സുനില്‍ സുഖദായകം

','

' ); } ?>

മലയാള സിനിമയില്‍ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് സുനില്‍ സുഖദ. അരങ്ങില്‍ നിന്നും ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച ഈ പ്രതിഭ ചെറുതും വലുതുമായ തന്റെ എല്ലാ കഥാപാത്രങ്ങളെയും അനശ്വരമാക്കി. തന്റെ കയ്യൊപ്പുകളായ ആമേനിലെ കപ്പ്യാരെയും, ഫഌറ്റ് നമ്പര്‍ 4 ബിയിലെ ചൂടന്‍ മുതലാളിയെയും വെള്ളിമൂങ്ങയിലെ പള്ളീലച്ഛനെയും സു സു സുധീ വാത്മീകത്തിലെ രസികന്‍ ഡോക്ടറെയും മലയാളിക്ക് മറക്കാനാവില്ല. ഏകദേശം 120ാളം സിനിമകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ കലാകാരന്‍ മികച്ച ഒരു നാടക അഭിനേതാവ് കൂടിയാണ്. എട്ടു വര്‍ഷത്തോളമായുള്ള തന്റെ ഏകമായ സിനിമ ജീവിതത്തെക്കുറിച്ചും ഒപ്പം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നാടക അഭിരുചികളെക്കുറിച്ചും സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ് മലയാളത്തിന്റെ സ്വന്തം സുനില്‍ സുഖദ.

.എട്ടുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍….?

തിരിഞ്ഞുനോക്കുമ്പോള്‍ വളരെ സന്തോഷം. ചെറിയൊരു കാലഘട്ടമാണെങ്കിലും ഒരുപാട് സംവിധായകേരാടൊപ്പം വ്യത്യസ്ഥമായ കുറേ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റി. അപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം തന്നെയാണല്ലോ… തിരിഞ്ഞല്ല മുന്നോട്ടാണ് നോക്കിക്കൊണ്ടിരിക്കുന്നത്…

.തിയേറ്ററായിരുന്നു താങ്കളുടെ തട്ടകം. അതിന്റെ കരുത്ത് എത്രമാത്രം സിനിമകളില്‍ സഹായിച്ചിട്ടുണ്ട്…?

ഒരുപാടുണ്ട്… കാരണം, എനിക്ക് രംഗത്ത് നിന്ന് നില്‍ക്കാനും നടക്കാനുമൊക്കെ കിട്ടിയ ഒരു എക്‌സ്പ്പീരിയന്‍സ് ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാന്‍ പലപ്പോഴും പറയും. ആദ്യ നടന്മാരൊക്കെ വരുമ്പോള്‍ അവരെ ബാധിക്കുന്നത് നേരെ മുമ്പിലൊരു ക്യാമറയും മുന്നിലൊരു പത്തിരുപത്തഞ്ച് പേര് നില്‍ക്കുന്നു എന്നതൊക്കെയാണ്. പക്ഷെ നമ്മള്‍ തിയേറ്ററില്‍ നിന്ന് മുന്നൂറും അഞ്ഞൂറും പേരുടെ മുമ്പില്‍ നാടകം അവതരിപ്പിച്ച ഒരനുഭവം വെച്ച് നമ്മുടെ മുന്നില്‍ കുറച്ചുപേര്‍ നില്‍ക്കുന്നു എന്നുള്ളത് സന്തോഷം തരുന്ന ഒരു കാര്യമാണ്. തിയേറ്ററില്‍ നിന്നുമുള്ള ഊര്‍ജ്ജം എപ്പോഴും എന്നെ മുന്നോട്ട് നയിക്കാന്‍ സഹായിച്ചിട്ടുണ്ട്.

.പരീക്ഷണങ്ങളുടെ വേദിയായ അമേച്വര്‍ നാടകവേദിയിലേക്ക് മാറിയപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച്…?

