ബോബന്‍ സാമുവേല്‍ ചിത്രത്തില്‍ അതിഥി താരമായി ഡാം999 സംവിധായകന്‍…

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘അല്‍ മല്ലു’ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തുന്നത് ബിസിനസ്സ് പ്രമുഖനും ഡാം999 എന്ന ചിത്രത്തിന്റെ സംവിധായകനുമായ സോഹന്‍ റോയ്. അബുദാബി കേന്ദ്രമാക്കി മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. മിയയും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂര്‍ണ്ണമായും പുതിയ കാലത്തെ പ്രവാസി മലയാളികളെ ചുറ്റിപ്പറ്റിയുള്ള ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സജില്‍സ് മജീദാണ്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ഡാം 999 സംവിധായകനും, നിര്‍മ്മാതാവും പ്രവാസി വ്യവസായിയുമായ സോഹന്‍ റോയ് ഇത് രണ്ടാം തവണയാണ് ക്യാമറയ്ക്കു പിന്നില്‍ നിന്നും അരങ്ങിലേക്ക് എത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം കനലിലാണ് സോഹന്‍ റോയ് ഇതിനു മുമ്പ് അഭിനയിച്ചത്. ഇന്ത്യന്‍ സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് രൂപം നല്‍കിയ 10 ബില്യണ്‍ യു.എസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ കൂടുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സോഹന്‍ റോയ്. റോയുടെ പ്രൊജക്ട് ഡിസൈനറായ മറ്റൊരു സി.എസ്.ആര്‍ ചിത്രം ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു.