
“അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം”, ഗോവയിൽ നടന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ഇന്ത്യൻ സിനിമയുടെ മഹാനടൻ ഈ വാക്കുകൾ പറയുമ്പോൾ ഇന്ത്യൻ സിനിമയും, പ്രേക്ഷകരും ആ ആഗ്രഹം സഫലമാകാൻ ഒരു നിമിഷം മൗനമായി പ്രാർത്ഥിച്ചിട്ടുണ്ടാകും. കാരണം ആ മനുഷ്യന്റെ വാക്കുകളിൽ അൽപ്പം പോലും നിരാശയോ കുറ്റബോധമോ ഉണ്ടായിരുന്നില്ല. വെള്ളിത്തിരയിലെ അര നൂറ്റാണ്ടിന്റെ തിളക്കത്തിൽ “സൂപ്പർ സ്റ്റാറായി” മാറ്റുരയ്ക്കപ്പെടാതെ തലമുറകൾക്കപ്പുറം അയാൾ തിളങ്ങി നിൽക്കുകയാണ്. “ലൈഫ് ടൈം അച്ചീവ്മെന്റ് ” ആദരം സ്വീകരിക്കുമ്പോഴും തനിക്കിനിയും ഒരുപാട് ചെയ്യണമെന്ന ആഗ്രഹവും, ഇനിയും മുഴുവനായിട്ടില്ലെന്ന ലാളിത്യവും ആ മനുഷ്യൻ പ്രകടമായി തന്നെ കാണിക്കുന്നുണ്ട്. “വെള്ളിത്തിരയിലെ രജനിസത്തിന്റെ അര നൂറ്റാണ്ടിന് സെല്ലുലോയ്ഡിന്റെ ആശംസകൾ.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ, സമാനതകൾക്കപ്പുറത്ത് നിൽക്കുന്ന ഒരേ ഒരു പേര്, ‘രജനീകാന്ത്’. ഒരു സാധാരണ യുവാവിന്റെ ജീവിതത്തിൽ നിന്ന് ഏറെ ദൂരെയുള്ള, വിശ്വസിക്കാനാകാത്ത ഉയരങ്ങളിലേക്ക് തൊട്ടുപോയ ഒരു അത്ഭുതകഥ. ബാംഗ്ലൂരിലെ ഒരു സാദാരണ മറാത്തി വീട്ടിൽ വളർന്ന ശിവാജി റാവു ഗൈക്വാഡ് എന്ന ബാലൻ, പിന്നീട് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ ആരാധ്യനായ സൂപ്പർതാരമായപ്പോൾ, അത് വ്യക്തിജീവിതത്തിലെ വിജയം മാത്രമല്ല, ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും അതീതമായ ഒരു കലാപ്രതിഭയുടെ ഉദയവുമായിരുന്നു. സിനിമയിൽ കാൽവെച്ചിട്ട് അമ്പത് വർഷം, അര നൂറ്റാണ്ട്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു ജനപ്രിയ പ്രതിച്ഛായ, ഒരു സംസ്കാരത്തിന്റെ പ്രതീകം, ഒരു പ്രചോദനത്തിന്റെ പ്രതിരൂപം എന്ന നിലയിലും, രജനീകാന്ത് ഇന്ന് ഇന്ത്യയിലും വിദേശത്തും അതുല്യമായ ഒരു പാരമ്പര്യം സൃഷ്ടിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതകഥ, അക്രമണരഹിതമായ ദൃഢനിശ്ചയത്തിന്റെ, അസാധാരണ പ്രതിഭയുടെ, അത്ഭുതകരമായ ലളിതത്വത്തിന്റെ ഒരു സമന്വയം തന്നെയാണ്.
1950-ൽ ബാംഗ്ലൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രജനീകാന്തിന്, ബാല്യത്തിൽ തന്നെ അമ്മയെ നഷ്ടമായി. പിതാവിന്റെ ചെറിയ വരുമാനത്തിൽ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുക സുലഭമല്ലായിരുന്നു. പഠനത്തോടൊപ്പം തന്നെ ചെറുപ്പത്തിൽ പലതരം ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു മരപ്പണിക്കാരൻ, ഒരു കൂലിക്കാരൻ, പിന്നെ ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിൽ ഒരു ബസ് കണ്ടക്ടർ. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യജീവിതം. എങ്കിലും ഏത് പ്രതിസന്ധിയിലും അദ്ദേഹം കൈമുതലാക്കിയ തന്റെ പുഞ്ചിരി അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ നർമ്മമുള്ള പുഞ്ചിരി, അതീവ പിന്തുണയുള്ള സമീപനം, യാത്രക്കാരുമായി സംസാരിക്കുന്നതിലെ അടുപ്പം എല്ലാം കൂടി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നുവെന്ന് അദ്ദേഹത്തെ ഓർത്തെടുക്കുന്ന പലരും വാചാലമായ സത്യമാണ്.