ഞാന്‍ ചെറുപ്പത്തിലെ നാടകവുമായി നടന്ന ഒരാളല്ല. ജോലിയും കാര്യങ്ങളുമൊക്കെയായി ഞാന്‍ ബോംബെയിലായിരുന്നു. എന്നെ നാടകത്തിലേക്ക് ആകര്‍ഷിച്ച കാര്യം എനിക്ക് നല്ല കുറേ നാടകങ്ങള്‍ കാണാനുള്ള അവസരങ്ങള്‍ ലഭിച്ചു എന്നുള്ളതാണ്. പിന്നെയാണ് ഞാന്‍ അന്വേഷണം തുടങ്ങുന്നത്. അത് കുറച്ച് ലേറ്റര്‍ സ്‌റ്റേജിലാണ്. ഇവിടെ ആ സമയത്താണ് വയലാ വാസുദേവപ്പിള്ള സാറിന്റെ നേതൃത്വത്തില്‍ ഒരു സണ്‍ ഡേ തിയേറ്റര്‍ എന്ന ഗ്രൂപ്പ് തുടങ്ങുന്നത്. ഇവിടെ ശങ്കരപ്പിള്ള സാര്‍ ഒക്കെ തുടക്കം കുറിച്ച രംഗ ചേതന എന്ന ഒരു തിയേര്‍ ഗ്രൂപ്പുണ്ടായിരുന്നു. അവരാണ് ഈ കണ്‍സെപ്റ്റുമായത്തുന്നത്. ഞായറാഴ്ച്ചകളില്‍ ആളുകള്‍ ഒത്തുകൂടും. നാടകത്തോട് സ്‌നേഹവും സൗഹൃദവുമുള്ളവര്‍. നാടകത്തെ ഒരു പാഷനായി കൊണ്ടു നടക്കുന്നവരുടെ കൂട്ടായ്മയായിരുന്നു. സമൂഹത്തിലെ എല്ലാ തരത്തിലുള്ള ആള്‍ക്കാരും അതിലുണ്ടായിരുന്നു. ഞാന്‍ ഭാഗ്യത്തിന് ആ സമയത്താണ് ഇവിടെയെത്തുന്നത്. മുമ്പ് പല ജോലികള്‍ ചെയ്യുമ്പോഴും ഇതല്ല മറ്റെന്തോ ആണ് ചെയ്യേണ്ടത് എന്നെനിക്ക് തോന്നിയിരുന്നു. ഇങ്ങോട്ടു വന്നപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മറ്റുള്ള കാര്യങ്ങളിലൊക്കെ പ്രശ്‌നം തന്നെയായിരുന്നു.. സാമ്പത്തികം ഇല്ല. പക്ഷെ ചെയ്യുന്ന കാര്യത്തിനോട് ഒരു വളരെ സന്തോഷം തരുന്ന പ്രവര്‍ത്തിയായിത്തോന്നി നാടകം. അങ്ങനെ നാടകത്തില്‍ തുടരുകയായിരുന്നു. പിന്നെ അത് വളരെ ഡീപ്പായിട്ട് ഇന്‍വോള്‍വായി കുറേ കാലമുണ്ടായിരുന്നു. ഇപ്പോഴും നാടകത്തില്‍ സജീവമായിട്ടുണ്ട്.

.ബോംബെയില്‍ എന്തായിരുന്നു ജോലി…?

ബോംബെയില്‍ ഞാന്‍ ഐ ടി സി എന്ന കമ്പനിയിലായിരുന്നു. അവരുടെ വെല്‍ക്കം ഗ്രൂപ്പ് എന്നു പറഞ്ഞ ഹോട്ടല്‍സിലായിരുന്നു. അതിന് ശേഷം ഞാന്‍ റെസ്‌റ്റോറന്റ്‌സില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നെ ഇന്‍ഡസ്റ്റ്രിയല്‍ ഫോട്ടോഗ്രാഫി മേഖലയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പല പല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

. ദീപന്‍ ശിവരാമിനെ പോലുള്ള നാടക സംവിധായകനോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം എങ്ങനെയുണ്ടായിരുന്നു..?

