹൃത്തുക്കളുമൊക്കെയാണ് അത് ഐഡന്റിഫൈ ചെയ്യാന്‍ സഹായിച്ചത്. ചെറിയ മക്കളുടെ കാര്യം എനിക്കറിയില്ല. പക്ഷെ ആ രീതിയില്‍ അവരുടെ വളര്‍ച്ചയോടൊപ്പം തന്നെ പുറത്തേക്കുവരേണ്ടുന്ന പാട്ടുകള്‍ കിട്ടും എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ഒരുപാട് ആള്‍ക്കാര്‍ പാടുന്നില്ലെങ്കിലും പുറത്ത് വരേണ്ടുന്ന ആള്‍ക്കാര്‍ എപ്പോഴും പുറത്തേക്ക് തന്നെ വന്നിട്ടുണ്ട്.

.വീട്ടിലെ വിശേഷങ്ങള്‍

എന്റെ ഹസ്ബന്റ് സജീഷ്. ഡോക്ടറാണ്. ഇപ്പോള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. കാര്‍ഡിയോളജിയില്‍. പിന്നെ എനിക്കൊരു മകളുണ്ട്. സ്രാവണ്‍ ഋതു എന്നാണ് പേര്. ഇപ്പോള്‍ അഞ്ച് വയസ്സായി. പിന്നെ അച്ഛന്‍, അമ്മ, സജീഷിന്റെ പാരന്റ്‌സ്. എന്റെ അമ്മ ഇപ്പോള്‍ എന്റെ കൂടെയുണ്ട്. എന്റെ അച്ഛന്‍ ദുബായിലാണ്. ഡോ.കൃഷ്ണകുമാര്‍, പ്രൊഫസറാണ്. ദുബായി വെസ്റ്റ്‌ലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വര്‍ക്ക് ചെയ്യുന്നു. അമ്മ സാലി. അമ്മയാണ് ഒരു സ്‌ട്രെങ്ങ്ത്ത്. ഇപ്പോള്‍ മോളൊക്കെ ഉള്ളത് കാരണം അമ്മയാണ് അവളെ പുര്‍ണമായിട്ട് കെയര്‍ ചെയ്യുന്നത്. അവരൊന്നാണ്. അതിന്റെ ഒരു ധൈര്യം എനിക്കുണ്ട്(നിറഞ്ഞ ചിരി)

. ഭര്‍ത്താവിന്റെ ലോകം

അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്നു, സിന്‍ഡിക്കേറ്റില്‍ ഉണ്ടായിരുന്നു. അപ്പോള്‍ പഠിക്കുന്ന കാലത്ത് തന്നെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളൊക്കെയുണ്ടായിരുന്നു. ഈയടുത്ത് അദ്ദേഹം തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഡോക്ടേഴ്‌സ് ഡിലൈമ എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുകയും അതിന്റെ കീഴില്‍ ഉടലാഴം എന്ന ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അത് ഐഎഫ്എഫ്‌കെയിലൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിന് നല്ല ഒരു ക്രിട്ടിക്കല്‍ അപ്രിസിയേഷനൊക്കെ കിട്ടിയിരുന്നു. ട്രാന്‍സ് ജെന്‍ഡറായ ഒരു ട്രൈബല്‍ ഗുളികന്റെ കഥയാണ് ചിത്രം പറയുന്നത്. അത് കമ്പോസ് ചെയ്തിരിക്കുന്നത് മിഥുന്‍ ജയരാജ് എന്ന എന്റെ ഒരു സുഹൃത്തും ഞാനും ചേര്‍ന്നിട്ടാണ്. ഞങ്ങള്‍ രണ്ടുപേരു രണ്ട് വഴിക്കാണ് സിനിമയിലെത്തിയത്. ഡയറക്ഷന്‍ നിര്‍വഹിച്ച ഉണ്ണിക്കൃഷണ്ന്‍ ആവള എന്റെ ഒരു സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഒരു ഡോക്യുമെന്ററിയുടെ ഡിസ്‌ക്കഷന്‍ സമയത്ത് ഞങ്ങളിവിടെ വന്നിരിക്കുമ്പോഴാണ് ഒരു ഡോക്ടര്‍ ഇത് നിര്‍മ്മിക്കാനായി സമ്മതിച്ചിണ്ടെന്ന കാര്യം ഞങ്ങളറിയുന്നതും എന്റെ ഹസ്ബന്‍ഡ് പിന്നീട് അതിലേക്ക് ജോയിന്‍ ചെയ്യുന്നതും… അവരുടെ കള്‍ച്ചറല്‍ ആക്ടിവിറ്റീസും ജോലിയോടൊപ്പം തന്നെ മുമ്പോട്ട് പോകുന്നുണ്ട്.

.ഇനി വരാനുള്ള ചിത്രങ്ങള്‍…?

ലേറ്റസ്റ്റായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, മധുരരാജ, ഉയരെ. പിന്നെ തൊട്ടപ്പന്‍ എന്ന് പറയുന്ന വിനായകന്റെ ഒരു ചിത്രമുണ്ട്. ബിജിപാല്‍, ഗോപിസുന്ദര്‍, രാഹുല്‍ രാജ്, ഗിരീഷ് കുട്ടന്‍, സൂരജ് എസ് കുറുപ്പ് എന്നിവരുടെയൊക്കെ പാട്ടുകളാണ് അടുത്ത് റിലീസ് ചെയ്യാനിരിക്കുന്നത്.

. സിത്താര എന്ന ഗായികയുടെ ഐഡന്റിറ്റി

സത്യത്തില്‍ ഓരോ രീതിയിലാണ് ആള്‍ക്കാര്‍ എന്നെ ഐഡന്റിഫൈ ചെയ്യുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ഗോദയിലെ വോവ് സോങ്ങിന്റെ ഒരു കവര്‍ ചെയ്തപ്പോള്‍ അത് ഒരുപാട്‌പേര്‍ കണ്ടു. ചില ആള്‍ക്കാര്‍ ഗസല്‍ വേദികളിലൂടെ, ചില ആള്‍ക്കാര്‍ മറ്റൊരു തരം പാട്ടിലൂടെ.. സിനിമയില്‍ എപ്പോഴും എനിക്ക് പലതരം പാട്ടുകളാണ് പാടാന്‍ കിട്ടിയിരിക്കുന്നത്. ചിലത് വളരെ വെസ്റ്റേണൈസ്ഡായിട്ടുള്ള പാട്ടുകളാണ്. സത്യത്തില്‍ ഞാന്‍ വെസ്റ്റേണ്‍ ട്രെയ്‌നിങ്ങ് ഈയടുത്താണ് തുടങ്ങിയത്. പിന്നെ സദാപാലയ പോലുള്ള പാട്ടുകള്‍, അതൊന്നുമല്ലാത്ത സമയത്ത് ഭയങ്കര ഫങ്കിയായിട്ടുള്ള പാട്ടുകള്‍. സിനിമയെ സംബന്ധിച്ചിടത്തോളം നമുക്ക് എക്‌സ്പ്പിരിമെന്റ് ചെയ്യാവുന്ന ഒരു സ്‌പെയ്‌സാണ്. എന്റെ ട്രെയ്‌നിങ്ങ് ശരിക്കും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്കിലാണ്. അത് അതിന്റെ തനിരൂപത്തില്‍ അവതരിപ്പിക്കാന്‍ നമുക്ക് വേദികളുണ്ട്. സിനിമയിലേക്കു വരുമ്പോള്‍ അതൊരു അഡാപ്‌റ്റേഷനാണ്. ഒരു സിനിമാറ്റിക് വേര്‍ഷനായിരിക്കും. അങ്ങനെ അവതരിപ്പിക്കാനുള്ള ഒരു സ്‌പെയ്‌സിനെ ഞാന്‍ വളരെ ഇന്ററസ്റ്റിങ്ങായിട്ടാണ് കാണാറുള്ളത്. എനിക്ക് അത്തരമൊരു പാട്ട് കിട്ടുമ്പോള്‍ മുമ്പ് കേട്ടിട്ടുള്ള അത്തരം പാട്ടുകളെക്കുറിച്ച് ആലോചിക്കും എന്നിട്ടാണ് അത് ആലോചിക്കുക. വലിയ വലിയ പാട്ടുകാര്‍ പാടിവെച്ചിട്ടുള്ള ഒരു മെമ്മറിയുണ്ടാവുമല്ലോ നമ്മുടെ മനസ്സില്‍. അതൊക്കെ മനസ്സില്‍ വെച്ചാണ് പാടുക. അതൊരു വേറൊരു ഫണ്ണാണ് ഫിലിം സിംഗിങ്ങ് എന്ന്് പറയുന്നത്..