സര്‍ക്കാരില്‍ നിന്നും മേള നടത്തിപ്പിനായി ലഭിക്കാറുള്ള ധനസഹായം പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ലഭിക്കാതെ പോയതിന്റെ പശ്ചാത്തലത്തില്‍ ഐഎഫ്എഫ്കെ നടത്തിപ്പിനായി കേരള ചലച്ചിത്ര അക്കാദമി ധന സമാഹാരണത്തിനൊരുങ്ങുന്നു. ഐഎഫ്എഫ്കെ ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ധനസമാഹരണത്തിലേക്ക് ചലച്ചിത്ര പ്രേമികളും കലാസാംസ്കാരിക പ്രവര്‍ത്തകരും സംഭാവന ചെയ്യണം എന്ന് ചലച്ചിത്ര അക്കാദമി അഭ്യര്‍ഥിച്ചു. സംഭാവനയ്ക്ക് പുറമേ സ്പോണ്‍സര്‍ഷിപ്പും ചലച്ചിത്ര അക്കാദമി തേടുന്നുണ്ട്.
സംഭാവനകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (തിരുവനന്തപുരം ആല്‍ത്തറ ബ്രാഞ്ച്) അക്കൗണ്ട് നമ്പര്‍: 10270825382, ഐ.എഫ്.എസ്.സി കോഡ്: SBIN0007203 വഴി അയക്കാം. സ്പോണ്‍സര്‍ഷിപ്പിനായി ബന്ധപ്പെടേണ്ടത് ചലച്ചിത്ര അക്കാദമി സെക്രട്ടറി (phone :73565 41555), ഡെപ്യൂട്ടി ഡയറക്ടര്‍ (phone :81379 90800) എന്നിവരെയാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റ്: www.keralafilm.com
കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ 2018) ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. 12 തിയേറ്ററുകളില്‍ വച്ചായിരിക്കും ഇത്തവണത്തെ ചലച്ചിത്രമേള നടക്കുക. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കി എട്ടുദിവസം എന്നത് ഏഴു ദിവസമാക്കിയായിരിക്കും ഇത്തവണത്തെ മേള. സിനിമകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും.
ഐഎഫ്എഫ്കെ 2018 ന്റെ തീം ‘റീ ബില്‍ഡിങ്’ എന്നാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അറിയിച്ചു. പ്രളയത്തിനു ശേഷം ജീവിതം തിരിച്ചുപിടിക്കുന്ന പാതയിലാണ് നമ്മള്. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ തീം റീ ബില്‍ഡിങ് ആണ്. ഈ വിഭാഗത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിഗ്നേച്ചര്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമല്‍ അറിയിച്ചു.