പുറത്തൊക്കെ നാടകത്തിനുള്ള സ്വീകാര്യത വളരെ അധികമാണ്. ഞാന്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പോയിരുന്നു. അപ്പോള്‍ അവിടെ കാണുന്ന വലിയ ഹോര്‍ഡിങ്ങ്‌സും ബോര്‍ഡുകളുമൊക്കെ നാടകങ്ങളുടെയാണ്. അത്രയധികം പോപ്പുലറാണ് നാടകങ്ങളവിടെ. ഞാന്‍ പോകുമ്പോഴെ അവിടുന്ന് ഒരു നാടകം കാണണം എന്ന് കരുതിയാണ് പോയത്. അഗാത ക്രിസ്റ്റിയുടെ മൗസ് ട്രാപ്പ് എന്നുള്ള ഒരു നാടകം. ഞാന്‍ ചെല്ലുമ്പോള്‍ ആ നാടകം അവിടെ അറുപത്താറ് കൊല്ലമായി കളിച്ചുകൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി ഒരു തിയേറ്ററും ഉണ്ടാക്കിയിരിക്കുകയാണ്. അതിലെ നടന്മരൊക്കെ കാലക്രമേണ മാറി മാറി വരുന്നു. ഞാന്‍ ചെന്ന അന്ന് തന്നെ കുറേ ബുദ്ധിമുട്ടിയാണ് എനിക്ക് ടിക്കറ്റ് കിട്ടിയത്. അന്നും സീറ്റൊക്കെ ഏകദേശം ഫുള്ളാണ്. ദീപനും ഞാനുമൊക്കെ വയലാ സാറിന്റെ നാടകങ്ങളിലൂടെയാണ് തുടങ്ങിയത്. ദീപന്റെ ഒരു നാടകമുണ്ടായിരുന്നു. സ്‌പൈനല്‍ കോഡ് എന്ന ഒരു നാടകം. ഒരു നാഴിക കല്ലെന്നൊക്കെ അതിനെപ്പറയാം. ദൃശ്യ ബോധത്തെ മാറ്റി മറിച്ച ഒരു നാടകമായിരുന്നു. അതില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ പലതരത്തിലുള്ള ഒരുപാട് അമേച്വര്‍ ഗ്രൂപ്പുകളുടെ കൂടെ അഭിനയിച്ചിരുന്നു. ഞാന്‍ ഒരു പ്രൊഫഷണല്‍ ഗ്രൂപ്പിനോടൊപ്പമായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഒരു എക്‌സ്പ്പീരിയന്‍സിനുള്ള സാധ്യത വളരെ കുറവായിരുന്നു.

.സിനിമയില്‍ ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം…?

എന്റെ ഇഷ്ടക്കേടല്ല പലപ്പോഴും എന്റെ ഇഷ്ടം പ്രേക്ഷകരുടെ ഇഷ്ടവുമായി യോജിക്കുമോ എന്നുള്ളതാണ്. എനിക്കൊരു ബ്രെയ്ക്ക് തന്ന സിനിമയാണ് ചാപ്പാ കുരിശ്. അതുപോലെ ആമേന്‍ എന്ന ചിത്രം. പിന്നെ ഇമ്മാനുവല്‍ എന്ന ചിത്രം.. ഇമ്മാനുവലിലൊക്കെ ഞാന്‍ മൂന്നോ നാലോ സീനിലേ പ്രത്യക്ഷപ്പെടുന്നുള്ളു. പക്ഷെ പലരും ആ ചിത്രം വളരെ ഇന്‍സ്പയര്‍ ചെയ്യുന്ന സിനിമയാണെന്ന് കാണുമ്പോള്‍ പറയാറുണ്ട്. പിന്നെ ചില സിനിമകള്‍ വിജയിക്കാത്ത കാരണം അങ്ങനെയുള്ള ക്യാരക്ടേഴ്‌സ് ശൃദ്ധിക്കാതെ പോയിട്ടുണ്ട്. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയില്‍ ഞാനൊരു പഞ്ചായത്ത് പ്രസിഡന്റായി അഭിനയിച്ചുണ്ട്. അതുപോലെ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയില്‍ ഞാന്‍ മമ്മൂക്കയുടെ ഒരമ്മാവനായിട്ടായി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ കുറേ കഥാപാത്രങ്ങള്‍. പലപ്പോഴും ഒരു സിനിമ കഴിഞ്ഞാല്‍ അതിനെക്കുറിച്ച് മറക്കാനാണ് ശ്രമിക്കുന്നത്. പുതിയ ഒരു സിനിമയിലേക്ക് നോക്കിമ്പോള്‍ മറ്റ് കാര്യങ്ങള്‍ ഇന്‍ഫഌവന്‍സ് ചെയ്യാതെ എങ്ങനെ വ്യത്യസ്തമായി ചെയ്യാന്‍ പറ്റും എന്നാണ് നോക്കുന്നത്.

.വരാനിരിക്കുന്ന സിനിമകളില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ചെയ്യണം എന്നുണ്ടോ..?

