മണ്‍മറഞ്ഞ് അതുല്യ പ്രതിഭ…

ദീലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തില്‍ മഹേഷിന്റെ അച്ചനായിയെത്തിയ അദ്ദേഹം ഒറ്റ വേഷത്തിലൂടെ തന്റെ പ്രതിഭയെ തെളിയിച്ച് എല്ലാ മലയാളികള്‍ക്കും പ്രിയങ്കരനായ ചാച്ചനായി മാറുകയായിരുന്നു.
തുടര്‍ന്ന് ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ജോര്‍ജേട്ടന്‍സ് പൂരം, ആകാശ മിട്ടായി, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു…

1950 കളിലാണ് കൊച്ചി സ്വദേശിയായ കെ.എല്‍ ആന്റണി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാടകങ്ങള്‍ എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും തന്റെ കലാജീവിതത്തിലേക്ക് രംഗപ്പ്രവേശം നടത്തുന്നത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ‘കൊച്ചിന്‍ കലാകേന്ദ്രം’ എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് രാജന്‍ വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ ‘ഇരുട്ടറ’ എന്ന നാടകം വലിയ വിവാദമായിരുന്നു. ‘മാനുഷ പുത്രന്‍’, ‘ചങ്ങല’, ‘അഗ്‌നി’, ‘കുരുതി’, തുടങ്ങി നിരവധി നാടകങ്ങളില്‍ അദ്ദേഹം വേഷമിടയും ചെയ്തു.
തന്റെ പുസ്തകങ്ങളില്‍ നിന്നുള്ള വരുമാനമാണ് നാടകങ്ങള്‍ക്കുള്ള മൂലധനമായി ആന്റണി ഉപയോഗിച്ചത്. പബ്ലിഷേഴ്‌സ് തന്റെ പുസ്തകങ്ങള്‍ സ്വീകരിക്കാതെ വന്നപ്പോള്‍ അദ്ദേഹം അവയെല്ലാം വീടുകളിലേക്ക് നടന്ന് വില്‍ക്കുകയായിരുന്നു. തന്റെ മകന്‍ ലാസര്‍ എഴുതിയ പുസ്തകങ്ങളും പുതിയ എഴുത്തുകാരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്കുള്ള പ്രസാധകരെ തേടിക്കൊടുക്കുകയും ചെയ്തു.

അഭിനയം തന്നെയാണ് ആന്റണിക്ക് ഒരു ജീവിതസഖിയെയും സമ്മാനിച്ചത്. 1979 ല്‍ തന്റെ നാടക ട്രൂപ്പില്‍ അഭിനയിക്കാനെത്തിയ ലീനയെ അദ്ദേഹം വിവാഹം ചെയ്തു. ആന്റണി തന്നെ കഥയെഴുതി സംവിധാനം ചെയ്ത ‘കലാപം’, ‘കുരുതി’, ‘മനുഷ്യ പുത്രന്‍’, ‘ഇരുട്ടറ’ എന്നീ നാടകങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്. ആന്റണിയെ ശ്രദ്ധേയനാക്കിയ മഹേഷിന്റെ പ്രതികാരം(2016) എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ ‘അമ്മയും തൊമ്മനും’ എന്ന നാടകത്തിലാണ് ഇരുവരും അവസാനമായി വേദി പങ്കിട്ടത്. രണ്ടുപേര്‍ മാത്രമുള്ള നാടകത്തില്‍ ആന്റണി ലീനയുടെ മകനായാണ് അഭിനയിച്ചത്. അമ്പിളി, ലാസര്‍ ഷൈന്‍, നാന്‍സി  എന്നിവരാണ് മക്കള്‍.

ഹൃദയാഗാതം മൂലം ഇന്നലെ രാവിലെ അദ്ദേഹത്തെ പ്രൊവിഡന്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ വൈകിട്ടോടെ ആരോഗ്യ നില വഷളായി. തുടര്‍ന്ന് എറണാകുളത്തുളള ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കെത്തി അല്‍പ്പ സമയത്തിനകം ആന്റണി ജീവിതത്തോട് വിടവാങ്ങുകയായിരുന്നു.

നിശ്ചയ ദാര്‍ഢ്യവും ലക്ഷ്യ ബോധവുമുള്ള നല്ലൊരു കലാകാരനെക്കൂടി മലയാളസിനിമക്ക് നഷ്ടമാകുമ്പോള്‍ സെല്ലുലോയ്ഡ് ഈ ദുഖത്തില്‍ പങ്കു ചേരുന്നു… അതുല്യ പ്രതിഭക്ക് ആദരാഞ്ജലികള്‍…