കൂലിപ്പണിക്കാരനായിരുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകൾ സമ്മാനിച്ചതായി അദ്ദേഹം തന്നെ ഒട്ടേറെ അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 10 പൈസക്ക് വേണ്ടി അരിച്ചാക്ക് ചുമന്നു കൊണ്ടിരുന്ന കാലം. ഒരിക്കൽ ഒരു പഴയ സ്കൂൾ സഹപാഠി അത് കാണാനിടയായി. അന്ന് അദ്ദേഹം നേരിട്ട പരിഹാസം വേദനാജനകമായിരുന്നു. പഠിക്കുന്ന സമയത്ത് വലിയ ആളെ പോലെ നടന്നിട്ട്, ഇപ്പോൾ ഇതാണോ പണി എന്നായിരുന്നു ആൾക്കൂട്ടത്തിനിടയിൽ വെച്ച് അയാൾ പരിഹസിച്ചത്. തന്റെ ജീവിതത്തിൽ താൻ ആദ്യമായി കരഞ്ഞത് അന്നാണെന്ന് അദ്ദേഹം പിന്നീടൊക്കെയും പറഞ്ഞിട്ടുണ്ട്. പക്ഷെ അന്നത്തെ ആ വേദനയുടെ ചൂടിൽ ഒരു പുതിയ പ്രതിഭയുടെ പുളകം തുടങ്ങുകയായിരുന്നു.
ബസ് കണ്ടക്ടറായിരുന്നപ്പോൾ തന്നെ നാടകങ്ങളോടും കലാവത്കരണത്തോടും താത്പര്യം പ്രകടിപ്പിച്ചിരുന്ന രജനീകാന്ത്, പിന്നീട് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തെ സിനിമയിലേക്ക് നയിച്ചത് സംവിധായകൻ കെ. ബാലചന്ദറാണ്. “നീ അഭിനയിക്കേണ്ടത് തമിഴിലാണ്, അത് നിനക്ക് കൂടുതൽ ചേരും” എന്ന ബാലചന്ദറിന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവൻ മാറ്റിയെഴുതുകയായിരുന്നു. 1975-ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം . ആദ്യം ചെറിയ കഥാപാത്രങ്ങൾ, പിന്നീട് വ്യക്തതയുള്ള വേഷങ്ങൾ, രജനീകാന്തിന്റെ സ്‌ക്രീൻ പ്രസന്റേഷനിൽ ഉണ്ടായിരുന്ന അതുല്യമായ ഊർജ്ജം, സ്റ്റൈൽ, കാഴ്ച, എല്ലാം കൂടി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുവെച്ചു.
1980-കളോടെ, രജനീകാന്ത് തമിഴ് സിനിമയിലെ ഏറ്റവും പ്രമുഖ താരമായി മാറി. അദ്ദേഹത്തിന്റെ സ്റ്റൈൽ, കരിസ്മ, ഡയലോഗ് ഡെലിവറി എന്നിവ ജനശ്രദ്ധ പിടിച്ചുപറ്റി. സിംഗപ്പൂർ മുതൽ ശ്രീലങ്ക വരെയും, മിഡിൽ ഈസ്റ്റ് മുതൽ ജപ്പാൻ വരെയും, ഒരുപാട് ആരാധകർ അദ്ദേഹത്തെ ആരാധിക്കുകയും പിന്തുണക്കുകയും ചെയ്തു. 10 പൈസക്ക് വേണ്ടി അരിച്ചാക്ക് ചുമന്നവൻ ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി.
അഭിനയത്തിന് പുറമെ, അദ്ദേഹം സിനിമകളിൽ പുതുമയുള്ള സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ ‘മാവീരൻ’ 70mm പ്രൊജക്ഷനിൽ വന്ന ആദ്യ തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു. “കൊച്ചടയാൻ” വഴി മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യയിലേക്കും അദ്ദേഹം കടന്നുവന്നു. 2010-ലെ എന്തിരൻ (റോബോട്ട്) ഇന്ത്യൻ സിനിമയിലെ സയൻസ് ഫിക്ഷന്റെ ഒരു പുതിയ വഴിത്തിരിത്തായിരുന്നു.