നമ്മള്‍ക്ക് കിട്ടുന്ന ക്യാരക്ടറുകള്‍ നമ്മുക്ക് നന്നായി ചെയ്യാനെ പറ്റു. ഒരു സിനിമയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അത്ര സെലക്ടീവല്ല, നമ്മുക്ക് കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുക എന്നുള്ള പോളിസിയിലാണ് മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന വലിയൊരു മമ്മൂക്ക നായകനാകുന്ന മാമാങ്കം എന്ന സിനിമയാണ്. മമ്മൂക്ക നായകനായിട്ട്. ജയറാമിന്റെ ഗ്രാന്റ് ഫാദര്‍ എന്ന് പറയുന്ന അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം. അത് പോലെ എം എ നിഷാദിന്റെ തെളിവ് എന്ന് പറയുന്ന ഒരു സിനിമ, ആശ ശരത് ഒരു സെന്‍ട്രല്‍ ക്യാരക്ടര്‍ ചെയ്യുന്നുണ്ട്. പിന്നെ ഗോകുല്‍ സുരേഷ് അഭിനയിക്കുന്ന പപ്പു എന്ന് പറയുന്ന ഒരു ചിത്രം.. അങ്ങനെ കുറച്ച് ചിത്രങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

. സിനിമയിലെത്താന്‍ വൈകി പോയത് അനായാസതയെ ബാധിച്ചു എന്ന് തോന്നിയിട്ടുണ്ടോ..?

ഇല്ല, അതിപ്പോള്‍ ഫ്‌ളെക്‌സിബിളിറ്റി എല്ലാ കാര്യത്തിലും. അതിനെക്കുറിച്ചെനിക്കറിയില്ല.. എക്‌സൈസുകളൊക്കെ ഞാന്‍ മുമ്പ് ചെയ്യുമായിരുന്നു. പിന്നെ പലപ്പോഴും എന്റെ ഇത്തരത്തിലുള്ള ഒരു രൂപം ക്യാരക്ടേഴ്‌സിന് ആവശ്യമാണ്. അതുപോലെ ”ചേട്ടാ കുറച്ച് തടി കുറഞ്ഞാലും കൂടാന്‍ പാടില്ല ”എന്ന് അഡ്വാന്‍സായി പറയുന്നവരും ഉണ്ട്. ശരീരവുമായി നമ്മള്‍ ഫിറ്റായി ഇരിക്കുന്നത് നല്ലതാണ്. ഒരു ആക്ടര്‍ എന്ന നിലക്ക് ഏറ്റവും നല്ല ഒരു ടൂളാണല്ലൊ ശരീരം.

.തിയേറ്ററില്‍ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍..?

ഞാന്‍ നേരത്തെ പറഞ്ഞ രംഗ ചേതന എന്ന തിയേറ്റര്‍ ഗ്രൂപ്പ് ഇപ്പോഴും ഉണ്ട്. വളരെ സീരിയസ്സായി തിയേറ്റര്‍ എക്‌സ്പ്പിരിമെന്റ്‌സും സ്റ്റഡീസും നടത്തുന്ന ഒരു ഗ്രൂപ്പാണ്. രംഗ ചേതന കഴിഞ്ഞ മൂന്ന് കൊല്ലമായി എല്ലാ സണ്‍ഡേയും നാടകങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തിലെ ഏതെങ്കിലും ഒരു സംഘടനയും നടത്തിയിട്ടുണ്ടാവില്ല. ഒരു സണ്‍ഡേ പോലും വിടാതെ ഞങ്ങള്‍ നാടകം നടത്തുന്നുണ്ട്. ബേസിക്കലി ഇത് റീജിയണല്‍ തിയേറ്ററിന്റെ പുറകിലുള്ള നാട്യഗൃഹം എന്ന സ്ഥലത്താണ് പരിപാടി നടക്കാറ്. ചില സമയത്ത് നാട്യഗൃഹം ഒഴിവല്ലെങ്കില്‍ നമ്മള്‍ വേറെ എവിടെയെങ്കിലും പോയി കളിക്കും. ഞാനഭിനയിച്ച നാടകങ്ങള്‍ ഉള്ളപ്പോള്‍ ഞാന്‍ ഒഴിവുണ്ടെങ്കില്‍ പോയി ചെയ്യാറുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് ചെയ്യുന്ന ഒരു നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ട്. സമയ പരിമിധികള്‍ കാരണം ഗ്രൂപ്പായിട്ടുള്ള നാടകങ്ങളില്‍ നിന്ന് കുറച്ച് ഒഴിഞ്ഞ് നില്‍ക്കുന്നുണ്ട്.

