96 ന്റെ തെലുങ്ക് റീമേക്ക് പ്രതിസന്ധിയില്‍..!

വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം 96 തെലുങ്ക്, കന്നഡ ഭാഷകളില്‍ റീമേക്കിന്‌ ഒരുങ്ങുകയാണ്. എന്നാല്‍ തെലുങ്ക് റീമേക്ക് പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. 96 ന്റെ തെലുങ്ക് റീമേക്കില്‍ സംഗീതസംവിധായകനായി ഗോവിന്ദ് വസന്ത തന്നെ മതിയെന്ന നിലപാടിലായിരുന്നു സംവിധായകന്‍ സി പ്രേംകുമാര്‍. എന്നാല്‍ നിര്‍മ്മാതാവ് ദില്‍ രാജു എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ പ്രശസ്തരായ സംഗീത സംവിധായകരാരെങ്കിലും ഈണം നല്‍കട്ടെയെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അതോടൊപ്പം ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതായും എന്നാല്‍ തമിഴ് പതിപ്പിന്റെ തിരക്കഥ അതേപടി നിലനിര്‍ത്തണമെന്ന നിലപാടിലാണ് പ്രേംകുമാര്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് റീമേക്കില്‍ ഷര്‍വാനന്ദും സാമന്തയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കന്നഡയില്‍ 99 എന്നാണ് ചിത്രത്തിന്റെ പേര്. ഗണേഷും മലയാളികളുടെ പ്രിയതാരം ഭാവനയുമാണ് മുഖ്യ കഥാപാത്രങ്ങളായെത്തുന്നത്.