തിയേറ്ററുകളിൽ രജനീകാന്തിന്റെ എൻട്രി സീനുകൾ ഒരു ഉത്സവം തന്നെയായിരുന്നു. ആരാധകർ അദ്ദേഹത്തിന്റെ ആദ്യ പ്രത്യക്ഷപ്പെടലിൽ അതീവ ആഹ്ലാദത്തോടെ സ്‌ക്രീനിലേയ്ക്ക് നാണയങ്ങൾ എറിയുക പതിവായിരുന്നു. ചിലപ്പോഴൊക്കെ സ്‌ക്രീനുകൾ നശിക്കാൻ വരെ കാരണമായ ഈ ആഘോഷങ്ങൾ രജനീകാന്ത് തന്നെയാണ് പിന്നീട് ഒഴിവാക്കാൻ പറഞ്ഞത്. പക്ഷെ ആരാധകർക്ക് അദ്ദേഹം ഒരു നടൻ മാത്രമായിരുന്നില്ല. ഒരു വികാരം, ഒരു അനുഭവം, ഒരു വിശ്വാസം. അതുകൊണ്ടുതന്നെ തമിഴ് സിനിമയുടെ സാമൂഹ്യ-സംസ്കാരിക ഭാഷയിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
ഇന്ത്യയിലെ ഒരു സിനിമാ താരത്തെക്കുറിച്ച് പാഠഭാഗം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തിയതിന്റെ അപൂർവ ബഹുമതിയും രജനീകാന്തിന് സ്വന്തമാണ്. CBSE ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ “From Bus Conductor to Superstar” എന്ന അധ്യായം, അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളും പ്രതീക്ഷകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. ഒരാളുടെ ജീവിതത്തിൽ എങ്ങനെ സ്ഥിരതയും കഠിനാദ്ധ്വാനവും അസാധാരണമായ ഉയരങ്ങളിലേക്കെത്തിക്കാം എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണം തന്നെയാണ് രജനീകാന്ത്. അഭിനേതാവായി മാത്രമല്ല, ഒരു വ്യക്തിയായി രജനീകാന്തിന്റെ ജീവിതം മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കുന്നുണ്ട്. വൻ വിജയങ്ങളോടൊപ്പം അദ്ദേഹം നിലനിർത്തുന്ന എളിമയും മൃദുലതയും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. വിജയങ്ങൾ അദ്ദേഹത്തെ അഹങ്കാരത്തിലേക്ക് നയിച്ചിട്ടില്ല. തോൽവികൾ അദ്ദേഹത്തെ തളർത്തിയിട്ടില്ല. പൊതുസ്ഥലങ്ങളിൽ അദ്ദേഹം ഒരു സാധാരണക്കാരനെപ്പോലെയാണ് പെരുമാറുന്നത്. സൂപ്പർസ്റ്റാർ പദവി തന്നെയാണെങ്കിലും, മനസിലാക്കിയാൽ ,അദ്ദേഹം ഒരു ലളിതനും കരുണയുള്ളവനുമായ മനുഷ്യൻമാത്രമാണ്.
രജനീകാന്ത് ഇന്ന് ഒരു പേരല്ല, ഒരു അനശ്വര പ്രതിഭാസമാണ്. അഞ്ച് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സിനിമകൾക്ക് ഇന്നും അതേ ഉത്സാഹമാണ്. യുവത്വം കണ്ട ആരാധകരും, ഇന്ന് സിനിമകൾ കാണാൻ വരുന്ന പുതിയ തലമുറയും എല്ലാം ഒരേ ആവേശത്തിലാണ് അദ്ദേഹത്തെ വരവേൽക്കുന്നത്. തന്റെ ജീവിതം കൊണ്ട് അദ്ദേഹം നമ്മുക്കു പഠിപ്പിക്കുന്നതൊന്നുണ്ട്: “നിങ്ങളുടെ തുടക്കം എവിടെയാണ് എന്നതല്ല പ്രധാനം നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എങ്ങനെ പോവുന്നു എന്നതുമാത്രമാണ് നിർണായകം.” അത് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചതാണ്.
ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. സിനിമയ്ക്കായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ഭാഗമായ ജയിലർ ബോക്സ് ഓഫീസിൽ തീർത്ത ആരവം തന്നെയാണ് അതിന് പ്രധാന കാരണവും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
ബസ് കണ്ടക്ടറിൽ നിന്ന് സിനിമയുടെ സൂപ്പർസ്റ്റാറായിത്തീർന്ന രജനീകാന്തിന്റെ ജീവിതം ഒരു ഉദാഹരണം മാത്രം അല്ല; അത് ഒരു പ്രചോദനശക്തി കൂടിയാണ്. പകുതി നൂറ്റാണ്ടിന്റെ ഈ വിജയയാത്ര, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിപരമായ നേട്ടങ്ങളിൽ ഒന്നായി ഇന്നും നിലകൊള്ളുന്നു. “ഇനിയും കൂടുതൽ വർഷങ്ങൾ, കൂടുതൽ മായാജാലങ്ങൾ, കൂടുതൽ സൂപർ എൻട്രികൾ അദ്ദേഹം നമുക്ക് സമ്മാനിക്കട്ടെ. രജനീകാന്തിന് ഹൃദയം നിറഞ്ഞ ആശംസകൾ.