.സിനിമയിലെ ഏതെങ്കിലും അണിയറ പ്രവര്‍ത്തകനാകാനുള്ള ആഗ്രഹം..?

തീര്‍ച്ചയായിട്ടും. ഞാന്‍ ആക്ച്വലി ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ അസിസ്റ്റന്റായിരുന്നു. രണ്ടു സിനിമകളില്‍. രാത്രിമഴയും മകരമഞ്ഞും. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാവാനാണ് കൂടുതല്‍ നടന്നിട്ടുള്ളത്. സിനിമയില്‍ നടനാവാനുള്ള ഓഡീഷനുകള്‍ക്ക് പോയിട്ടുണ്ടെങ്കിലും ആ തരത്തിലുള്ള ഓഡീഷനുകളായിരുന്നു കൂടുതല്‍. ഞാനൊരു പതിനഞ്ചോളം ഷോട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പോയ പല സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. ആ തരത്തിലുള്ള അന്വേഷണങ്ങള്‍ വളരെ സീരിയസ്സായിട്ട് നടക്കുന്നുണ്ട്.

.അടുത്ത് ഒരു സിനിമ പ്രതീക്ഷിക്കാമോ?

(ചിരിക്കുന്നു).. സിനിമയെന്നു പറയുമ്പോള്‍ നമ്മള്‍ മാത്രം വിചാരിച്ചാല്‍ പോരല്ലൊ.. അതില്‍ ഒരുപാട് ഘടകങ്ങള്‍ ഒത്തുവരണ്ടേ…. പ്രതീക്ഷയുണ്ട്…

.ഫാമിലിയെപ്പറ്റി…?

ഫാമിലി.. ഞാന്‍ ഒറ്റക്കാണ്.. വീട്ടില്‍ അമ്മയുണ്ട്. സഹോദരിയുണ്ട്, സഹോദരന്മാരുണ്ട്. കുറച്ചുകാലമായി ഞാന്‍ ഇവിടെത്തന്നെയാണ്. പലരും ചോദിക്കാറുണ്ട് പേരിന്റെ കൂടെയുള്ള സുഖദയെന്താണെന്ന്. സുഖദ എന്റെ വീടിന്റെ പേരാണ്. സുഖ ഒരു സംസ്‌കൃതം വാക്കാണ്. സുഖദായകം എന്നൊക്കെ അര്‍ത്ഥം വരുന്ന ഒരു പദം. അച്ഛന്‍ വീടിനിട്ട പേരാണ്. എന്റെ ഒരു സുഹൃത്ത്, ഐ ഡി രഞ്ജിത്തിന്റെ നാടകത്തില്‍ ഞാന്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിരുന്നു. അയാള്‍ കോസ്റ്റിയൂം സുനില്‍ സുഖദയെന്ന പേരിലാണ് നോട്ടീസിലടിച്ചത്. നോട്ടീസ് കാണുമ്പോഴാണ് ഞാന്‍ തന്നെ എന്റെ പേരിങ്ങനെയായത് കാണുന്നത് (നിറഞ്ഞ് ചിരിക്കുന്നു). പിന്നെ അതങ്ങനെ പതിഞ്ഞുപോയി.

. ഏത് ഡയറക്ടറുടെ കൂടെ പ്രവര്‍ത്തിക്കാനാണ് ഏറ്റവും സൗകര്യം തോന്നിയിട്ടുള്ളത്…?

അങ്ങനെ ഡയറക്ടേഴ്‌സ്. ഞാന്‍ വളരെ പോപ്പുലറായ സത്യന്‍ സാര്‍, ജോഷി സാര്‍ എന്നിവരുടെയൊപ്പമൊന്നും വര്‍ക്ക് ചെയ്തിട്ടില്ല. ഞാന്‍ ഒപ്പം വര്‍ക്ക് ചെയ്യാത്തവരായി കുറച്ച് ഡയറക്ടേഴ്‌സുണ്ട്. പക്ഷെ അത്യാവശ്യം ആക്ടീവായി നില്‍ക്കുന്ന എല്ലാവരോടൊമൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്ക് ഇനി കുറച്ച് അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഹിന്ദി സിനിമ വേണം ഒരു ഇംഗ്ലീഷ് സിനിമ വേണം (പുഞ്ചിരിക്കുന്നു). നമ്മള്‍ക്ക് ആഗ്രഹിക്കുന്നതിന് ഒരു പ്രശ്‌നവുമില്ലല്ലോ..

. ക്രിസ്ത്യന്‍ റോളുകള്‍ ആണല്ലോ കൂടുതലും?

അതെന്താ കാരണം എന്നറിയില്ല… ഞാന്‍ പലപ്പോഴും ഇങ്ങനെ ചെയ്തിട്ടുണ്ട്. നമ്മള്‍ കൊമേര്‍ഷ്യല്‍ സിനിമയുടെ ഒരു ഭാഗമാണല്ലോ.. നമ്മള്‍ ചെയ്ത ഒരു ബ്രെയ്ക്കുണ്ടാക്കിയ സാധനം ഒരു റീസണ്‍ ഇല്ലാതെ കൂടെ വീണ്ടും ആവശ്യപ്പെടും. മാര്‍ട്ടിന്‍ സാര്‍ എന്ന് പറയുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു, ചാപ്പാക്കുരിശിലെ.. ഒരുപാട് തൃശ്ശൂര്‍ സ്ലാങ്ങ് പറയുന്ന ക്യാരക്ടേഴ്‌സ് വരും. നമ്മുക്ക് ആദ്യം ഒന്ന് എസ്റ്റാബ്ലിഷ് ചെയ്യാന്‍ നല്ലതാണെങ്കിലും ഇടക്ക് പിന്നീട് അതില്‍ കുടുങ്ങിപ്പോയാല്‍ വേറെ പല ബുദ്ധിമുട്ടുകളുമുണ്ട്. അപ്പോള്‍ കഴിവതും അതില്‍ നിന്ന് ഞാന്‍ മാറാന്‍ നോക്കും പിന്നെ ചില സിനിമകള്‍ ആവശ്യപ്പെടുമ്പോള്‍ ഞാനത് ചെയ്യാറുണ്ട്. ഒരുപാട് പള്ളീലച്ചന്മാരെ ഞാന്‍ ചെയ്തിട്ടുണ്ട്.

.’സിനിമയിലേക്ക് കയറുക… നാടകത്തിലേക്കിറങ്ങുക’ സിനിമയില്‍ കയറിയിട്ടും നാടകത്തിലേക്കിറങ്ങുന്നതിനെ കുറിച്ച്?

ഞാന്‍ സത്യത്തില്‍ അഭിനയത്തിലേക്കാണിറങ്ങിയിട്ടുള്ളത്. അതില്‍ വന്ന ഒരു ഭാഗമാണ് നാടകം. അതില്‍ വന്ന മറ്റൊരു ഭാഗമാണ് സിനിമ. അപ്പോള്‍ ഞാന്‍ സത്യത്തില്‍ നേരെ നടന്നുകൊണ്ടിരിക്കുകയാണ്. (ചിരിക്കുന്നു) അത് എന്നോട്ട് മുന്നോട്ട് നയിക്കുകയാണ്.

.
തിയേറ്റര്‍ ആക്ടിങ്ങും, ക്യാമറ ആക്ടിങ്ങും രണ്ടും രണ്ടാണല്ലോ… ഇത് സത്യത്തില്‍ എപ്പോഴെങ്കിലും താങ്കളെ ബാധിച്ചിട്ടുണ്ടോ…?

അങ്ങനെ എനിക്ക് തോന്നിയിട്ടില്ല കാരണം. ക്യാമറയുടെ പുറകിലുള്ള ഒരു എക്‌സ്പ്പീരിയന്‍സ് ചെറിയ കുറച്ച് സിനിമകള്‍ ചെയ്തതു കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ സ്റ്റേജിലെ ഒരു എക്‌സ്പ്പീരിയന്‍സുണ്ട്. പിന്നെ നമ്മളെ കണ്‍ട്രോള്‍ ചെയ്യാനെപ്പോഴും ഡയറക്ടേഴ്‌സുണ്ട്. ആരും അങ്ങനെ പറഞ്ഞ് കേട്ടിട്ടുമില്ല.

. വിവാഹത്തെപ്പറ്റി…?

ഞാന്‍ കാര്യങ്ങളൊന്നും വളരെ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന ആളല്ല. എന്തായാലും ഈ ആഴ്ച്ചയില്‍ കുറച്ച് തിരക്കുണ്ട്. (ഒരു കള്ളച്ചിരി) അത് കഴിഞ്ഞ് ആലോചിക്കാം..